മലപ്പുറം: ക്രൈസ്തവ പുരോഹിതർക്കൊപ്പം ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി കേക്ക് മുറിച്ച് കഴിച്ചതിനെ തുടർന്ന് ഉയർന്ന വിവാദങ്ങളിൽ പ്രതികരിച്ച് പാണക്കാട് സാദിഖലി തങ്ങൾ. ആരെങ്കിലും ക്ഷണിച്ചാൽ പോകുക. തരുന്നത് ഭക്ഷിക്കുക, കുഴിമന്തി തന്നെ വേണം എന്നുപറയരുതെന്നും സാദിഖലി തങ്ങൾ പറഞ്ഞു.
ആരെയും വെറുപ്പിക്കേണ്ടതില്ലെന്നും ഇതര മതസ്ഥരോട് സാഹോദര്യം കാത്തുസൂക്ഷിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബന്ധങ്ങളുടെ കണ്ണി പൊട്ടാതെ കാത്തുസൂക്ഷിക്കണം. ചുറ്റുമുള്ള ബന്ധങ്ങളെ ശക്തിപ്പെടുത്തേണ്ടതുണ്ട്. കാര്യങ്ങളോട് വിവേകത്തോടെ പ്രതികരിക്കണമെന്നും പക്വതയില്ലാത്ത വാക്കുകൾ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെ കരുതിയിരിക്കണമെന്നും അദ്ദേഹം പറഞ്ഞു
ഒരു വാക്ക് പറയുമ്പോൾ അതുകൊണ്ട് സമൂഹത്തിന് ഗുണം ഉണ്ടാകുമോ എന്ന് ചിന്തിക്കണം. അതല്ലാതെ ചാനലുകൾ ഏറ്റെടുക്കുമോ എന്ന് നോക്കണ്ട കാര്യമില്ലെന്നും ചാനലുകൾക്കും മീഡിയകൾക്കും വേണ്ടി നിങ്ങൾ സംസാരിക്കേണ്ടതില്ലെന്നും സാദിഖ് അലി തങ്ങൾ വ്യക്തമാക്കി
ക്രിസ്മസ് ദിനത്തിൽ പാണക്കാട് തങ്ങൾ കേക്കുമുറിച്ചതിൽ വിമർശനവുമായി കാന്തപുരം വിഭാഗവും ഇ.കെ. സുന്നി വിഭാഗത്തിലെ ലീഗ് വിരുദ്ധരും വിമർശനം ഉന്നയിച്ചിരുന്നു.ഇസ്ലാമികമായി മറ്റ് മതങ്ങളുടെ ആഘോഷങ്ങളിൽ പങ്കെടുക്കുന്നത് ശരിയല്ലെന്നും അപകടം ചെയ്യുമെന്നും എ.പി. സമസ്ത മുശാവറ അംഗം അബ്ദുൾ ജലീൽ സഖാഫി കുറ്റപ്പെടുത്തിയിരുന്നു.