കൊച്ചി: എറണാകുളത്ത് ഹോട്ടൽ മുറിയിൽ യുവതിയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി നൗഷാദ് പോലീസിനോട് പറയുന്നത് പലതും അവിശ്വസനീയമായ കാര്യങ്ങൾ. യുവതി തന്റെ ശരീരത്തിൽ മരുന്ന് കുത്തിെവച്ചതാണെന്ന സംശയമാണ് ചങ്ങനാശ്ശേരി ചീരംവേലി വാലുമ്മച്ചിറ വീട്ടിൽ രവിയുടെ മകൾ രേഷ്മയെ (26) കൊലപ്പെടുത്താൻ പ്രേരിപ്പിച്ചതെന്നാണ് മൊഴി.
ഉറങ്ങി എഴുന്നേൽക്കുമ്പോൾ തന്റെ വായിൽ രക്തം നിറയുമായിരുന്നെന്ന് പ്രതിയായ കോഴിക്കോട് തലയാട് തോട്ടിൽ വീട്ടിൽ നൗഷാദ് മൊഴിയിൽ പറയുന്നു. രേഷ്മയുടെ ദുർമന്ത്രവാദം കാരണമാണ് ഇതെന്നാണ് മൊഴി. നൗഷാദിന്റെ ആരോഗ്യം ക്ഷയിക്കുന്നതായി രേഷ്മ മറ്റൊരു ആൺസുഹൃത്തിനോടു പറഞ്ഞിരുന്നു.
അതിനെച്ചൊല്ലിയുണ്ടായ പ്രകോപനമാണ് കൊലപാതകത്തിനു കാരണമായതെന്നാണ് നൗഷാദ് പറയുന്നത്. നൗഷാദ് പറഞ്ഞ ആൺസുഹൃത്തിന്റെ മൊഴി ഉടൻ രേഖപ്പെടുത്തും. നൗഷാദിനെ കസ്റ്റഡിയിലെടുക്കാൻ ശനിയാഴ്ച അപേക്ഷ നൽകുമെന്ന് അറിയുന്നു.
ഹോട്ടൽ കെയർടേക്കറായ നൗഷാദ് യുവതിക്കൊപ്പം പല തവണ ഒരുമിച്ചു താമസിച്ചിരുന്നതായി പോലീസ് പറഞ്ഞു. ഈ സമയങ്ങളിൽ യുവതി സിറിഞ്ച് ഉപയോഗിച്ച് മരുന്ന് കുത്തിെവച്ച് തന്റെ ആരോഗ്യം ക്ഷയിപ്പിക്കാൻ ശ്രമിച്ചതായി സംശയമുണ്ടായിരുന്നുവെന്നാണ് ഇയാളുടെ മൊഴി.
ഒരു തവണ നൗഷാദിന്റെ വായിൽനിന്ന് ചോര വന്നിരുന്നു. ഇത് യുവതി മരുന്ന് കുത്തിെവച്ചതു കാരണമാണെന്ന് പ്രതി സംശയിച്ചു. ഇതും കൊലപാതകത്തിന് പ്രേരണയായി.
സൗഹൃദം അവസാനിപ്പിക്കാൻ രേഷ്മ വിസമ്മതിച്ചതാണ് കൊലയ്ക്ക് കാരണമെന്നാണ് നൗഷാദ് ആദ്യം പറഞ്ഞത്. രേഷ്മയുടെ കഴുത്തിലും മറ്റു ഭാഗങ്ങളിലുമായി കത്തികൊണ്ടുള്ള ഇരുപതിലധികം കുത്തുകൾ ഉണ്ടായിരുന്നു.