കൊവിഡ് ബാധിച്ച് യുവതി മരിച്ചു; ബന്ധുക്കള്‍ ആശുപത്രി തല്ലിത്തകര്‍ത്തു
മഹാരാഷ്ട്ര: യുവതി കൊവിഡ് ബാധിച്ച് മരിച്ചതിന് പിന്നാലെ ബന്ധുക്കള്‍ ആശുപത്രി അടിച്ചുതകര്‍ത്തു. റിസപ്ഷന്‍ കത്തിച്ചു. ഞായറാഴ്ച മഹാരാഷ്ട്രയിലെ നാഗ്പൂര്‍ ജില്ലയിലാണ് സംഭവം. ആശുപത്രിയിലെ സിസി ടിവിയിലെ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പത്തുപേരെ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു.
യുവതിയുടെ ബന്ധുക്കള്‍ ആശുപത്രി തകര്‍ക്കുന്നതിന്റെ വിഡിയോ പുറത്തുവന്നിട്ടുണ്ട്. ബന്ധുക്കളിലൊരാള്‍ പെട്രോള്‍ ഒഴിച്ച് റിസപ്ഷനിലെ മേശകത്തിക്കുന്നത് വ്യക്തമാണ്. യുവതിയുടെ ഭര്‍ത്താവ് ഡോക്ടറുമായി തര്‍ക്കമുണ്ടാക്കുകയും പിന്നീട് ബന്ധുക്കളുടെ സഹായത്തോടെ ആശുപത്രി തല്ലി തകര്‍ക്കുകയുമായിരുന്നെന്ന് നാഗ്പൂര്‍ ഡിസിപി പറഞ്ഞു.
രാജ്യത്ത് പ്രതിദിന കൊവിഡ് ബാധയില്‍ ഞെട്ടിക്കുന്ന വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു ലക്ഷത്തിലധികം കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,03,558 കൊവിഡ് കേസുകളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,25,89,067 ആയി ഉയര്‍ന്നു. 7,41,830 ആക്ടീവ് കോവിഡ് കേസുകളാണ് നിലവില്‍ രാജ്യത്തുള്ളത്.
പുതിയതായി രാജ്യത്ത് 478 കൊവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണങ്ങള്‍ 1,65,101 ആയി ഉയര്‍ന്നു. 52,847 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. ഇതോടെ ആകെ 1,16,82,136 പേര്‍ക്ക് രോഗമുക്തി ലഭിച്ചു. നിലവില്‍ രാജ്യത്ത് വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം 7,91,05,163 ആയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
അതേസമയം കൊവിഡ് വ്യപനത്തെ തുടര്‍ന്ന് മുംബൈയില്‍ സംസ്ഥാന സര്‍ക്കാര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. രാവിലെ 7 മണി മുതല്‍ രാത്രി 8 മണി വരെയാണ് നിരോധനാജ്ഞ. അഞ്ച് പേരില്‍ കൂടുതല്‍ ആളുകള്‍ കൂട്ടംകൂടാന്‍ പാടില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ കര്‍ശന നിര്‍ദേശം നല്‍കി.
മഹാരാഷ്ട്രയില്‍ ഇന്ന് മുതല്‍ ഭാഗിക ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഹോട്ടല്‍, റസ്റ്റോറന്റ്, ബാര്‍, പാര്‍ക്ക് എന്നിവ അടഞ്ഞ് കിടക്കും. അതോടൊപ്പം ഇന്ന് രാത്രി 8 മണി മുതല്‍ 7 മണി വരെ രാത്രി കാല കര്‍ഫ്യൂവും ഏര്‍പ്പെടുത്തി. രോഗവ്യാപനം ഉയര്‍ന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ വാരാന്ത്യ ലോക്ക്ഡൗണും മഹാരാഷ്ട്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു.
മഹാരാഷ്ട്രയില്‍ ഇന്നലെ 57,000ത്തിന് മേല്‍ ആളുകള്‍ക്ക് രോഗം സ്ഥിരീകരിച്ചു. 222 പേര്‍ മരണമടഞ്ഞു. മുംബൈ വിമാനത്താവളത്തില്‍ കൊവിഡ് ചട്ടങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു.
കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ രാജസ്ഥാന്‍ സര്‍ക്കാരും കൂടുതല്‍ നിയന്ത്രണങ്ങളേര്‍പ്പെടുത്തി. രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തിയതോടൊപ്പം 1 മുതല്‍ ഒമ്പത് വരെയുള്ള ക്ലാസുകളും ജിംനേഷ്യം, മള്‍ട്ടിപ്ലക്സ് എന്നിവ അടച്ചുപൂട്ടാനും തീരുമാനമായി. ഇന്ന് മുതല്‍ ഏപ്രില്‍ 19വരെയാണ് നിയന്ത്രണം. പ്രിന്‍സിപ്പല്‍ സെക്രട്ടറി അഭയ് കുമാറാണ് നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്.
പരിപാടികള്‍ക്ക് ഒരുമിച്ച് കൂടുന്ന ആളുകളുടെ എണ്ണം 100ആക്കി നിജപ്പെടുത്തി.അവസാന വര്‍ഷ വിദ്യാര്‍ത്ഥികളൊഴികെയുള്ള കോളേജ് വിദ്യാര്‍ത്ഥികളുടെ ക്ലാസും നിര്‍ത്തി. മുന്‍കൂര്‍ അനുമതിയോടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ നടത്താം. പുറത്തുനിന്നുള്ള യാത്രക്കാര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ത്തലാക്കി. രാത്രി എട്ടുമുതല്‍ രാവിലെ ആറുവരെയാണ് രാത്രി കര്‍ഫ്യൂ. ഈസമയത്ത് ഭക്ഷണ ഡെലിവറി അനുവദിക്കും. മറ്റ് സംസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യരുതെന്ന് സര്‍ക്കാര്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.