ശബരിമല: സുപ്രീംകോടതിയുടെ സ്ത്രീപ്രവേശന വിധിയേത്തുടര്‍ന്നുണ്ടായ നിയന്ത്രണങ്ങള്‍ പിന്‍വലച്ചതോടെ ഭക്തജനത്തിരക്ക് വര്‍ദ്ധിച്ചതിന്റെ പ്രതിഫലനങ്ങള്‍ ക്ഷേത്രവരുമാനത്തിലും.മണ്ഡലമോഹോത്സവത്തിന് നടതുറന്ന്
മൂന്നു ദിനം പിന്നിടുമ്പോള്‍ മൊത്ത വരുമാനം 3.32 കോടി രൂപയായി. 2017 നെ അപേക്ഷിച്ച് വിവിധ ഇനങ്ങളിലാണ് ഈ വര്‍ധനയെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍.വാസു അറിയിച്ചു.ഒരു ദിവസം 1.28 കോടി രൂപയുടെ വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്. ഇത് അമ്പതു ശതമാനത്തിലധികമാണ്.
നടവരവ് ഇതുവരെ 1,00,10900 രൂപ ലഭിച്ചു. 2017നേക്കാള്‍ 25 ലക്ഷം രൂപ അധികം. അപ്പം 13,98110 രൂപ, അരവണ 1,19,50,050 രൂപ, എന്നിങ്ങനെയാണ് മറ്റ് പ്രധാന വരുമാനം. കഴിഞ്ഞ വര്‍ഷം മണ്ഡല ഉത്സവത്തിനു നട തുറന്ന് ഇത്രയും ദിനങ്ങള്‍ പിന്നിട്ടപ്പോള്‍ ലഭിച്ചത് 2.42 കോടി രൂപയായിരുന്നു. വളരെ സുഗമമായാണ് തീര്‍ഥാടനം മുന്നോട്ട് പോകുന്നത്. ഭക്തര്‍ അയ്യപ്പദര്‍ശനത്തിനു ശേഷം സംതൃപ്തിയോടെയും സന്തോഷത്തോടെയുമാണ് മടങ്ങുന്നത്.
40000 പേര്‍ക്ക് വരെ അന്നദാനത്തിനുള്ള സൗകര്യം ഇപ്പോഴുണ്ട്.
അപ്പം, അരവണ എന്നിവയും ആവശ്യത്തിന് സ്റ്റോക്ക് ഉണ്ട്. മഹാരാഷ്ട്രയില്‍ തുടര്‍ച്ചയായി പെയ്ത മഴ മൂലം ശര്‍ക്കര കൃത്യസമയത്ത് എത്തിക്കാന്‍ അവിടെ നിന്ന് കരാറെടുത്ത സ്ഥാപനത്തിന് കഴിഞ്ഞില്ല . ഇക്കാര്യം അവര്‍ അറിയിച്ചിരുന്നു. ഈ സാഹചര്യത്തില്‍ നാട്ടില്‍ നിന്ന് തന്നെ ശര്‍ക്കരയെടുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കുടിവെള്ളം ഉള്‍പ്പടെ അടിസ്ഥാന ആവശ്യങ്ങളെല്ലാം പൂര്‍ണ തോതില്‍ സജ്ജീകരിച്ചിട്ടുണ്ടെന്നും പ്രസിഡന്റ് അറിയിച്ചു.