മുംബൈ: കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ തന്നെ ആശുപത്രിയിൽ എത്തിച്ച ഓട്ടോ ഡ്രൈവർ ഭജൻ സിംഗ് റാണയെ കണ്ട് നടൻ സെയ്ഫ് അലിഖാൻ. ചൊവ്വാഴ്ച ആശുപത്രി വിടുംമുൻപാണ് അദ്ദേഹം റാണയെ കണ്ടത്. റാണയോട് സെയ്ഫ് അലിഖാനും അമ്മ ഷർമിള ടാഗോറും നന്ദി പറഞ്ഞു. മുംബൈ ലീലാവതി ആശുപത്രിയിൽ വെച്ചാണ് സെയ്ഫ് റാണയെ കണ്ടത്. അഞ്ച് മിനിറ്റോളം കൂടിക്കാഴ്ച നീണ്ടു. റാണയെ കെട്ടിപ്പിടിച്ചാണ് സെയ്ഫ് തന്റെ നന്ദി അറിയിച്ചത്. ഇരുവരും ഒരുമിച്ച് ഫോട്ടോയും എടുത്തു.
സെയ്ഫ് അലിഖാനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഭജൻ സിംഗ് റാണ വാർത്ത ഏജൻസിയായ ഐഎഎൻഎസിനോട് കൂടിക്കാഴ്ചയെക്കുറിച്ച് സംസാരിച്ചു. ” അവർ 3. 30 ന് കാണാൻ സമയം നൽകി. ശരി ഞാൻ എത്താമെന്ന് പറഞ്ഞു. ഞാൻ കുറച്ച് വൈകി. 4 – 5 മിനിറ്റ് വൈകി. പിന്നെ ഞങ്ങൾ കണ്ടു. ഞങ്ങൾ അകത്തേക്ക് പോയപ്പോൾ അദ്ദേഹത്തിന്റെ കുടുംബവും അവിടെയുണ്ടായിരുന്നു.
അവരെല്ലാം ആശങ്കാകുലരായിരുന്നു. പക്ഷേ എല്ലാം നന്നായി നടന്നു. അദ്ദേഹത്തിന്റെ അമ്മയും കുട്ടികളുമുണ്ടായിരുന്നു, അവർ നല്ല രീതിയിൽ എന്നോട് പെരുമാറി, ” അദ്ദേഹം പറഞ്ഞു. ക്ഷണിച്ചതിൽ സന്തോഷമുണ്ടെന്നും പ്രത്യേകിച്ചൊന്നും ഇല്ല സാധാരണ കൂടിക്കാഴ്ച ആയിരുന്നുവെന്നും റാണ പറഞ്ഞു. വേഗം സുഖമാകട്ടെ… ഞാൻ താങ്കൾക്കായി പ്രാർത്ഥിച്ചിരുന്നു, പ്രാർത്ഥിക്കും ” റാണ പറഞ്ഞു.
ഓട്ടോയിൽ കറ്റുമ്പോൾ സെയ്ഫ് അലിഖാനാണെന്ന് അറിഞ്ഞിരുന്നില്ലെന്ന് റാണ് നേരത്തെ പറഞ്ഞിരുന്നു. ചോരയിൽ കുളിച്ചായിരുന്നു നടൻ. ” അദ്ദേഹം സെയ്ഫ് അലി ഖാൻ ആണെന്ന് എനിക്കറയില്ലായിരുന്നു. അത് ഒരു അടിയന്തര സാഹചര്യമായിരുന്നു. ” റാണ പറഞ്ഞു.
കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെയാണ് ബാന്ദ്രയിലെ വസതിയിൽ വെച്ച് സെയ്ഫ് അലിഖാന് കുത്തേൽക്കുന്നത്. ആറ് തവണ കുത്തേറ്റിരുന്നു. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഓട്ടോയിലാണ് ആശുപത്രിയിൽ എത്തിച്ചത്. സെയ്ഫിന് ആക്രമിച്ച ബംഗ്ലാദേശ് പൗരൻ ഷരിഫുൾ ഇസ്ലാമിനെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ആറ് കുത്തകളിൽ രണ്ടെണ്ണം ആഴത്തിലുള്ളതായിരുന്നു. അഞ് മണിക്കൂറോളം നീണ്ട ശാസ്ത്രക്രിയയാണ് നടത്തിയത്. ചൊവ്വാഴ്ചയാണ് അദ്ദേഹം ഡിസ്ചാർജ് ആയത്. ആശുപത്രിയിൽ നിന്ന് പോകുന്ന സെയ്ഫ് അലിഖാന്റെ വീഡിയോ പുറത്തുവന്നിരുന്നു.