കടന്നുകയറി റഷ്യ; ഖാര്‍ക്കീവിലും സുമിയിലും വന്‍ സേനാ വിന്യാസം; കീവില്‍ വ്യോമാക്രമണ മുന്നറിയിപ്പ്
കീവ്: യുക്രൈനെതിരായ ആക്രമണം രൂക്ഷമാക്കി റഷ്യ. യുക്രൈനിലെ രണ്ട് നഗരങ്ങള്‍ പിടിച്ചെടുത്തതായി റഷ്യയുടെ അവകാശവാദം. ഖാര്‍ക്കീവിലേക്ക് റഷ്യന്‍ സേന പ്രവേശിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. റഷ്യന്‍ സേന പ്രവേശിച്ചതായി ഖാര്‍ക്കീവിലെ പ്രാദേശിക ഭരണകൂടം സ്ഥിരീകരിച്ചിട്ടുണ്ട്.
ഖാര്‍ക്കീവിന് പിന്നാലെ സുമിയിലും റഷ്യന്‍ സേന എത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. സുമിയില്‍ വലിയ തോതിലുള്ള സേനാ വാഹനങ്ങളെ റഷ്യ വിന്യസിച്ചതായും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. ഒഡേസയില്‍ ഡ്രോണ്‍ ആക്രമണം നടന്നതായും വാര്‍ത്തകളുണ്ട്.കീവില്‍ വ്യോമാക്രമണ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. പുറത്തിറങ്ങരുതെന്ന് ജനങ്ങള്‍ക്ക് നിര്‍ദ്ദേശമുണ്ട്.
ബങ്കറിലുള്ളവര്‍ അവിടെ തന്നെ തുടരണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. റഷ്യന്‍ സേനയ്‌ക്കെതിരെ ശക്തമായി തിരിച്ചടിക്കുമെന്ന് യുക്രൈന്‍ വ്യക്തമാക്കി.റഷ്യയുടെ മിസൈല്‍ ആക്രമണത്തില്‍ യുക്രൈനിലെ ഖാര്‍ക്കീവിലുള്ള വാതക പൈപ്പ് ലൈന്‍ തകര്‍ന്നു. രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ ഖാര്‍ക്കീവിലെ വാതക പൈപ്പ് ലൈനിന് നേരെ ഞായറാഴ്ച രാവിലെയായിരുന്നു അക്രമണമെന്ന് യുക്രൈന്‍ പ്രസിഡന്റിന്റെ ഓഫീസ് അറിയിച്ചു.
പൊട്ടിത്തെറിക്ക് പിന്നാലെ പ്രദേശത്താകെ ഉയര്‍ന്ന പുക പരിസ്ഥിതി ദുരന്തത്തിന് കാരണമായേക്കാമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.പുക സമീപ പ്രദേശങ്ങളിലേക്ക് വ്യാപിച്ചേക്കാമെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. ഖാര്‍ക്കീവിന് സമീപമുള്ള താമസക്കാര്‍ നനഞ്ഞ തുണിയും മറ്റും ഉപയോഗിച്ച് ജനാലുകള്‍ മറയ്ക്കണമെന്നും ധാരാളമായി വെള്ളം കുടിക്കണമെന്നും സ്പെഷ്യല്‍ കമ്മ്യൂണിക്കേഷന്‍ ഇന്‍ഫര്‍മേഷന്‍ പ്രൊട്ടക്ഷന്‍ വിഭാഗം നിര്‍ദേശിച്ചു.
ഖാര്‍ക്കീവില്‍ റഷ്യയുടെ ഷെല്ലാക്രമണവും രൂക്ഷമാണ്. മിസൈല്‍ പതിച്ച് വസില്‍കീവിലെ ഇന്ധന സംഭരണ ശാലയ്ക്കും തീപിടിച്ചു. അക്രമണത്തിന് പിന്നാലെ ഇന്ധന സംഭരണ ശാല വലിയ തീഗോളമായി മാറുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്. ആണവമാലിന്യ സംസ്‌കരണ കേന്ദ്രത്തിലും വെടിവെപ്പുണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്.