KeralaNews

സീറ്റ് നല്‍കിയില്ല, ഉഭയകക്ഷി ചര്‍ച്ചയും നടന്നില്ല; പ്രതിഷേധിച്ച് രാജിയ്‌ക്കൊരുങ്ങി ആര്‍ജെഡി

തിരുവനന്തപുരം: ലോകസഭാ സീറ്റ് ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് ബോര്‍ഡ്, കോര്‍പ്പറേഷന്‍ അധ്യക്ഷ സ്ഥാനങ്ങള്‍ രാജിവെയ്ക്കാനൊരുങ്ങി ആര്‍ജെഡി. ഓണ്‍ലൈന്‍ ആയി ചേര്‍ന്ന സംസ്ഥാന ഭാരവാഹികളുടെയും ജില്ലാ പ്രസിഡന്റുമാരുടെയും യോഗത്തില്‍ തീരുമാനം.

ഉഭയക്ഷി ചര്‍ച്ച ഇല്ലാതെ എല്‍ഡിഎഫ് സീറ്റ് വിഭജനം നടത്തിയെന്നാണ് പരാതി. ഉഭയകക്ഷി ചര്‍ച്ച രേഖാമൂലം ആവശ്യപ്പെട്ടിട്ടും പരിഗണിച്ചില്ലെന്നും സീറ്റ് നല്‍കിയില്ലെന്നും ആര്‍ജെഡി ആരോപിച്ചു. രണ്ട് കോര്‍പറേഷന്‍ ചെയര്‍മാന്‍ പദവികളും ആറ് ബോര്‍ഡ് അംഗത്വവും രാജിവെയ്ക്കാനാണ് ആര്‍ജെഡി തീരുമാനം. തുടര്‍ന്നുള്ള തീരുമാനങ്ങള്‍ പിന്നീട് അറിയിക്കുമെന്നും നേതൃത്വം അറിയിച്ചു.

പാര്‍ട്ടി വഞ്ചിക്കപ്പെട്ടെന്ന് ആര്‍ജെഡി സംസ്ഥാന ജനറല്‍ സെക്രട്ടറി സലിം മടവൂര്‍ നേരത്തേ പ്രതികരിച്ചിരുന്നു. 1991 മുതല്‍ പല തവണ എംപി വീരേന്ദ്രകുമാര്‍ മത്സരിച്ച കോഴിക്കോട് ലക്ഷ്യം വച്ചായിരുന്നു ആര്‍ജെഡിയായി മാറിയ എല്‍ജെഡി യുടെ പ്രവര്‍ത്തനങ്ങള്‍.

2009 ല്‍ ഇടതുമുന്നണി വിട്ട എല്‍ജെഡി 2018ല്‍ യുഡിഎഫ് വിട്ടു തിരിച്ചെത്തിയപ്പോള്‍ എല്‍ഡിഎഫ് ലോകസഭാ സീറ്റ് വാഗ്ദാനം ചെയ്തിരുന്നു എന്നാണ് അവകാശവാദം. എന്നാല്‍ കഴിഞ്ഞ തവണ സീറ്റ് നിഷേധിച്ചു, ഇത്തവണ തരാമെന്ന് പറഞ്ഞിട്ടും തന്നില്ല. എല്‍ഡിഎഫില്‍ നിന്നും മാന്യമായ അംഗീകാരം ലഭിച്ചില്ലെന്നും ആര്‍ജെഡി സംസ്ഥാന ജനറല്‍ സെക്രട്ടറി സലിം മടവൂര്‍ പറഞ്ഞു.

മത്സരിക്കാന്‍ അവസരം ഇല്ലാതായതോടെ കടുത്ത അമര്‍ഷത്തിലാണ് കീഴ്ഘടകങ്ങള്‍. രാജ്യസഭാ സീറ്റിനു വേണ്ടി എം പി ശ്രേയാംസ് കുമാര്‍ വിട്ടുവീഴ്ച ചെയ്യുന്നു എന്നും ആരോപണം ഉണ്ട്. സിപിഐഎം 15 സീറ്റിലും സിപിഐ നാല് സീറ്റിലും കേരള കോണ്‍ഗ്രസ് ഒരു സീറ്റിലും മത്സരിക്കാനുള്ള എല്‍ഡിഎഫ് ഫോര്‍മുല അംഗീകരിക്കരുതെന്നാണ് പാര്‍ട്ടി വികാരം

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button