കൊച്ചി: താനും പ്രയാഗയും സുഹൃത്തുക്കളാണെന്നും ലീഗൽ ടീമിന്റെ ഭാഗമായാണ് പൊലീസ് സ്റ്റേഷനിൽ പോയതെന്നും നടൻ സാബു മോൻ. താനും പ്രയാഗയും സുഹൃത്തുക്കളാണ്. ലഹരി മരുന്നുമായി ബന്ധപ്പെട്ട് പേര് വരുമ്പോൾ ഇതിൽ ചെന്ന് ഇടപെടാൻ ആളുകൾക്ക് ഭയമാണ്. ഒരു സുഹൃത്ത് അത്തരമൊരു ഘട്ടത്തെ അഭിമുഖീകരിക്കുമ്പോൾ നമ്മൾ മാറി നിൽക്കണോ ഇമേജിനെപ്പറ്റി ചിന്തിക്കണോ ഒപ്പം നിൽക്കണമോയെന്നൊക്കെ ആലോചിക്കണമെന്നും സാബു മോൻ പറഞ്ഞു.
‘‘കുറേ പേർ ഫോൺ വിളിച്ചിട്ട് എടുക്കാതെ ആയെന്ന് പ്രയാഗ തന്നെ പറയുന്നുണ്ടായിരുന്നു. കോൾ ട്രെയ്സ് ചെയ്യുമോയെന്ന ഭയമായിരുന്നു അവർക്കെല്ലാം. നിയമവശങ്ങൾ പരിശോധിക്കാൻ ഒരാൾ വേണമായിരുന്നു. ഞാൻ ചെല്ലാതിരിക്കുന്നത് ശരിയായ കാര്യമല്ലായിരുന്നു. ഞാൻ ധൈര്യപൂർവം ചെന്നുനിന്നു. ഓൺലൈനിലൊക്കെ വലിയ ആരോപണങ്ങളായി വരാം.
ഞാൻ അഭിഭാഷകനാണെന്ന് അധികമാർക്കും അറിയില്ല. അവിടെ പോയതിൽ തെറ്റ് കാണുന്നില്ല. വീട്ടുകാരും സുഹൃത്തുക്കളുമൊക്കെ അവിടെ പോകണമായിരുന്നോ എന്ന് ചോദിച്ചു കൊണ്ടിരിക്കുന്ന ചോദ്യമാണ്. അതും വേട്ടയ്യന്റെ റിലീസിന്റെ അന്നാണ് ഞാൻ പോയത്’’ – സാബു മോൻ പറഞ്ഞു.
മുഖം മറച്ച് ഓടി രക്ഷപ്പെടേണ്ട ആവശ്യമില്ലെന്ന് താനാണ് പ്രയാഗയോട് പറഞ്ഞത്. തെറ്റ് ചെയ്യാതിരിക്കുന്നിടത്തോളം കാലം മാധ്യമങ്ങൾക്ക് മുന്നിൽ ധൈര്യത്തോടെ നമുക്ക് തല ഉയർത്തി ഉത്തരം പറയാം. മാധ്യമങ്ങളോട് പറയുന്നത് സമൂഹത്തോട് പറയുന്നതിനു തുല്യമാണ്. മാധ്യമങ്ങളുടെ ചോദ്യങ്ങളിൽ നിന്നും ഓടേണ്ട ആവശ്യമില്ലെന്നും താനാണ് പ്രയാഗയോട് പറഞ്ഞതെന്നും സാബു മോൻ പറഞ്ഞു. ലഹരിക്കേസിൽ ഇടപെട്ടെന്ന പേരിൽ ഉണ്ടാകുന്ന ആരോപണങ്ങളിൽ ഭയമില്ല. സുഹൃത്തുക്കളെ സഹായിക്കുന്നതിൽ തെറ്റില്ലെന്നും സാബുമോൻ പറഞ്ഞു.