ന്യൂഡല്‍ഹി: വരാനിരിക്കുന്ന ടി20 ലോകകപ്പ് സ്‌ക്വാഡില്‍ ഇന്ത്യയുടെ സൂപ്പര്‍ താരം വിരാട് കോലി ഉള്‍പ്പെടില്ലെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരയില്‍ ഉള്‍പ്പെടെ കോലി ടീമിനൊപ്പം കളിച്ചതുമില്ല.
കോലിയുടെ പൊസിഷനില്‍ പരമാവധി റണ്‍സ് നേടാന്‍ കഴിയുന്ന പുതിയ താരങ്ങള്‍ വന്നത് ഉള്‍പ്പെടെയുള്ള കാരണങ്ങള്‍ താരത്തെ തഴയുന്നതിനായി ചൂണ്ടിക്കാണിക്കുന്നു. അതേസമയം രോഹിത് ശര്‍മ ടി20 ലോകകപ്പില്‍ ഉണ്ടാകുമെന്ന് ജയ്ഷാ നേരത്തേ അറിയിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ കോലി ലോകകപ്പ് ടീമില്‍ നിര്‍ബന്ധമായും ഉണ്ടാവണമെന്നാണ് രോഹിത് ശര്‍മ പറയുന്നത്. ഇന്ത്യന്‍ നായകന്‍ ഇക്കാര്യം ബി.സി.സി.ഐ.യെ അറിയിച്ചതായാണ് റിപ്പോര്‍ട്ട്. ടി20 ലോകകപ്പില്‍ കോലിക്ക് തിളങ്ങാന്‍ കഴിയില്ലെന്നാണ് ബി.സി.സി.ഐ.യുടെയും സെലക്ടര്‍മാരുടെയും പക്ഷം. 1983 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീം അംഗം കീര്‍ത്തി ആസാദാണ് ഇതുസംബന്ധിച്ച് സാമൂഹിക മാധ്യമത്തില്‍ പോസ്റ്റ് പങ്കുവെച്ചത്.
ജൂണ്‍ രണ്ടിന് യു.എസ്.എ.യിലും വെസ്റ്റ് ഇന്‍ഡീസിലുമായാണ് ടി20 ലോകകപ്പ്. ജൂണ്‍ 29 വരെയാണ് ടൂര്‍ണമെന്റ്. 2013-ല്‍ ചാമ്പ്യന്‍സ് ട്രോഫി നേടിയ ശേഷം ഇന്ത്യ ഐ.സി.സി. ടൂര്‍ണമെന്റ് കപ്പ് നേടിയിട്ടില്ല.