ബലാറസ്: റഷ്യയും യുക്രൈനും തമ്മിലുള്ള നിര്‍ണായക ചര്‍ച്ച പുരോഗമിക്കുന്നു. ബലാറസില്‍ വച്ചാണ് ചര്‍ച്ച നടക്കുന്നത്. അടിയന്തര വെടിനിര്‍ത്തലാണ് ചര്‍ച്ചയിലെ പ്രധാന അജണ്ടയെന്ന് യുക്രൈന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ സെലന്‍സ്‌കി പറഞ്ഞു. റഷ്യന്‍ സേന പൂര്‍ണമായും പിന്‍വാങ്ങുക, അടിയന്തര വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുക എന്നീ ആവശ്യങ്ങളാണ് സെലന്‍സ്‌കി മുന്നോട്ടുവച്ചത്.
എന്നാല്‍, നാറ്റോയില്‍ യുക്രൈന്‍ അംഗമാവരുതെന്നതാണ് റഷ്യയുടെ ആവശ്യം. ചര്‍ച്ചകള്‍ക്കായി യുക്രൈന്‍ പ്രതിനിധി സംഘം ബലാറസിലെത്തിയിരുന്നു. സംഘത്തില്‍ സെലന്‍സ്‌കിയുടെ ഉപദേഷ്ടാവുമുണ്ട്. ആറംഗ സംഘത്തെ പ്രതിരോധ മന്ത്രി റെസ്‌നികോവാണ് നയിച്ചത്.
ബെലാറസില്‍ വച്ച് ചര്‍ച്ചയ്ക്ക് തയാറല്ലെന്നായിരുന്നു യുക്രൈന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലന്‍സ്‌കി നേരത്തെ പറഞ്ഞിരുന്നത്. വായ്സോ, ഇസ്താംബുള്‍,എന്നിവിടങ്ങളില്‍ എവിടെയും ചര്‍ച്ചയ്ക്ക് തയാറാണ് എന്നാല്‍ ബലാറസില്‍ വച്ചുള്ള ചര്‍ച്ചയ്ക്ക് തയാറല്ലെന്നുമാണ് യുക്രൈന്‍ അറിയിച്ചിരുന്നത്. ആക്രമണം നിര്‍ത്തുകയാണ് റഷ്യ ആദ്യം ചെയ്യേണ്ടതെന്നും ബെലാറസില്‍ നിന്ന് ആക്രമണം നടത്തുമ്പോള്‍ ചര്‍ച്ച സാധ്യമല്ലെന്നും സെലന്‍സ്‌കി പ്രതികരിച്ചിരുന്നു.
റഷ്യ ആക്രമണം നടത്തുന്ന ബെലാറസില്‍ നിന്നാണ്. അവിടെ വെച്ച് ചര്‍ച്ച നടത്താന്‍ കഴിയില്ല. ഇതിന് പകരമായി വാഴ്സോ, ഇസ്താംബുള്‍ തുടങ്ങിയ അഞ്ച് നഗരങ്ങളില്‍ ഒന്നില്‍വെച്ചാകാമെന്നാണ് സെലന്‍സ്‌കി വ്യക്തമാക്കി. കഴിഞ്ഞ രാത്രിയില്‍ റഷ്യ നടത്തിയത് ശക്തമായ ആക്രമണമാണെന്നും സെലന്‍സ്‌കി പറഞ്ഞു.
യുക്രൈന്‍ ജനവാസമേഖലകള്‍ക്ക് നേരെ ആക്രമണം ഉണ്ടാകില്ലെന്നായിരുന്നു ആദ്യം പറഞ്ഞതെങ്കിലും തലസ്ഥാനമായ കീവില്‍ ഉള്‍പ്പെടെ ജനവാസമേഖലയിലേക്ക് ആക്രമണം നടന്നിരുന്നു. സാധാരണ പൗരന്‍മാരും കൊല്ലപ്പെട്ടുവെന്ന് യുക്രൈന്‍ ഔദ്യോഗികമായി സ്ഥിരീകരിക്കുകയും ചെയ്തു. കീവിന് പുറമേ രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ ഖാര്‍കിവിലും റഷ്യന്‍ സേനയുടെ ആക്രമണം നടക്കുന്നുണ്ട്. പൂര്‍ണമായ കണക്കുകള്‍ പുറത്തുവരുമ്പോള്‍ മരണസംഖ്യ ഉയര്‍ന്നേക്കാമെന്നാണ് ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ട്.
കീവില്‍ കര്‍ഫ്യുവില്‍ ഇളവ് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. കടകള്‍ തുറക്കാനും പൊതുഗതാഗതം തുടങ്ങാനും അനുമതി നല്‍കി. കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ സംബന്ധിച്ച് ആശ്വാസ വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്. ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അതിര്‍ത്തികളിലേക്ക് പോകാന്‍ പ്രത്യേക ട്രെയിന്‍ സര്‍വീസ് നടത്തും. വിദ്യാര്‍ത്ഥികള്‍ ട്രെയിനുകളില്‍ പടിഞ്ഞാറന്‍ മേഖലയിലേക്ക് നീങ്ങാന്‍ എംബസി നിര്‍ദേശം നല്‍കി.