CricketNewsSports

ടി20:ശ്രീലങ്കക്കെതിരായ പരമ്പരയിലും രോഹിത്തിനെയും കോലിയെയും കളിപ്പിക്കില്ല; രാഹുലിനും പരമ്പര നഷ്ടമാവും

മുംബൈ: ടി20 ക്രിക്കറ്റില്‍ തലമുറമാറ്റമെന്ന തീരുമാനം കടുപ്പിക്കാനൊരുങ്ങി ബിസിസിഐ. ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയില്‍ വിശ്രമം അവുവദിച്ച നായകന്‍ രോഹിത് ശര്‍മ, വിരാട് കോലി, ആര്‍ അശ്വിന്‍, മുഹമ്മദ് ഷമി, ദിനേശ് കാര്‍ത്തിക് എന്നിവരെ ജനുവരിയില്‍ നടക്കുന്ന ശ്രീലങ്കക്കെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിലേക്കും പരിഗണിച്ചേക്കില്ലെന്ന് റിപ്പോര്‍ട്ട്. വൈസ് ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍ വിവാഹിതനാവുന്നതിനാല്‍ രാഹുലും ശ്രീലങ്കക്കെതിരായ ടി20 പരമ്പരക്കുള്ള ടീമിലുണ്ടാവില്ല.

ഇനി ടി20 ടീമിലേക്ക് പരിഗണിക്കില്ലെന്ന കാര്യം ബിസിസിഐ അനൗദ്യോഗികമായി സിനീയര്‍ താരങ്ങളെ അറിയിച്ചു കഴിഞ്ഞതായാണ് റിപ്പോര്‍ട്ട്. ഡിസംബറില്‍ ചുമതലയേല്‍ക്കുന്ന പുതിയ സെലക്ഷന്‍ കമ്മിറ്റിയാകും ശ്രീലങ്കക്കെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ തെരഞ്ഞെടുക്കുക. 2024ല്‍ യുഎസിലും വെസ്റ്റ് ഇന്‍ഡീസിലുമായി നടക്കുന്ന ടി20 ലോകകപ്പിനായുള്ള ടീമിനെ ഒരുക്കുന്നതിന്‍റെ ഭാഗമായാണ് സീനിയര്‍ താരങ്ങളെ ടി20യില്‍ നിന്നൊഴിവാക്കുന്നത്. അടുത്ത വര്‍ഷം ഏകദിന ലോകകപ്പ് നടക്കുന്നതിനാല്‍ അതുവരെയുള്ള കാലയളവില്‍ ഇന്ത്യ കൂടുതലും ഏകദിനങ്ങളിലാണ് കളിക്കുന്നത്.

ഏകദിന ലോകകപ്പിന് മുമ്പ് ആകെ ഒമ്പത് ടി20 മത്സരങ്ങള്‍ മാത്രമാണ് ഇന്ത്യയുടെ ഷെഡ്യൂളിലുള്ളത്. ഹാര്‍ദ്ദിക് പാണ്ഡ്യയായിരിക്കും ടി20യില്‍ ഇനി ഇന്ത്യയെ നയിക്കേണ്ടത് എന്ന കാര്യത്തില്‍ ബിസിസിഐ തത്വത്തില്‍ ധാരണയിലെത്തിയിട്ടുണ്ട്. ഇത് കണക്കിലെടുത്താണ് ഹാര്‍ദ്ദിക്കിനെ ഏകദിനങ്ങളില്‍ പോലും പരിഗണിക്കാതെ ടി20 ക്രിക്കറ്റില്‍ മാത്രം കളിപ്പിക്കുന്നത്.

ടി20 ക്യാപ്റ്റന്‍ സ്ഥാനത്തേക്കുള്ള മത്സരത്തില്‍  കെ എല്‍ രാഹുലിനെയും റിഷഭ് പന്തിനെയും പാണ്ഡ്യ ബഹുദൂരം പിന്നിലാക്കിയെന്നാണ് വിലയിരുത്തല്‍. കെ എല്‍ രാഹുലിന്‍ററെ ബാറ്റിംഗിലെ മെല്ലെപ്പോക്കും റിഷഭ് പന്തിന്‍റെ ഫോമില്ലായ്മയും ഹാര്‍ദ്ദിക്കിന് ഗുണകരമായി. ശ്രീലങ്കക്കെതിരായ പരമ്പരക്ക് മുമ്പ് ഹാര്‍ദ്ദികിനെ ഇന്ത്യയുടെ ടി20 ക്യാപ്റ്റനായി ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.

അടുത്തമാസം 23ന് കൊച്ചിയില്‍ നടക്കുന്ന ഐപിഎല്‍ മിനി താരലേലത്തിനായുള്ള കളിക്കാരുടെ രജിസ്ട്രേഷന്‍ അവസാനിച്ചു. മിനി താരലേലമാണെങ്കിലും ആകെ 991 കളിക്കാരാണ് ലേലത്തില്‍ പങ്കെടുക്കാനായി പേര് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ 714 ഇന്ത്യന്‍ കളിക്കാരും 277 വിദേശ കളിക്കാരുമുണ്ട്. ഇംഗ്ലണ്ട് ടെസ്റ്റ് ടീം നായകന്‍ ബെന്‍ സ്റ്റോക്സ്, ജോ റൂട്ട്,  ഓസ്ട്രേലിയന്‍ ഓള്‍ റൗണ്ടര്‍ കാമറൂണ്‍ ഗ്രീന്‍, കഴിഞ്ഞ സീസണില്‍ പഞ്ചാബ് കിംഗ്സ് നായകനായിരുന്ന മായങ്ക് അഗര്‍വാള്‍ എന്നിവരുമുണ്ട്. ആകെ 87 കളിക്കാരെയാണ് ലേലത്തിലൂടെ ടീമുകള്‍ക്ക് സ്വന്തമാക്കാനാവുക.

രജിസ്റ്റര്‍ ചെയ്ത കളിക്കാരില്‍ 19 ഇന്ത്യന്‍ ക്യാപ്ഡ് കളിക്കാരുണ്ട്. വിദേശതാരങ്ങളില്‍ 166 പേര്‍ ക്യാപ്ഡ് താരങ്ങളാണ്. അസോസിയേറ്റ് രാജ്യങ്ങളില്‍ നിനനുള്ള 20 കളിക്കാരും ഇന്ത്യയുടെ 91 അണ്‍ക്യാപ്ഡ് കളിക്കാരും കഴിഞ്ഞ ഐപിഎല്ലില്‍ കളിച്ചിരുന്ന മൂന്ന് വിദേശ അണ്‍ക്യാപ്ഡ് താരങ്ങളും ഉണ്ട്. ഇന്ത്യന്‍ താരങ്ങളില്‍ 604 പേര്‍ അണ്‍ ക്യാപ്ഡ് താരങ്ങളാണ്.

ഓസ്ട്രേലിയയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ കളിക്കാര്‍ ലേലത്തിനുള്ളത്. 57 കളിക്കാര്‍. ദക്ഷിണാഫ്രിക്ക(52), വെസ്റ്റ് ഇന്‍ഡീസ്(33), ഇംഗ്ലണ്ട്(31), ന്യൂസിലന്‍ഡ്(27), ശ്രീലങ്ക(23) അഫ്ഗാനിസ്ഥാന്‍(14)എന്നിങ്ങനെയാണ് വിദേശ രാജ്യങ്ങളില്‍ നിന്നുള്ള കളിക്കാരുടെ എണ്ണം.

കഴിഞ്ഞ വര്‍ഷത്ത ഐപിഎല്‍ മെഗാ താര ലേലം ബെംഗളൂരുവിലാണ് നടന്നത്. ഓരോ ടീമിനുമുള്ള സാലറി പഴ്സ് 95 കോടി രൂപയായി ഉയര്‍ത്തിയതിനാല്‍ മിനി താരലേലത്തിലും കോടിപതികള്‍ക്ക് ക്ഷാമമുണ്ടാവില്ലെന്നാണ് വിലയിരുത്തല്‍. നിലവിലെ ധാരണ അനുസരിച്ച് ഈ വര്‍ഷം ഇത് 95 കോടിയായും അടുത്ത വര്‍ഷം 100 കോടിയായും ഉയര്‍ത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

കഴിഞ്ഞ വര്‍ഷം നടന്ന മെഗാ താരലേലത്തില്‍ 107 ക്യാപ്ഡ് താരങ്ങളും 97 അണ്‍ ക്യാപ്ഡ് താരങ്ങളുമാണ് വിവിധ ടീമുകളിലെത്തിയത്. ആകെ 551.7 കോടി രൂപയാണ് കളിക്കാരെ സ്വന്തമാക്കാന്‍ വിവിധ ടീമുകള്‍ ചെലവഴിച്ചത്. 137 ഇന്ത്യന്‍ താരങ്ങളും 67 വിദേശ താരങ്ങളും ലേലത്തില്‍ വിവിധ ടീമുകളിലെത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker