KeralaNews

‘യദുവിന് ഓർമ്മയില്ലെങ്കിലും തനിയ്ക്ക് മറക്കാനാവില്ല’അത്രയും മോശമായാണ്‌ സംസാരിച്ചത്;തെളിവുമായി ഡ്രൈവറെ പൊളിച്ചടുക്കി റോഷ്‌ന ആന്‍ റോയ്‌

കൊച്ചി:കെഎസ്‌ആർടിസി ഡ്രൈവർ യദുവിനെതിരെ കൂടുതൽ പ്രതികരണവുമായി നടി റോഷ്‌ന ആൻ റോയ്. ഒരുവർഷം മുൻപ് നടന്ന സംഭവം യദുവിന് ഓർമ്മയില്ലെങ്കിലും തനിക്ക് ഓർമ്മയുണ്ടെന്നും അത്രയും മോശമായാണ് തന്നോട് സംസാരിച്ചതെന്നും നടി ഒരു മാദ്ധ്യമത്തോട് വ്യക്തമാക്കി.

‘സംഭവദിവസം മലപ്പുറത്തുനിന്ന് എറണാകുളത്തേയ്ക്ക് യാത്ര ചെയ്യുകയായിരുന്നു ഞാൻ. തൃശൂരിനെപ്പറ്റി വലിയ ധാരണയില്ല. കൃത്യം ഈ പഞ്ചായത്ത് എന്ന് പറയാൻ ആ സ്ഥലത്തെപ്പറ്റി വലിയ അറിവില്ല. കുന്നംകുളം എന്നായിരുന്നു ഞാൻ പോസ്റ്റിൽ പറഞ്ഞത്.

എന്നാൽ ഞാൻ കഴിഞ്ഞദിവസം പങ്കുവച്ച പോസ്റ്റിനൊപ്പം കൊടുത്തിരുന്ന ചിത്രത്തിൽ ഒരു സ്ഥലത്തിന്റെ ബോർ‌ഡ് കാണാം. ഒരു കടയുടെ ബോർഡ് ആണത്. അതിൽ മുതുവറ എന്ന സ്ഥലം നൽകിയിട്ടുണ്ട്. അവിടെയാണ് എംവിഡി ഉണ്ടായിരുന്നത്. അവിടെവച്ചാണ് എംവിഡിയോട് കാര്യങ്ങൾ വിശദീകരിച്ചത്. ജൂൺ 19ന് ഉച്ചയ്ക്കാണ് സംഭവം നടന്നത്.

പ്രദേശത്ത് അറ്റകുറ്റപ്പണികൾ നടക്കുകയായിരുന്നു. രണ്ടുവണ്ടികൾക്ക് കഷ്ടിച്ച് പോകാനുള്ള സ്ഥലം മാത്രമാണ് അവിടെയുണ്ടായിരുന്നത്. വളരെ സ്‌പീഡിലാണ് യദു അന്ന് ബസ് ഓടിച്ചിരുന്നത്. ബസ് കുറേ ഹോൺ അടിക്കുകയും ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ടായിരുന്നു.

പണി നടക്കുന്നതിനാൽ പതിയെ പോകണമെന്ന് അവിടെ വ്യക്തമായി എഴുതിവച്ചിട്ടും ഉണ്ടായിരുന്നു. ആംബുലൻസ് പോകുന്നതുപോലെയായിരുന്നു യദു ബസ് ഓടിച്ചത്’- റോഷ്‌ന വ്യക്തമാക്കി. അതേസമയം, നടിയുമായി തർക്കം നടന്നതായി ഓർമ്മയില്ലെന്നും അങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്നുമാണ് ഡ്രൈവർ യദു പ്രതികരിച്ചത്.

റോഷ്നയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു: 

‘‘ഇവിടെ രാഷ്ട്രീയം ചർച്ച ആക്കാനോ. അല്ലെങ്കിൽ ഒരു ഭാഗം ന്യായീകരിക്കാനോ ഞാൻ  നിൽക്കുന്നില്ല. പക്ഷേ, കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ. അതുപോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന്  കിട്ടിയിട്ടുള്ളത്. എന്റെ മുഖത്ത് നോക്കി താങ്കൾ പറഞ്ഞ മോശം വാക്കുകൾക്ക്. ഒരു വണ്ടി ആൾക്കാർ ആണ് സാക്ഷി. കൂടെ സ്ഥലം എംവിഡി യും. ബഹുമാനപ്പെട്ട ഗതാഗത വകുപ്പ് അധികൃതർ അറിയാൻ വേണ്ടി തന്നെയാണ് ഞാൻ ഈ പോസ്റ്റ് ഇടുന്നതും. 

ഈ ഒരു വിഷയം ചർച്ചയാകുമ്പോഴാണ് ഈ ഫോട്ടോയിലുള്ള വ്യക്തിയെ ശ്രദ്ധിക്കുന്നത്. മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവർ യദുവുമായിട്ടുള്ള പ്രശ്നങ്ങൾ ഇപ്പോൾ എല്ലാവരും വിഡിയോയിൽ കണ്ടിട്ടുമുണ്ടാകും. എനിക്കും പറയാനുണ്ട് ചില കാര്യങ്ങൾ. മലപ്പുറത്തു നിന്ന് എറണാകുളത്തേക്ക്  ഡ്രൈവ് ചെയ്തു പോകുകയായിരുന്ന ഞാനും എന്റെ സഹോദരനും. കുന്ദംകുളം റൂട്ടിൽ അറ്റകുറ്റപ്പണികളിൽ ആയിരുന്നതിനു കൊണ്ട്  ഒരു വണ്ടിക്ക് ജസ്റ്റ് പോകാനുള്ള വഴിയേ ഉണ്ടായിരുന്നുള്ളൂ. സ്ലോ മൂവിങ് ആയിരുന്നു . ഇതേ കെഎസ്ആർടിസി ബസ് വളരെ വേഗത്തിൽ പല വണ്ടികളെയും മറികടന്ന് എത്തുകയും എന്റെ വണ്ടിക്ക് പുറകിൽ കിടന്ന് ഹോൺ മുഴക്കിക്കൊണ്ടിരിക്കുകയും ചെയ്തു. പോകാൻ സൈഡ് കൊടുക്കാൻ പോലും സൈഡ് ഉണ്ടായിരുന്നില്ല. എന്നിട്ടും ഇയാൾ  ഇടിച്ചു ഇടിച്ചില്ല എന്ന മട്ടിൽ വണ്ടി എടുത്തു മുന്നോട്ടു പോയി. ഞാൻ വണ്ടി നിർത്തി സൈഡ് ആക്കിയെങ്കിലും സ്ലോ മൂവിങ് ആയ സ്ഥലം ആയതുകൊണ്ട് വീണ്ടും ഈ കെഎസ്ആർടിസിക്ക് പുറകിൽ തന്നെ എത്തി. 

ഒരു രീതിയിലും സൈഡ് ഇല്ലാത്ത ഏരിയ. അപകട മേഖല പതുക്കെ പോകുക എന്ന മുന്നറിയിപ്പു ബോർഡുകൾ എല്ലാമുണ്ടായിട്ടും ഇങ്ങനെ തന്നെ ആണ് കെഎസ്ആർടിസി ബസുകാർ. ഞാനും വാശി ആയി. അദ്ദേഹം എന്റെ പുറകിൽ കിടന്നു ഹോൺ മുഴക്കിയ പോലെ ഞാനും നല്ല രീതിയിൽ ഹോൺ അടിച്ചു. വളരെ വേഗത്തിൽ എനിക്കു മറുപടി കിട്ടി. അദ്ദേഹം നടുറോഡിൽ വണ്ടി നിർത്തി. അത്രയും യാത്രക്കാർ ഉണ്ടായിരിക്കെ റോക്കി ഭായി കളിക്കാൻ ഇറങ്ങി വന്നു. അയാൾ വളരെ മോശമായി തന്നെ ആണ് സംസാരിച്ചതും. ഒരു സ്ത്രീയാണെന്നുള്ള യാതൊരു പരിഗണനയുമില്ലാതെ ഇത് പോലെ തന്നെ വെറും മോശമായ വാക്കുകൾ എന്നോട് അയാൾ പറഞ്ഞു. ഷോ കാണിച്ച് അയാൾ വണ്ടി എടുത്തു പോകുകയാണ് ഉണ്ടായത്. ഞങ്ങൾക്ക് ഇയാൾ സംസാരിച്ചതിന്റെ അമർഷം കുറച്ചൊന്നുമായിരുന്നില്ല. 

കെഎസ്ആർടിസി കുറച്ച് കഴിഞ്ഞപ്പോൾ ആളുകളെ കയറ്റാൻ സൈഡ് ആക്കി. ഞങ്ങൾ. മുന്നോട്ട് പോരുകയും ചെയ്തു. അപ്പോഴാണ് എംവിഡിയെ കണ്ടത് .. ഞാൻ വണ്ടി സൈഡ് ആക്കി കാര്യങ്ങൾ വിശദമായി അവരോട് പറഞ്ഞു. അകലെ നിന്ന് കെഎസ്ആർടിസി ബസ് വരുന്നുണ്ടായിരുന്നു. ഞാൻ പൊലീസുകാരോട് സംസാരിക്കുന്നത് കണ്ടതേ ഈ ഡ്രൈവർ വീണ്ടും വണ്ടി അവിടെ നിർത്തി. അവിടെയും കുറെ നാടകം കളിച്ചു ഇയാൾ. പൊലീസുകാർ സംസാരിച്ചു സോൾവ് ചെയ്തു വിട്ടെങ്കിലും ഇയാൾ ഹീറോ ആയിരുന്നു. ഞാൻ   വീട്ടിലെത്തിയിട്ടും വളരെ വിഷമിച്ചു അയാളുടെ ഇത്ര മോശമായ സ്വഭാവത്തെ ഓർത്ത്. 

തിരുവനന്തപുരം വണ്ടി ആയത് കൊണ്ട് ഞാൻ അവിടെ ജോലി ചെയ്യുന്ന ഒരു ഡ്രൈവറോട് കാര്യങ്ങൾ സംസാരിച്ചപ്പോൾ കെഎസ്ആർടിസി ബസ്സിനു പുറകിൽ ഒരു നമ്പർ ഉണ്ട്, അവിടേക്ക് വിളിച്ചു പരാതി കൊടുക്കാൻ പറഞ്ഞു. ഞാൻ ആ ബസ്സിന്റെ ഫോട്ടോ എടുത്ത് വച്ചിരുന്നു. അത് വച്ച് നമ്പർ നോക്കിയപ്പോൾ അങ്ങനൊരു നമ്പർ നിലവിലില്ല. ഇയാൾക്കിപ്പോ ഇങ്ങനെ ഒരു കേസ് വന്നത് സഹായമായി. മേയറോടു പോലും സംസാരിക്കുന്ന രീതി ഇങ്ങനെ ആണെങ്കിൽ സാധാരണക്കാരിയായ എന്നോട് കാണിച്ചതിൽ യാതൊരു അദ്ഭുതവും ഇല്ല. 

സ്ഥിരം റോക്കി ഭായി ആണ് പുള്ളി.  ഇങ്ങനെ കെഎസ്ആർടിസി ഡ്രൈവർ ആയത് കൊണ്ട് യദുവിന് എന്ത് തോന്നിവാസവും കാണിക്കാം എന്ന അഹങ്കാരം തന്നെയാണ്. ഇങ്ങനെ ഉള്ളവരെ സംരക്ഷിക്കാതെ ബഹുമാനപ്പെട്ട ഗതാഗത വകുപ്പ് അധികൃതർ തക്കതായ ശിക്ഷ നൽകണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു. കുറച്ച് നാളുകൾക്ക് മുൻപ് നടന്നത് കൊണ്ട് അദ്ദേഹം മറന്നു പോയിട്ടുണ്ടാകും, ഓർമിപ്പിക്കാൻ വേണ്ടി കൂടി ആണ് ഞാൻ  ഇവിടെ പോസ്റ്റ് ഇടുന്നത്. ഇയാൾ ഓടിച്ചിരുന്ന വാഹനത്തിന്റെ ഫോട്ടോ എടുത്തത്. ഞാൻ ഇവിടെ പോസ്റ്റ് ചെയ്യുന്നു വെറുതെ ആരും കെഎസ്ആർടിസി ബസിന്റെ ഫോട്ടോ എടുത്തു വയ്ക്കില്ലല്ലോ.’’

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker