ചെന്നൈ: മലയാളി ക്രിക്കറ്റര്‍ സഞ്ജു സാംസണെ ഇന്ത്യന്‍ ഏകദിന ടീമിലേക്ക് തിരിച്ചുവിളിക്കണമെന്ന ആവശ്യം വീണ്ടും ശക്തമായിരിക്കുകയാണ്. ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ സൂര്യകുമാര്‍ യാദവ് മൂന്ന് മത്സരങ്ങളിലും ഗോള്‍ഡന്‍ ഡക്കായി പുറത്തായി നാണക്കേടിന്‍റെ റെക്കോര്‍ഡ് ഇട്ടതോടെയാണ് സഞ്ജുവിന്‍റെ പേര് വീണ്ടും ചര്‍ച്ചകളില്‍ നിറയുന്നത്. സഞ്ജുവിന് അവസരം നല്‍കണമെന്ന് എക്കാലവും വാദിച്ചിട്ടുള്ള ശശി തരൂര്‍ എംപി ഒരിക്കല്‍ക്കൂടി അദേഹത്തിന് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ്.
‘തുടര്‍ച്ചയായി മൂന്ന് ഗോള്‍ഡന്‍ ഡക്കുമായി സൂര്യകുമാര്‍ യാദവ് അനാവശ്യമായ ലോക റെക്കോര്‍ഡ് ഇട്ടിരിക്കുകയാണ്. സുപരിചിതമല്ലാത്ത ആറാം നമ്പറിലടക്കം ബാറ്റ് ചെയ്ത് ഏകദിനത്തില്‍ 66 ശരാശരിയുള്ള സഞ്ജു സാംസണ്‍ ടീമിലില്ലാത്തത് എന്തുകൊണ്ടെന്ന് ചോദിക്കുന്നതില്‍ പ്രശ്‌നമുണ്ടോ? ഇന്ത്യന്‍ സ്‌ക്വാഡിലെത്താന്‍ സഞ്ജു ഇനിയും എന്താണ് ചെയ്യേണ്ടത്?’ എന്ന ചോദ്യത്തോടെയാണ് തരൂരിന്‍റെ ഫേസ്‌ബുക്ക് പോസ്റ്റ്. ടീം ഇന്ത്യക്കായി 11 ഏകദിനങ്ങള്‍ കളിച്ചിട്ടുള്ള സഞ്ജു സാംസണ്‍ 66 ശരാശരിയിലും 104.76 സ്‌ട്രൈക്ക് റേറ്റിലും 330 റണ്‍സ് നേടിയിട്ടുണ്ട്. 17 രാജ്യാന്തര ടി20കളില്‍ 301 റണ്‍സും സഞ്ജുവിനുണ്ട്.
ഓസ്‌ട്രേലിയക്കെതിരെ മുംബൈയില്‍ നടന്ന ആദ്യ ഏകദിനത്തിലും വിശാഖപട്ടണത്ത് നടന്ന രണ്ടാം മത്സരത്തിലും മിച്ചല്‍ സ്റ്റാര്‍ക്കിനെതിരെ നേരിട്ട ആദ്യ പന്തില്‍ എല്‍ബിയിലൂടെ സൂര്യകുമാര്‍ യാദവ് പുറത്താവുകയായിരുന്നു. പരമ്പരയില്‍ ചെന്നൈയിലെ മൂന്നാമത്തെയും അവസാനത്തേയും ഏകദിനത്തില്‍ സ്‌പിന്നര്‍ അഷ്‌ടണ്‍ അഗര്‍ ആദ്യ പന്തില്‍ തന്നെ സൂര്യയുടെ കുറ്റി തെറിപ്പിച്ചു.
ഇതോടെ തുടര്‍ച്ചയായി മൂന്ന് മത്സരങ്ങളില്‍ ഗോള്‍ഡന്‍ ഡക്കായ താരമെന്ന നാണക്കേട് സ്കൈക്ക് സ്വന്തമായി. ചെന്നൈ ഏകദിനത്തില്‍ 21 റണ്‍സിന് തോറ്റ ഇന്ത്യ പരമ്പര 1-2ന് കൈവിടുകയും ചെയ്തു. ഇതോടെയാണ് സൂര്യയെ മാറ്റി സഞ്ജുവിനെ ഏകദിന ടീമില്‍ ഉള്‍പ്പെടുത്തണം എന്ന ആവശ്യം വീണ്ടും ശക്തമായത്.