ക്രിക്കറ്റ് കഴിഞ്ഞാല്‍ പിന്നെ സച്ചിൻ ടെന്‍ഡുല്‍ക്കര്‍ സ്നേഹിക്കുന്ന മറ്റൊന്ന് എന്താണെന്ന് ചോദിച്ചാൽ നിസ്സംശയം പറയാനാവും രുചികരമായ ഭക്ഷണം ആണെന്ന്. സ്ട്രീറ്റ്ഫുഡ് പ്രേമത്തെക്കുറിച്ചും വടാപാവിനോടുള്ള ഇഷ്ടവുമൊക്കെ സച്ചിന്‍ പലപ്പോഴും പങ്കുവച്ചിട്ടുണ്ട്. ഇടയ്ക്ക് താരത്തിന്‍റെ പാചക പരീക്ഷണങ്ങളും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. അതോടൊപ്പം മകള്‍ സാറയുടെ പാചക പരീക്ഷണങ്ങളുടെ വിശേഷങ്ങളും താരം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. സാറ ശുപാര്‍ശ ചെയ്ത ലണ്ടനിലെ ഒരു റെസ്റ്റോറന്‍റില്‍ നിന്ന് പാസ്ത കഴിക്കുന്നതിന്‍റെ വീഡിയോയും അടുത്തിടെ സച്ചിന്‍ പങ്കുവച്ചിരുന്നു.
ഇപ്പോഴിതാ ഗോവയില്‍ നിന്നുള്ള പുതിയ വിഭവങ്ങള്‍ പരിചയപ്പെടുത്തുന്ന വീഡിയോ പങ്കുവയ്ക്കുകയാണ് താരം. തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ ആണ് താരം വീഡിയോ പങ്കുവച്ചത്. ഗോവയിലെ ലോക്കല്‍ കഫെയില്‍ നിന്ന് അവിടെ പ്രാദേശികമായി ലഭ്യമായ വിഭവങ്ങളാണ് സച്ചിന്‍ വീഡിയോയില്‍ പരിചയപ്പെടുത്തുന്നത്. തേങ്ങയും മസാലയും പയറും ചേര്‍ത്ത് തയ്യാറാക്കിയ കറിയും ഉരുളക്കിഴങ്ങ് ബാജിയും പൂരിയ്ക്ക് സമാനമായ ഗോവന്‍ ബണ്ണുമാണ് താരം പരിചയപ്പെടുത്തുന്നത്.
മഹാരാഷ്ട്രയില്‍ ലഭ്യമായ ചാവ്‌ലിയ്ക്ക് സമാനമാണ് പയറും മസാലയും ചേര്‍ത്തുള്ള കറിയാണിതെന്നും സച്ചില്‍ വീഡിയോയില്‍ പറയുന്നു. വാഴപ്പഴം ഉപയോഗിച്ചാണ് ബണ്‍ തയ്യാറാക്കുന്നതെന്നും അതീവ രുചികരമാണെന്നും അതിന് ചെറുമധുരമുണ്ടെന്നും സച്ചിന്‍ പറയുന്നു. ഗോവയിലെ പ്രാദേശിക രുചികള്‍ അറിഞ്ഞുകൊണ്ടുള്ള പ്രാതല്‍ താന്‍ ശരിക്കും ആസ്വദിക്കുകയാണെന്നും സച്ചിന്‍ കൂട്ടിച്ചേര്‍ത്തു. ഗോവയില്‍ ഞാന്‍ കണ്ടെത്തിയ ഭക്ഷണശാല നിങ്ങളുടെ വായില്‍ കപ്പലോടിക്കും എന്ന കാപ്ഷനോടെയാണ് സച്ചിന്‍ വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ഒന്നരലക്ഷത്തിൽ അധികം ആളുകള്‍ ആണ് വീഡിയോ ഇതുവരെ കണ്ടത്. 85,000-ല്‍ അധികം പേരാണ് വീഡിയോ ലൈക്ക് ചെയ്തിരിക്കുന്നത്. വീഡിയോയ്ക്ക് താഴെ നിരവധി ഭക്ഷണപ്രേമികള്‍ കമന്‍റുകളുമായി രംഗത്തെത്തുകയും ചെയ്തു.
https://www.instagram.com/reel/CkiZ5sRAaeb/?utm_source=ig_web_copy_link