വടകര: വടകരയിലെ ഇടതു സ്ഥാനാര്‍ത്ഥി കെ.കെ. ശൈലജക്കും നടി മഞ്ജു വാര്യര്‍ക്കുമെതിരെ ലൈംഗിക അധിക്ഷേപം നടത്തി ആര്‍.എം.പി നേതാവ് കെ.എസ്. ഹരിഹരന്‍.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍, കല്‍പ്പറ്റ എം.എല്‍.എ ടി. സിദ്ദിഖ്, മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ. സലാം തുടങ്ങിയ നേതാക്കള്‍ സദസില്‍ ഇരിക്കവെയാണ് അധിക്ഷേപം.
‘ടീച്ചറുടെ പോണ്‍ വീഡിയോ ആരെങ്കിലും ഉണ്ടാക്കുമോ. മഞ്ജു വാര്യരുടെ പോണ്‍ വീഡിയോ ഉണ്ടാക്കിയെന്ന് പറഞ്ഞാല്‍ അത് കേട്ടാല്‍ നമുക്ക് മനസിലാവും,’ എന്നാണ് കെ.എസ്. ഹരിഹരന്‍ പറഞ്ഞത്.
അധിക്ഷേപ പരാമര്‍ശത്തിന് പിന്നാലെ വേദിയിലും സദസിലും ഇരിക്കുന്നവര്‍ ആര്‍ത്ത് ചിരിക്കുകയും കയ്യടിക്കുകയും ചെയ്യുന്നുണ്ട്. ഇതുസംബന്ധിച്ച വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. പരാമര്‍ശത്തിനെതിരെ വിമര്‍ശനവും ഉയരുന്നുണ്ട്.
ഈ വീഡിയോ ഉണ്ടാക്കിയതില്‍ കോഴിക്കോട് സി.പി.ഐ.എം ജില്ലാ സെക്രട്ടറി പി. മോഹനന്റെ മകന്‍ ജൂവലിയസ് നികിദാസിന് എന്തെങ്കിലും പങ്കുണ്ടോയെന്നും ഹരിഹരന്‍ ചോദിക്കുന്നുണ്ട്. കേരളത്തിലെ സൈബര്‍ ലോകത്തെ നിയന്ത്രിക്കുന്നത് നികിദാസ് ആണെന്നും പ്രതിഷേധ പരിപാടിയില്‍ ഹരിഹരന്‍ പറയുന്നുണ്ട്.
യു.ഡി.എഫ്-ആര്‍.എം.പി നേതൃത്വത്തില്‍ സി.പി.ഐ.എമ്മിനെതിരെ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിലാണ് കെ.എസ്. ഹരിഹരന്റെ ലൈംഗിക അധിക്ഷേപ പരാമര്‍ശം.