സോലിഡാർ നഗരം കീഴടക്കിയെന്ന് റഷ്യ; അവകാശവാദം തള്ളി യുക്രൈന്‍
കീവ് :യുക്രെയ്നിലെ സോലിഡാര്‍ നഗരം കീഴടക്കിയെന്ന് റഷ്യ. കിഴക്കന്‍ യുക്രെയ്നിലെ തന്ത്രപ്രധാന നഗരമായ ബാഹ്മുത്തിലേക്കുള്ള മുന്നേറ്റം ഇതോടെ എളുപ്പമാവും. സമീപകാലത്ത് യുക്രെയ്നില്‍ തുടര്‍ച്ചയായി തിരച്ചടികള്‍ നേരിട്ട റഷ്യയ്ക്ക് ആശ്വാസമാണ് സോലിഡാറിലെ ജയം. ഡോണ്‍ബാസ് മേഖലയുടെ മധ്യത്തില്‍ സ്ഥിതിചെയ്യുന്ന, ഉപ്പുപാടങ്ങള്‍ ഏറെയുള്ള ചെറു നഗരമാണ് സോലിഡാര്‍.
യുദ്ധം തുടങ്ങുന്നതിന് മുന്‍പ് 10,000 മാത്രമായിരുന്നു ഇവിടുത്തെ ജനസംഖ്യ. സോലിഡാര്‍ നഗരം കീഴടക്കിയത് നിര്‍ണായകമല്ലെങ്കിലും തൊട്ടടുത്തുള്ള തന്ത്രപ്രധാന നഗരമായ ബാഹ്മുത്തിലേക്കുള്ള മുന്നേറ്റം എളുപ്പമാകുമെന്നതാണ് റഷ്യയുടെ ആശ്വാസം. റഷ്യ– യുക്രെയ്ന്‍ സൈന്യങ്ങള്‍ തമ്മില്‍ ദിവസങ്ങളായി ബാഹ്മുത്തില്‍ കനത്ത പോരാട്ടമാണ്.
കഴിഞ്ഞ ജൂലൈയ്ക്കുശേഷം തുടര്‍ച്ചയായി തിരിച്ചടികള്‍ നേരിട്ട റഷ്യയ്ക്ക് ആശ്വാസം നല്‍കുന്നതാണ് സോലിഡാറിലെ മുന്നേറ്റം. റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമര്‍ പുട്ടിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള സ്വകാര്യ പാരാമിലിട്ടറി സംഘമായ വാഗ്ണര്‍ ഗ്രൂപ്പാണ് സോലിഡാര്‍ പിടിച്ചെടുത്തത്. റഷ്യയുടെ അവകാശവാദം യുക്രെയ്ന്‍ നിഷേധിച്ചു. സൈനികര്‍ ഇപ്പോഴും സോലിഡാറില്‍ തുടരുന്നുണ്ടെന്നു യുക്രെയ്ന്‍ അവകാശപ്പെട്ടു.