കോഴിക്കോട്: ക്രൈം ബ്രാഞ്ച് തുടർച്ചയായി വേട്ടയാടിയത് മൂലം ജീവനൊടുക്കാനാണ് നാട്ടിൽ നിന്നും പോയതെന്ന് കാണാതായ മാമിയുടെ ഡ്രൈവർ രജിത്കുമാറും കുടുംബവും. മക്കളെ പോലും ചോദ്യം ചെയ്തു ഉപദ്രവിക്കുന്നതിനാൽ ജീവിക്കാൻ കഴിയാത്ത സ്ഥിതിയാണ്.
മാമിയെ കാണാതായെന്ന് പറയുന്ന അന്ന് തന്നെ കുടുംബം പരാതി നൽകിയതിൽ ദുരൂഹത ഉണ്ടെന്നും രജിത് കുമാർ ആരോപിച്ചു. അതെ സമയം രജിത് കുമാറിനെയും ഭാര്യയെയും വീണ്ടും ചോദ്യം ചെയ്യാൻ ക്രൈം ബ്രാഞ്ച് വീണ്ടും നീക്കം തുടങ്ങി.
റിയൽ എസ്റ്റേറ്റ് വ്യാപാരിയായ മാമിയെ കാണാതായ കേസിൽ ക്രൈം ബ്രാഞ്ച് കുടുംബത്തെ വേട്ടയാടുകയെന്നാണ് ഡ്രൈവർ രജിത് കുമാറിന്റെ ആരോപണം. പുലർച്ചെ നാല് മണിക്ക് വീടിന്റെ മതിൽ ചാടി കടന്നു വരെ ക്രൈം ബ്രാഞ്ച് സംഘം വീട്ടിൽ എത്തി. ആരെ ഫോൺ വിളിച്ചാലും അവരെ തേടി പൊലീസ് വരികയാണ്. കാറും ഫോണുമെല്ലാം ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ എടുത്തു. നാട്ടുകാർക്ക് മുന്നിൽ ഒറ്റപ്പെട്ടന്നും രജിത് കുമാർ പറഞ്ഞു.
മാമി അവസാനമായി പള്ളിയിൽ പോകുന്നത് കണ്ടിരുന്നു. മാമി എവിടെയെങ്കിലും മാറി നിൽക്കുകയാണെന്ന് കരുതുന്നില്ലെന്നും രജിത് കുമാർ വ്യക്തമാക്കി. വീണ്ടും ഹാജറാകണമെന്ന് ആവശ്യപ്പെട്ടു ക്രൈം ബ്രാഞ്ച് നോട്ടീസ് നൽകിയതിന് പിന്നാലെയാണ് രജിത് കുമാറിനെയും സുഷാരയെയും കാണാതായത്.
ഇരുവരെയും പിന്നീട് ഗുരുവായൂരിൽ നിന്നും കണ്ടെത്തുകയായിരുന്നു. അതേ സമയം രജിത് കുമാറിനെയെയും ഭാര്യയെയും ചോദ്യം ചെയ്യാനുള്ള നടപടിയുമായി മുന്നോട്ട് പോകാൻ തന്നെയാണ് ക്രൈം ബ്രാഞ്ചിന്റെ തീരുമാനം. സുഷാരയുടെ ഫോണിന്റെ ഫോറെൻസിക് പരിശോധന ഫലം കിട്ടിയാൽ ഉടൻ തന്നെ നോട്ടീസ് നൽകി വിളിപ്പിക്കാനാണ് ആലോചന.