സജി ചെറിയാന് ആശ്വാസം; കേസ് അവസാനിപ്പിക്കുന്നതിനെതിരായ തടസഹർജി കോടതി തള്ളി
തിരുവല്ല: സജി ചെറിയാനെതിരായ കേസ് അവസാനിപ്പിക്കുന്നതിന് എതിരായി സമര്‍പ്പിച്ച തടസഹര്‍ജി തിരുവല്ല കോടതി തള്ളി. കേസ് അവസാനിപ്പിക്കുന്നതിന് പോലീസ് നല്‍കിയ അപേക്ഷ പരിഗണിക്കുന്നത് നീട്ടിവെക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. തിരുവല്ല മജിസ്ട്രേറ്റുകോടതിയാണ് ഹര്‍ജി തള്ളിയത്. ബുധനാഴ്ച കേസ് പരിഗണിച്ചെങ്കിലും തുടര്‍നടപടികള്‍ക്കായി വ്യാഴാഴ്ചത്തേക്കുമാറ്റിവെക്കുകയായിരുന്നു. അതിനിടെ, സജി ചെറിയാന്‍ ബുധനാഴ്ച വൈകീട്ട് വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിരുന്നു.
കൊച്ചി സ്വദേശിയായ അഭിഭാഷകന്‍ ബൈജു നോയലാണ് ഹര്‍ജി നല്‍കിയത്. കേസില്‍ കോടതിയില്‍നിന്ന് തീര്‍പ്പുണ്ടാകുന്നതിനുമുമ്പ് അദ്ദേഹത്തെ മന്ത്രിസഭയിലേക്ക് തിരിച്ചെത്തിക്കാന്‍ സിപിഎം തീരുമാനം എടുത്തതിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ കോടതി ഹര്‍ജി തള്ളിയത് അദ്ദേഹത്തിന് ആശ്വാസമായി.
ഭരണഘടനയെ അധിക്ഷേപിക്കുന്ന തരത്തില്‍ പ്രസംഗം നടത്തിയെന്നാണ് കേസ്. തിരുവല്ല കോടതിയുടെ നിര്‍ദേശപ്രകാരമാണ് സജി ചെറിയാനെതിരെ പോലീസ് കേസെടുത്തത്. അതിനിടെ, അദ്ദേഹത്തിന് അനുകൂലമായി പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.
ഈ പോലീസ് റിപ്പോര്‍ട്ട് റദ്ദാക്കണമെന്നും കേസ് സിബിഐ അന്വേഷിക്കണമെന്നും ആവശ്യപ്പെടുന്ന ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. സജി ചെറിയാനെ എംഎല്‍എ സ്ഥാനത്തുനിന്ന് അയോഗ്യനാക്കണമെന്ന് ആവശ്യപ്പെടുന്ന ഹര്‍ജി ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. ഹര്‍ജിയില്‍ ഉന്നയിച്ചിട്ടുള്ള കാര്യങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു ഇതോടെയാണ് അദ്ദേഹത്തെ മന്ത്രിസഭയിലേക്ക് തിരിച്ചെത്തിക്കാന്‍ നീക്കം തുടങ്ങിയത്.