‘അശ്ലീലം പറഞ്ഞു, അപമാനിച്ചു; ശുചിമുറിയില്‍ പോകാന്‍ പോലും അനുവദിച്ചില്ല’സൈബര്‍ ആക്രമണം,മുഖ്യമന്ത്രിയ്ക്ക് രേഷ്മയുടെ പരാതി
കണ്ണൂര്‍ സിപിഎം പ്രവര്‍ത്തകന്‍ പുന്നോല്‍ ഹരിദാസ് വധക്കേസിലെ പ്രതിയായ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ നിജില്‍ ദാസിന് ഒളിവില്‍ കഴിയാന്‍ വീടു വിട്ടുനല്‍കിയെന്ന കേസില്‍ അറസ്റ്റിലായ പി.രേഷ്മ അഭിഭാഷകന്‍ മുഖേന മുഖ്യമന്ത്രി പിണറായി വിജയനു പരാതി നല്‍കി. ജാമ്യം ലഭിച്ചതിനെത്തുടര്‍ന്ന് ശനിയാഴ്ച രാത്രി പുറത്തിറങ്ങിയ രേഷ്മ ഞായറാഴ്ച വൈകിട്ടോടെയാണ് വിശദമായ പരാതി മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് അയച്ചത്.
പൊലീസ് മാനുഷിക പരിഗണന നല്‍കിയില്ലെന്നും സിപിഎമ്മിന്റെ ഉന്നത നേതാക്കളും സിപിഎം ജനപ്രതിനിധികളും ഉള്‍പ്പെടെയുള്ളവര്‍ സൈബര്‍ ആക്രമണവും സദാചാര ആക്രമണവും നടത്തിയെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി. തന്റെയും പ്രായപൂര്‍ത്തിയാകാത്ത മകളുടെയും ഫോണുകള്‍ പൊലീസ് കസ്റ്റഡിയിലാണ്. ഈ ഫോണിലെ ചിത്രങ്ങളും വിഡിയോകളും സൈബര്‍ ആക്രമണം നടത്തിയവര്‍ക്ക് ലഭിച്ചത് പൊലീസ് സ്റ്റേഷനില്‍ നിന്നാണെന്നു സംശയിക്കുന്നതായും പരാതിയില്‍ പറയുന്നു. താനും കുടുംബവും ഭര്‍ത്താവിന്റെ കുടുംബവുമെല്ലാം സിപിഎം അനുഭാവികളാണെന്നും രേഷ്മ പരാതിയില്‍ പറയുന്നു.
പരാതി ഇങ്ങനെ:
22ന് വൈകിട്ട് നാലരയോടെ മാഹി ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ പൊലീസ് സംഘം അണ്ടല്ലൂരിലെ വീട്ടിലെത്തുമ്പോള്‍ വനിതാ പൊലീസ് ഒപ്പമില്ലായിരുന്നു. തന്റെയും മകളുടെയും ഫോണ്‍ വാങ്ങിക്കൊണ്ടുപോയ പൊലീസ് പിറ്റേന്നു രാവിലെ 9ന് സ്റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടു. രാവിലെ 9 മുതല്‍ രാത്രി 10.30വരെ സ്റ്റേഷനില്‍ തടഞ്ഞുവച്ചെന്നും സ്ത്രീയെന്ന പരിഗണനപോലും നല്‍കിയില്ലെന്നും ശുചിമുറിയില്‍ പോകാന്‍ പോലും അനുവദിച്ചില്ലെന്നും പരാതിയില്‍ പറയുന്നു. അഭിഭാഷകനുമായോ വീട്ടുകാരുമായോ സ്‌കൂള്‍ അധികൃതരുമായോ ബന്ധപ്പെടാന്‍ അനുവദിച്ചില്ല. തനിക്കെതിരെയുള്ളത് സ്റ്റേഷന്‍ ജാമ്യത്തില്‍ വിടാവുന്ന കുറ്റാരോപണമായിട്ടുപോലും ജാമ്യം നല്‍കാതെ പകല്‍ മുഴുവന്‍ തടഞ്ഞുവച്ച് അര്‍ധരാത്രിയോടെയാണ് മജിസ്‌ട്രേട്ടിനു മുന്നില്‍ ഹാജരാക്കിയത്.
വൈകിട്ട് കൂത്തുപറമ്പ് പൊലീസ് സ്റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ ബിനുമോഹന്‍ തന്നെ അപമാനിക്കുകയും അശ്ലീലവാക്കുകള്‍ ഉപയോഗിക്കുകയും ചെയ്തു. ഈ അശ്ലീലവാക്കുകള്‍ ചില പ്രാദേശിക മാധ്യമങ്ങള്‍ അതേപടി ഉപയോഗിച്ചു. ഇതെല്ലാം തനിക്കു വലിയതോതില്‍ മാനസിക സമ്മര്‍ദ്ദം ഉണ്ടാക്കുന്നുണ്ട്. പൊലീസ് സ്റ്റേഷനുള്ളില്‍ ഒരു സ്ത്രീക്കു ലഭിക്കേണ്ട പരിഗണനകളോ അവകാശങ്ങളോ തനിക്കു ലഭിച്ചില്ല.
സദാ പൊലീസ് നിരീക്ഷണത്തിലുള്ള പ്രദേശമായിട്ടുപോലും മുഖ്യമന്ത്രിയുടെ വീടിനു സമീപത്തെ വീട് ആക്രമിക്കുകയും ബോംബ് എറിയുകയും ചെയ്തു. വീട്ടിലേക്കു സ്റ്റീല്‍ ബോംബ് എറിഞ്ഞതിലൂടെ വലിയ സാമ്പത്തിക നഷ്ടമുണ്ടായെന്നും പരാതിയില്‍ പറയുന്നു. ജനല്‍ചില്ലുകള്‍ തകര്‍ന്നു. വീട്ടുപകരണങ്ങള്‍ക്കും കേടു പറ്റി. കസേരകളും മറ്റും വലിച്ചെറിഞ്ഞ് കിണര്‍ മലിനമാക്കുകയും ചെയ്തു.
സിപിഎം ജില്ലാ സെക്രട്ടറി മുതലുള്ള നേതാക്കളുടെ നേതൃത്വത്തിലാണ് സൈബര്‍ ആക്രമണം തുടങ്ങിയതെന്നും പിന്നീട് ഉത്തരവാദിത്തപ്പെട്ട ഒട്ടേറെ നേതാക്കളും സിപിഎം ജനപ്രതിനിധികളും ആക്രമണം ഏറ്റെടുത്തുവെന്നും പരാതിയില്‍ പറയുന്നു. എം.വി.ജയരാജന്‍, കാരായി രാജന്‍, ബൈജു നങ്ങരാത്ത്, നിധീഷ് ചെല്ലത്ത് തുടങ്ങിയ നേതാക്കളാണ് തനിക്കെതിരെയുള്ള സൈബര്‍ ആക്രമണത്തിനു തുടക്കമിട്ടതെന്നും രേഷ്മ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
തന്റെയും കുടുംബാംഗങ്ങളുടെയും ചിത്രങ്ങള്‍ മോശമായി ഉപയോഗിച്ചു. വ്യക്തിഗത വിവരങ്ങളും ചിത്രങ്ങളും പൊലീസ് സ്റ്റേഷനില്‍ നിന്നാണ് പുറത്തായതെന്നു സംശയിക്കുന്നു. താനും കുടുംബവും ഭര്‍ത്താവിന്റെ കുടുംബവുമെല്ലാം സിപിഎം അനുഭാവികളാണ്. പാര്‍ട്ടിയുമായി അടുത്ത ബന്ധമുള്ളവരുമാണ്. തന്റെയും മകളുടെയും അമ്മയുടെയും ഫോണുകള്‍ മാഹി പൊലീസ് സ്റ്റേഷനിലാണ്. ഈ ഫോണുകളില്‍ ഞങ്ങളുടെ സ്വകാര്യ ഫോട്ടോകളും വിഡിയോകളുമുണ്ട്. പ്രായപൂര്‍ത്തിയാകാത്ത മകളുടെ ഫോണും ഇത്തരത്തില്‍ കസ്റ്റഡിയില്‍ സൂക്ഷിച്ചിരിക്കുന്നത് അവളെ വലിയ മാനസിക സമ്മര്‍ദത്തിലാക്കിയിട്ടുണ്ട്.
മകള്‍ക്ക് പഠനാവശ്യത്തിന് ഈ ഫോണ്‍ ആവശ്യമായ ഘട്ടത്തിലാണ് പൊലീസ് അനധികൃതമായി ഫോണ്‍ കസ്റ്റഡിയില്‍ സൂക്ഷിച്ചിരിക്കുന്നത്. ഒരു സ്ത്രീയെന്ന നിലയില്‍ തനിക്കു ലഭിക്കേണ്ട സ്വാഭാവിക നീതി തടഞ്ഞവര്‍ക്കെതിരെയും സ്ത്രീകളെ അറസ്റ്റ് ചെയ്യുമ്പോള്‍ സ്വീകരിക്കേണ്ട ചട്ടങ്ങള്‍ പാലിക്കാതിരുന്ന ന്യൂ മാഹി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്കെതിരെയും ആവശ്യമായ നടപടി സ്വീകരിക്കണമെന്നും രേഷ്മ പരാതിയില്‍ ആവശ്യപ്പെടുന്നു. അങ്ങയുടെ അയല്‍വാസികൂടിയായ തനിക്കും തന്റെ കുടുംബത്തിനുമെതിരെ സൈബര്‍ ആക്രമണം അഴിച്ചുവിട്ടവര്‍ക്കെതിരെയും നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രിയോട് പരാതിയില്‍ ആവശ്യപ്പെടുന്നുണ്ട്.