KeralaNews

ഉക്രൈന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കേരളത്തിലൊരു കഫേ; മെനുവില്‍ നിന്ന് റഷ്യന്‍ സാലഡ് ഔട്ട്

കൊച്ചി: ഉക്രൈന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പല വിദേശ കമ്പനികളും റഷ്യയിലെ അവരുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്ന വാര്‍ത്ത ലോകത്തിന്റെ പല കോണില്‍ നിന്നുമെത്തുന്നുണ്ട്. പല രാജ്യങ്ങളും പല സ്ഥാപനങ്ങളും റഷ്യയ്ക്കെതിരെ ഉപരോധമേര്‍പ്പെടുത്തിയപ്പോള്‍ പ്രതിഷേധിക്കാനായി കേരളത്തിലെ ഒരു കഫേ തിരഞ്ഞെടുത്ത രീതിയാണിപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. തങ്ങളുടെ മെനുവില്‍ നിന്ന് റഷ്യന്‍ സാലഡ് നീക്കം ചെയ്താണ് ഇവര്‍ പ്രതിഷേധം രേഖപ്പെടുത്തിയത്.

കൊച്ചിയിലെ കാശി ആര്‍ട്ട് കഫേയിലാണ് ഈ വേറിട്ട പ്രതിഷേധം. ‘ഉക്രൈനിലെ ജനങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഞങ്ങളുടെ മെനുവില്‍ നിന്ന് റഷ്യന്‍ സാലഡ് നീക്കം ചെയ്തു’ എന്ന് കഫേയ്ക്ക് പുറത്ത് വച്ചിരിക്കുന്ന ബോര്‍ഡില്‍ എഴുതിയിട്ടുമുണ്ട്. ഉക്രൈനില്‍ റഷ്യ നടത്തുന്ന അതിക്രമങ്ങള്‍ക്കെതിരെ പ്രതിഷേധം രേഖപ്പെടുത്താനാണ് ഇങ്ങനെയൊരു വഴി തിരഞ്ഞെടുത്തതെന്നാണ് കഫേ ഉടമ അറിയിച്ചിരിക്കുന്നത്.

സംഭവം വൈറലായതോടെ തങ്ങള്‍ യാതൊരു വിധത്തിലുള്ള പ്രശസ്തിയും ഉദ്ദേശിച്ചല്ല ചെയ്തതെന്നും യുദ്ധം അവസാനിപ്പിക്കുക എന്ന സന്ദേശം എല്ലാവരിലുമെത്തിക്കുക എന്നത് മാത്രമാണ് ഉദ്ദേശമെന്നും ഇദ്ദേഹം പ്രതികരിച്ചു. കഫേയുടെ നടപടിയെ അനുകൂലിച്ചും പ്രതികൂലിച്ചും സമൂഹമാധ്യമങ്ങളില്‍ ആളുകള്‍ പ്രതികരണമറിയിക്കുന്നുണ്ട്.

നേരത്തേ ഉക്രൈനിലെ റഷ്യന്‍ അധിനിവേശത്തെ തുടര്‍ന്ന് യൂറോപ്പിലെയും യുഎസിലെയും പല സൂപ്പര്‍മാര്‍ക്കറ്റുകളും റഷ്യന്‍ ഭക്ഷണപാനീയങ്ങള്‍ ഉപേക്ഷിച്ചിരുന്നു. യുഎസിലെ പല ബാറുകളും റഷ്യന്‍ വോഡ്ക നീക്കം ചെയ്യുകയും പകരം ഉക്രെയ്ന്‍ ബ്രാന്‍ഡുകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button