KeralaNews

വിദേശരാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് കംപ്യൂട്ടറുകളും ലാപ്‌ടോപുകളും ഇറക്കുമതി ചെയ്യുന്നതിന് നിയന്ത്രണം

മനാമ: പ്രാദേശിക ഉദ്പാദനം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ലാപ്‌ടോപ്പുകള്‍, ടാബ്‌ലെറ്റുകള്‍, പേഴ്‌സണല്‍ കമ്പ്യൂട്ടറുകള്‍ എന്നിവയുടെ ഇറക്കുമതിക്ക് ഇന്ത്യ അടിയന്തര നിയന്ത്രണമേര്‍പ്പെടുത്തി. ഇന്ന് വ്യാഴാഴ്ചയാണ് സര്‍ക്കാര്‍ അറിയിപ്പ് പുറപ്പെടുവിച്ചത്.

ഇറക്കുമതി ലൈസന്‍സുള്ളവര്‍ക്ക് കര്‍ക്കശ നിയന്ത്രണങ്ങള്‍ക്ക് വിധേയമായി കൊണ്ടുവരാന്‍ അനുവദിക്കുമെന്നും നോട്ടീസില്‍ പറയുന്നതായി റോയിറ്റേഴ്‌സ് റിപോര്‍ട്ട് ചെയ്തു. ഇന്ത്യയിലേക്ക് ഉദ്പാദന കമ്പനികളെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഇലക്‌ട്രോണിക്‌സ് ഉള്‍പ്പെടെ രണ്ട് ഡസനിലധികം മേഖലകളില്‍ പ്രാദേശിക ഉദ്പാദനം പ്രോത്സാഹിപ്പിക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്.


കഴിഞ്ഞ ഏപ്രില്‍-ജൂണ്‍ മാസങ്ങളില്‍ ലാപ്‌ടോപ്പുകള്‍, ടാബ്‌ലെറ്റുകള്‍, പേഴ്‌സണല്‍ കമ്പ്യൂട്ടറുകള്‍ എന്നിവ ഉള്‍പ്പെടുന്ന ഇലക്‌ട്രോണിക്‌സ് ഇറക്കുമതി 19.7 ബില്യണ്‍ ഡോളറായിരുന്നു. പ്രതിവര്‍ഷം 6.25% വര്‍ധനവാണ് ഈ രംഗത്തുള്ളത്. രാജ്യത്തെ മൊത്തം ചരക്ക് ഇറക്കുമതിയുടെ 7% മുതല്‍ 10% വരെ ഇലക്ട്രോണിക്‌സ് ആണ്.

ഐടി ഹാര്‍ഡ്‌വെയര്‍ നിര്‍മാണത്തില്‍ വന്‍കിട നിക്ഷേപം ആകര്‍ഷിക്കുന്നതിന് ഇന്ത്യ പദ്ധതികള്‍ പ്രഖ്യാപിച്ചിരുന്നു. ലാപ്‌ടോപുകള്‍, ടാബ്‌ലെറ്റുകള്‍, പേഴ്‌സണല്‍ കമ്പ്യൂട്ടറുകള്‍, സെര്‍വറുകള്‍ തുടങ്ങിയ ഉല്‍പന്നങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഐടി ഹാര്‍ഡ്‌വെയര്‍ മേഖലയിലെ നിക്ഷേപ കമ്പനികള്‍ക്ക് രണ്ട് ബില്യണ്‍ ഡോളര്‍ മാനുഫാക്ചറിങ് ഇന്‍സെന്റീവ് സ്‌കീമിനായി അപേക്ഷിക്കാനുള്ള സമയപരിധി കേന്ദ്രം നീട്ടി.

2026ഓടെ 300 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള വാര്‍ഷിക ഉദ്പാദനം ലക്ഷ്യം വെച്ചുകൊണ്ട്, ആഗോള ഇലക്ട്രോണിക്‌സ് വിതരണ ശൃംഖലയില്‍ പവര്‍ഹൗസ് ആകാനുള്ള ഇന്ത്യയുടെ ശ്രമത്തിന്റെ ഭാഗമായാണ് നടപടിയെന്ന് റിപ്പോര്‍ട്ട് വിശദീകരിക്കുന്നു.

Dell, Acer, Samsung, LG Eletcronics, Apple Inc, Lenovo, HP Inc എന്നിവയാണ് ഇന്ത്യന്‍ വിപണിയില്‍ ലാപ്‌ടോപുകള്‍ വില്‍ക്കുന്ന പ്രധാന കമ്പനികള്‍. ഇറക്കുമതിയുടെ ഏറിയ പങ്കും ചൈന പോലുള്ള രാജ്യങ്ങളില്‍ നിന്നാണ്. വിലകുറച്ച് ലഭിക്കുന്നതിനാല്‍ മൊത്തം ഇറക്കുമതിയുടെ പകുതിയിലധികവും ഈ രാജ്യങ്ങളില്‍ നിന്നാണ്. ഇറക്കുമതി നിയന്ത്രണ വാര്‍ത്തകള്‍ക്കു പിന്നാലെ ഇന്ത്യന്‍ ഇലക്‌ട്രോണിക് നിര്‍മാതാക്കളായ ഡിക്‌സണ്‍ ടെക്‌നോളജീസിന്റെ ഓഹരി വില അഞ്ച് ശതമാനത്തിലധികം ഉയര്‍ന്നു.

ആഭ്യന്തര ഉദ്പാദനം വര്‍ധിപ്പിക്കുന്നതിനായി മൊബൈല്‍ ഫോണുകള്‍ക്ക് ഇന്ത്യ നേരത്തേ തന്നെ ഉയര്‍ന്ന താരിഫ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം രാജ്യത്ത് 38 ബില്യണ്‍ ഡോളറിന്റെ മൊബൈല്‍ ഫോണുകളാണ് നിര്‍മിച്ചത്. ഇതേരീതിയില്‍ ലാപ്‌ടോപുകളുടെയും ടാബ്‌ലെറ്റുകളുടെയും പ്രാദേശിക ഉദ്പാദനം വേണ്ടത്ര ശക്തമാവാത്തതിനെ തുടര്‍ന്നാണ് വിപണിയില്‍ ഇടപെടുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker