KeralaNews

മന്ത്രി സജി ചെറിയാന്റെ രാജി; അസാധാരണ നടപടിയുമായി നിയമസഭ, ചോദ്യോത്തര വേള പൂർത്തിയാക്കാതെ പിരിഞ്ഞു

തിരുവനന്തപുരം: മന്ത്രി സജി ചെറിയാന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധത്തിനിടെ അസാധാരണ നടപടിക്ക് സാക്ഷ്യം വഹിച്ച് കേരള നിയമസഭ. ചോദ്യോത്തര വേള തുടങ്ങി മിനിറ്റുകൾക്കകം നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. സഭ തുടങ്ങിയ ഉടൻ ചോദ്യോത്തരവേള നിർത്തിവച്ച് അടിയന്തര പ്രമേയം ചർച്ച ചെയ്യണമെന്ന ആവശ്യം പ്രതിപക്ഷം ഉന്നയിച്ചു. കീഴ്വഴക്കം അതല്ലല്ലോ എന്ന് സ്പീക്കർ മറുപടി നൽകിയെങ്കിലും പ്രതിപക്ഷം ബഹളം തുടങ്ങുകയായിരുന്നു. മുദ്രാവാക്യം വിളികൾക്കിടെ സ്പീക്കർ ചോദ്യം ഉന്നയിക്കാൻ പ്രതിപക്ഷ എംഎൽഎമാരോട് ആവശ്യപ്പെട്ടെങ്കിലും അവർ വഴങ്ങിയില്ല. ഇതിനിടെയാണ് അപ്രതീക്ഷിതമായി നിയമസഭ ഇന്നത്തേക്ക് പിരിയുകയാണെന്ന് സ്പീക്കർ പ്രഖ്യാപിച്ചത്. 


ചോദ്യോത്തര വേളയിൽ തന്നെ പ്രതിപക്ഷ പ്രതിഷേധത്തിന് കേരള നിയമസഭ ഇതിന് മുമ്പും സാക്ഷ്യം വഹിച്ചിട്ടുണ്ടെങ്കിലും വിഷയം ഉന്നയിക്കാൻ പോലും പ്രതിപക്ഷത്തിന് അവസരം നൽകാതെ നിയമസഭ പിരിയുന്നത് അപൂർവമാണ്. പ്രതിപക്ഷ ബഹളത്തിന്റെ ദൃശ്യങ്ങൾ സഭാ ടിവി കാണിച്ചില്ല. സഭ ഇന്നത്തേക്ക് പിരിയുകയാണെന്ന് സ്പീക്കർ പ്രഖ്യാപിച്ചതോടെ പ്രതിപക്ഷം പ്രകടനമായി പുറത്തിറങ്ങി. നിയമസഭാ വളപ്പിലെ അംബേദ്‍കർ പ്രതിമയ്ക്ക് താഴെ മുദ്രാവാക്യം വിളികളുമായി പ്രതിപക്ഷം എത്തി. ജയ് ഭീം മുദ്രാവാക്യം മുഴക്കിയും ഭരണഘടനാ ശിൽപ്പിയുടെ ഫോട്ടോ ഉയർത്തിയും ആയിരുന്നു പ്രതിപക്ഷ പ്രതിഷേധം.

അതേസമയം, സ്പീക്കറുടെ നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പ്രതികരിച്ചു. മന്ത്രി സജി ചെറിയാന്റെ രാജിയിൽ കവിഞ്ഞ് ഒന്നുമില്ല. മന്ത്രി പറഞ്ഞത്, ആർഎസ്എസിന്റെ അഭിപ്രായമാണ്. ഇത്തരത്തിൽ പറയാൻ ആരാണ് സജി ചെറിയാന് ധൈര്യം നൽകിയതെന്നും വി.ഡി.സതീശൻ ചോദിച്ചു. 

നേരത്തെ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സഭയ്ക്കകത്ത് ശക്തമായ പ്രതിഷേധം നടത്താനുള്ള തീരുമാനവുമായിട്ടായിരുന്നു പ്രതിപക്ഷം എത്തിയത്. അടിയന്തര പ്രമേയ നോട്ടീസ് നൽകാനും ചോദ്യോത്തരവേള മുതൽ പ്രതിഷേധം ശക്തമാക്കാനുമായിരുന്നു തീരുമാനം. സത്യപ്രതിജ്ഞാ ലംഘനം നടത്തിയ മന്ത്രിയെ പുറത്താക്കാത്ത മുഖ്യമന്ത്രിയുടെ നടപടിയെ അടക്കം വിമർശിച്ചായിരുന്നു നോട്ടീസ്. എന്നാൽ സഭ ഇന്നത്തേക്ക് പിരിയുകയാണെന്ന് സ്പീക്ക‌ർ  പ്രഖ്യാപിച്ചതോടെ ഈ നീക്കം പാളി. ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും പ്രതിപക്ഷ എംഎൽഎമാർ പ്രതിഷേധം തുടർന്നതോടെ നേരിടാൻ ഭരണപക്ഷവും എഴുന്നേറ്റിരുന്നു. ഇതിന് പിന്നാലെയാണ് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞതായി സ്പീക്കർ പ്രഖ്യാപിച്ചത്. 

അതേസമയം അസാധാരണ നടപടിയെല്ലെന്നാണ് സ്പീക്കറുടെ ഓഫീസിന്റെ പ്രതികരണം. 2001 ഒക്ടോബറിൽ 3 തവണയും 2007ലും 2013ലും ഇത്തരത്തിൽ ചോദ്യോത്തരവേള പൂർത്തിയാക്കാതെ സഭ നിർത്തിവച്ചിട്ടുണ്ടെന്ന് നിയമസഭാ സെക്രട്ടേറിയറ്റ് അറിയിച്ചു. എന്നാൽ ഈ സാഹചര്യങ്ങളിലെല്ലാം നിയമസഭ നടത്തിക്കൊണ്ടുപോകാൻ കഴിയാത്ത സാഹചര്യത്തിലേക്ക് പ്രതിപക്ഷ ബഹളം എത്തിയിരുന്നു. ഇക്കുറി പക്ഷേ, ആ ഒരു സാഹചര്യത്തിലേക്ക് എത്തുന്നതിന് മുമ്പാണ് സഭ ഇന്നത്തേക്ക് പിരിഞ്ഞത്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker