KeralaNews

‘സ്ത്രീ പ്രവേശനത്തില്‍ സര്‍ക്കാരിന് ദുരുദ്ദേശമില്ല’; പഴയ കൈപുസ്‌കത്തിലെ വിവാദ നിര്‍ദ്ദേശം പിന്‍വലിക്കുമെന്ന് ദേവസ്വം മന്ത്രി

പത്തനംതിട്ട: ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി പരാമര്‍ശിക്കുന്ന പൊലീസിന്റെ മാര്‍ഗനിര്‍ദ്ദേശ ബുക്‌ലെറ്റ് വിവാദമായിരിക്കെ പ്രതികരണവുമായി സംസ്ഥാന സര്‍ക്കാര്‍. ശബരിമലയില്‍ സ്ത്രീ പ്രവേശന വിഷയത്തില്‍ സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും ദുരുദ്ദേശമില്ലെന്ന് ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍ പറഞ്ഞു. ആഭ്യന്തര വകുപ്പിന്റെ കൈ പുസ്തകത്തിലുള്ള വിവാദ നിര്‍ദ്ദേശം പിന്‍വലിക്കുമെന്നും മന്ത്രി സന്നിധാനത്ത് വെച്ച് പ്രതികരിച്ചു. മുന്‍ വര്‍ഷങ്ങളില്‍ അച്ചടിച്ചുവെച്ചിരുന്ന കൈപുസ്തകത്തിലാണ് നിര്‍ദ്ദേശം ഉള്ളതെന്ന് എഡിജിപി എം ആര്‍ അജിത് കുമാറും വ്യക്തമാക്കി.

ശബരിമല പ്രതിഷേധത്തിന് തുടര്‍ച്ചയുണ്ടാകുമെന്ന മുന്നറിയിപ്പുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ രംഗത്തെത്തിയിരുന്നു. മണ്ഡലകാലത്ത് ഭക്തര്‍ക്ക് സുരക്ഷയൊരുക്കാനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അടങ്ങിയ പൊലീസ് കൈപുസ്തകത്തിലെ ആദ്യ നിര്‍ദേശം ദുരുദ്ദേശപരമാണെന്നാണ് സുരേന്ദ്രന്റെ ആരോപണം.

‘ഒരിക്കല്‍ വിശ്വാസികള്‍ നിങ്ങളെക്കൊണ്ടു തിരുത്തിച്ചതാണ്. വീണ്ടും അവിവേകത്തിനാണ് വരുന്നതെങ്കില്‍ പഴയതൊന്നും മറന്നിട്ടില്ലെന്ന് പിണറായി വിജയനെ ഓര്‍മ്മിപ്പിക്കുന്നു,’ കെ സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു. മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ യുവതീ പ്രവേശന വിധി പരാമര്‍ശിച്ച് എല്ലാ തീര്‍ത്ഥാടകര്‍ക്കും ശബരിമലയിലേക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ടെന്ന നിര്‍ദ്ദേശമാണ് ബിജെപി രാഷ്ട്രീയ ആയുധമാക്കിയിരിക്കുന്നത്.

‘ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ 28/09/2018 തീയതിയിലെ ഡബ്ല്യുപി (സി) 373/2016 വിധിന്യായ പ്രകാരം എല്ലാ തീര്‍ത്ഥാടകര്‍ക്കും ശബരിമലയിലേക്ക് പ്രവേശനം അനുവദിച്ചിട്ടുള്ളതാണ്,’ എന്നാണ് പൊതുനിര്‍ദ്ദേശത്തിലുള്ളത്. ശബരിമലയില്‍ നിലവിലുളള ആചാരാനുഷ്ഠാനങ്ങള്‍ ഉദ്യോഗസ്ഥര്‍ പാലിക്കേണ്ടതുണ്ടെന്നും നിര്‍ദേശമുണ്ട്. ശബരിമലയില്‍ പൊലീസിന് നല്‍കിയ വിവാദ നിര്‍ദേശം കൊണ്ട് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത് എന്താണെങ്കിലും, അത് മുളയിലെ നുള്ളുന്നതാണ് നല്ലതെന്നും കെ സുരേന്ദ്രന്‍ കൊച്ചിയില്‍ പറഞ്ഞു.

2018 സെപ്റ്റംബര്‍ 28നാണ് ശബരിമല ക്ഷേത്രത്തില്‍ പ്രായഭേദമില്ലാതെ എല്ലാ സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ച ചരിത്രവിധി സുപ്രീംകോടതി പുറപ്പെടുവിച്ചത്. സുപ്രീം കോടതി വിധിയനുസരിച്ച് ശബരിമല ദര്‍ശനത്തിനെത്തിയ യുവതികള്‍ക്ക് പൊലീസ് സംരക്ഷണം നല്‍കിയത് വലിയ പ്രതിഷേധങ്ങള്‍ക്കിടയാക്കി. സമരം അക്രമാസക്തമായതിനേത്തുടര്‍ന്ന് പമ്പ, നിലയ്ക്കല്‍, എരുമേലി ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ സംഘര്‍ഷമുണ്ടായി.

സുപ്രീം കോടതി വിധിക്കെതിരായ സമരം വിധിക്ക് അനുസൃതമായ ദര്‍ശനത്തിന് സുരക്ഷയൊരുക്കാന്‍ ശ്രമിച്ച സംസ്ഥാന സര്‍ക്കാരിനെതിരായി തിരിഞ്ഞു. സംസ്ഥാന വ്യാപകമായി നാമജപറാലികളും പ്രതിഷേധ യോഗങ്ങളും സംഘടിക്കപ്പെട്ടിരുന്നു. നിലവില്‍ സ്ത്രീ പ്രവേശനം അനുവദിച്ചു കൊണ്ടുളള സുപ്രീം കോടതി വിധി റദ്ദാക്കിയിട്ടില്ല. വിധിക്കെതിരായ പുനഃപരിശോധന ഹര്‍ജികളാണ് സുപ്രീം കോടതിയുടെ പരിഗണനയിലുളളത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker