യുക്രെയ്ന്റെ കിഴക്കൻ,തെക്കൻ മേഖലകളിൽ ഹിതപരിശോധന,പുതിയ യുദ്ധതന്ത്രവുമായി റഷ്യ
കീവ്: ഒപ്പം നിൽക്കുന്ന വിമതരുടെ നിയന്ത്രണത്തിലുള്ളതും യുദ്ധത്തിൽ പിടിച്ചെടുത്തതുമായ കിഴക്കൻ, തെക്കുകിഴക്കൻ യുക്രെയ്ൻ മേഖലകളിൽ ഹിതപരിശോധന നടത്താൻ റഷ്യ ഒരുങ്ങുന്നു. റഷ്യയുടെ ഭാഗമാകണോയെന്ന് തീരുമാനിക്കാൻ നടത്തുന്ന ഹിതപരിശോധന വെളളി മുതൽ ചൊവ്വ വരെ നടത്തുമെന്ന് ലുഹാൻസ്ക്, ഡോണെറ്റ്സ്ക്, ഖേഴ്സൻ, സാപൊറീഷ്യ മേഖലകളാണ് പ്രഖ്യാപിച്ചത്. ഫലം അന്തിമമായിരിക്കുമെന്ന് റഷ്യയുടെ മുൻ പ്രസിഡന്റും സുരക്ഷാസമിതിയുടെ ഡപ്യൂട്ടി ചെയർമാനുമായ ദിമിത്രി മെദ്‌വെദെവ് വ്യക്തമാക്കി. ഈ ഹിതപരിശോധന ഒരു മാറ്റവും കൊണ്ടുവരാൻ പോകുന്നില്ലെന്ന് യുക്രെയ്ൻ വിദേശകാര്യമന്ത്രി ദിമിത്രോ കുലേബ തിരിച്ചടിച്ചു.
ഫെബ്രുവരി 24നു തുടങ്ങിയ യുദ്ധം ശനിയാഴ്ച 7 മാസം പിന്നിടുകയാണ്. അധിനിവേശ മേഖലകൾ തിരിച്ചുപിടിക്കാനുള്ള യുക്രെയ്നിന്റെ ശ്രമങ്ങൾ വിജയം കാണുന്ന ദിനങ്ങളിലാണ് റഷ്യ പുതിയ തന്ത്രം പ്രയോഗിക്കുന്നത്. വോട്ടെടുപ്പുഫലം അനുകൂലമായാൽ യുക്രെയ്നിന്റെ 15% ഭൂപ്രദേശങ്ങൾ റഷ്യൻ ഫെഡറേഷന്റെ ഭാഗമാകും. അതിനുശേഷം യുക്രെയ്ൻ ഇവിടെ സൈനികനടപടികൾക്കു മുതിർന്നാൽ റഷ്യയുടെ തിരിച്ചടി പ്രവചനാതീതമായേക്കാം.
സ്വതന്ത്ര റിപ്പബ്ലിക്കുകളായി സ്വയം പ്രഖ്യാപിച്ച കിഴക്കൻ യുക്രെയ്ൻ പ്രവിശ്യകളാണ് ലുഹാൻസ്കും ഡോണെറ്റ്സ്കും (ഡോൺബാസ് മേഖല). തെക്കുള്ള ഖേഴ്സന്റെ 95 ശതമാനവും ഇപ്പോൾ റഷ്യൻ സേനയുടെ നിയന്ത്രണത്തിലാണ്. തെക്കുകിഴക്കൻ പ്രദേശമായ സാപൊറീഷ്യയിലാണ് യൂറോപ്പിലെ ഏറ്റവും വലിയ ആണവനിലയം സ്ഥിതി ചെയ്യുന്നത്.
യുക്രെയ്നിന്റെ ഭാഗമായ ക്രൈമിയയെ 2014 ൽ റഷ്യ കൈവശപ്പെടുത്തിയത് ഹിതപരിശോധന നടത്തി ഔപചാരികമായ ജനപിന്തുണ നേടിയായിരുന്നു.
യുക്രെയ്നിൽ യുദ്ധം എത്രയും പെട്ടെന്ന് അവസാനിപ്പിക്കാൻ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ തയാറാണെന്നു കരുതുന്നതായി തുർക്കി പ്രസിഡന്റ് തയ്യിപ് എർദോഗൻ പറഞ്ഞു. റഷ്യയുടെ നില പരുങ്ങലിലാണെന്നും സുപ്രധാന നടപടി ഉടനുണ്ടാകുമെന്നും യുഎസ് ചാനലിനു നൽകിയ അഭിമുഖത്തിൽ അദ്ദേഹം സൂചിപ്പിച്ചു. യുക്രെയ്നിൽ നിന്നു ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള ധാന്യവിതരണത്തിന് ഐക്യരാഷ്ട്ര സംഘടന മുൻകയ്യെടുത്ത് നടത്തിയ ചർച്ചകളിൽ മധ്യസ്ഥത വഹിച്ചത് എർദോഗൻ ആയിരുന്നു.