പത്തനംതിട്ട: ഞായറാഴ്ച നടക്കാനിരിക്കുന്ന നിറപുത്തരിപൂജകള്‍ക്കായി നാളെ ശബരിമല ശ്രീധര്‍മ്മശാസ്താ ക്ഷേത്രനട തുറക്കും. വൈകുന്നേരം 5 മണിക്കാണ് ക്ഷേത്രനട തുറക്കുന്നത് .ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ക്ഷേത്രമേല്‍ശാന്തി എ.കെ.സുധീര്‍ നമ്ബൂതിരി ക്ഷേത്രശ്രീകോവില്‍ നടതുറന്ന് ദീപങ്ങള്‍ തെളിക്കും.
നട തുറക്കുന്ന ദിവസം പ്രത്യേക പൂജകള്‍ ഒന്നുംതന്നെ ഉണ്ടാവില്ല.നിറപ്പുത്തരിപൂജക്കായി ക്ഷേത്രനട 9 ന് പുലര്‍ച്ചെ 4 മണിക്ക് തുറക്കും.തുടര്‍ന്ന് നിര്‍മ്മാല്യദര്‍ശനവും അഭിഷേകവും നടക്കും.അതിനുശേഷം മഹാഗണപതിഹോമം. ശേഷം മണ്ഡപത്തില്‍ പൂജചെയ്ത് വച്ചിരിക്കുന്ന നെല്‍കതിരുകള്‍ ശ്രീകോവിലിനുള്ളിലേക്ക് പൂജയ്ക്കായി എടുക്കും.5.50നും 6.20 നും മദ്ധ്യേയുള്ള മുഹൂര്‍ത്തത്തില്‍ നിറപുത്തരിപൂജ നടക്കും.തുടര്‍ന്ന് തന്ത്രി കണ്ഠരര് മഹേഷ് മോഹനര് ശ്രീകോവിലില്‍ പൂജിച്ച നെല്‍കതിരുകള്‍ വിതരണം ചെയ്യും.
ശേഷം 7.30 ന് ഉഷപൂജ.9.30 ന് ഉച്ചപൂജ കഴിഞ്ഞ് 10മണിക്ക് നട അടയ്ക്കും.വൈകുന്നേരം 5മണിക്കാണ് വീണ്ടും നട തുറക്കുക.6.30 ന് ദീപാരാധന.7.20 ന് അത്താഴപൂജ.7.30 ന് ഹരിവരാസനം സങ്കീര്‍ത്തനം പാടി ശ്രീകോവില്‍ നടഅടയ്ക്കും.
അതേസമയം , ചിങ്ങമാസ പൂജകള്‍ക്കായി ശബരിമല നട തുറക്കുന്നത് ആഗസ്റ്റ് 16 ന് വൈകുന്നേരം ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് .17 ന് ആണ് ചിങ്ങം ഒന്ന്.ധാരണ പ്രകാരം അന്നുമുതല്‍ അടുത്ത ഒരുവര്‍ഷത്തേക്കുള്ള താന്ത്രിക ചുമതല മുതിര്‍ന്ന തന്ത്രി കണ്ഠരര് രാജീവരര്‍ക്കാണ്. ഇക്കുറി നിറപുത്തരിപൂജ ചടങ്ങുകള്‍ മാത്രമായിട്ടാണ് നടത്തുന്നത്. ശബരിമലയില്‍ കൃഷിചെയ്ത കരനെല്‍ കതിരുകളും ദേവസ്വംബോര്‍ഡ് മറ്റിടങ്ങളില്‍ നിന്ന് എത്തിക്കുന്ന നെല്‍കതിരുകളും കലിയുഗവരദന് പൂജയ്ക്കായി സമര്‍പ്പിക്കും.