International

രാജ്യത്തിന് പുതിയ ഭരണഘടന, സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം നല്‍കും,സിറിയ ലോകത്തിന് ഭീഷണിയാവില്ല;ലോകരാഷ്ട്രങ്ങളുടെ സഹായം തേടി മുഹമ്മദ് ആല്‍ ജൂലാനി

ഡമാസ്‌കസ്: സിറിയയെ സഹായിക്കാന്‍ ലോകരാജ്യങ്ങള്‍ മുന്നോട്ടു വരണമെന്ന് അഭ്യാര്‍ഥിച്ച് വിമത നേതാവ് അബു മുഹമ്മദ് അല്‍ ജൂലാനി. സിറിയ ഒരിക്കലും ലോക സമാധാനത്തിന് ഭീഷണി ആകില്ലെന്നെന്നും അദ്ദേഹം ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. ലോകരാജ്യങ്ങള്‍ സിറിയയ്ക്ക് എതിരായ ഉപരോധം പിന്‍വലിക്കണം. കാരണം ഉപരോധങ്ങള്‍ ബാഷര്‍ അല്‍ അസദിന്റെ ഭരണ കാലത്ത് നിലവില്‍ വന്നതാണ്. അത് പുതിയ ഭരണകൂടത്തിന്റെ കാലത്തും തുടരുന്നത് ശരിയല്ലെന്ന് വിമത സംഘമായ ഹയാത്ത് തഹ്രീര്‍ അല്‍ ഷാമിന്റെ തലവന്റെ പ്രതികരണം.

എച്ച്ടിഎസിനെ തീവ്രവാദ പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് ജൂലാനി ആവശ്യപ്പെട്ടു. സിറിയയെ ഒരിക്കലും അഫ്ഗാനിസ്ഥാന്‍ പോലെ ആക്കില്ലെന്നും ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിനെ തടയില്ല. സിറിയയില്‍ വിമതര്‍ ഭരിക്കുന്ന ഇദ്ലിബില്‍ സര്‍വ്വകലാശാലകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ സര്‍വ്വകലാശാലകളില്‍ 60 ശതമാനത്തില്‍ കൂടുതല്‍ സ്ത്രീകള്‍ പഠിക്കുന്നു. നിയമ വിദഗ്ധരുടെ ഒരു സമിതി രാജ്യത്തിനായി പുതിയ ഭരണഘടനാ ഉണ്ടാക്കും എന്നും ജൂലാനി വ്യക്തമാക്കി.

അതേസമയം മദ്യം സംബന്ധിച്ച ചോദ്യത്തില്‍ നിന്നും അദ്ദേഹം ഒഴിഞ്ഞുമാറി. ഇക്കാര്യത്തെ കുരിച്ച് പറയാന്‍ തനിക്കിപ്പോള്‍ ആകില്ലെന്നായിരുന്നു പ്രതിരകരണം. നേരത്തെ സിറിയ താവളമാക്കി ഇസ്രായേലിനെ ആക്രമിക്കാന്‍ അനുവദിക്കില്ലെന്ന് ജുലാനി വ്യക്തമാക്കിയിരുന്നു. ഇസ്രായേലുമായും ഒരു രാജ്യവുമായും തങ്ങള്‍ സംഘര്‍ഷം ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ഇസ്രായേല്‍ സിറിയയില്‍ നടത്തുന്ന ആക്രമണം അവസാനിപ്പിക്കുകയും രാജ്യത്ത് കൈയേറിയ പ്രദേശങ്ങളില്‍നിന്ന് പിന്മാറുകയും ചെയ്യണമെന്നും അദ്ദേഹം ദി ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

‘1947ലെ ഇസ്രായേല്‍-സിറിയ കരാറിലെ ധാരണകളില്‍ ഞങ്ങള്‍ ഉറച്ചുനില്‍ക്കും. യുഎന്‍ ദൗത്യസംഘത്തെ തിരിച്ചെത്തിക്കാനുള്ള തയാറെടുപ്പുകള്‍ നടക്കുകയാണ്. ഇസ്രായേലായാലും മറ്റേതു രാജ്യമായാലും ആറുമായും സംഘട്ടനം ആഗ്രഹിക്കുന്നില്ല. സിറിയയെ ആക്രമണത്തിനുള്ള താവളമാക്കാനും അനുവദിക്കില്ല.’-ജുലാനി പറഞ്ഞു. സിറിയന്‍ ജനത ഒരു ഇടവേള ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. രാജ്യത്ത് ആക്രമണം നടത്തുന്നത് അവസാനിപ്പിച്ച് പഴയ കേന്ദ്രങ്ങളിലേക്ക് ഇസ്രായേല്‍ പിന്മാറണം. അസദ് ഭരണത്തില്‍ ലോകരാജ്യങ്ങള്‍ ചുമത്തിയ ഉപരോധങ്ങളും നിയന്ത്രണങ്ങളും നീക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അല്‍ഖാഇദയുമായി ബന്ധമുണ്ടായിരുന്ന ഹയ്അത്തുത്തഹ്രീറുശ്ശാം(എച്ച്ടിഎസ്) സിറിയയുടെ അധികാരം പിടിച്ചതില്‍ ക്രിസ്ത്യാനികളും ദുറൂസികളും ഉള്‍പ്പെടെയുള്ള രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ ആശങ്കയിലാണെന്ന റിപ്പോര്‍ട്ടുകളോടും ജുലാനി പ്രതികരിച്ചു. ന്യൂനപക്ഷ നേതാക്കളുമായി തങ്ങള്‍ കൂടിക്കാഴ്ച നടത്തി ആശങ്കകള്‍ ചര്‍ച്ച ചെയ്തതായി അദ്ദേഹം അറിയിച്ചു. കരങ്ങളില്‍ രക്തക്കറയുള്ളവരും അസദ് ഭരണകൂടത്തിന്റെ പീഡനങ്ങളില്‍ പങ്കാളികളായവരും ഒഴികെയുള്ള എല്ലാവര്‍ക്കും പൊതുമാപ്പു നല്‍കുമെന്നും ജുലാനി വെളിപ്പെടുത്തി.

തെരഞ്ഞെടുപ്പ് നടത്തുംമുന്‍പ് രാജ്യത്തെ പുനര്‍നിര്‍മിക്കുന്നതിലും സുസ്ഥിരത കൊണ്ടുവരുന്നതിലുമാണു തന്റെ പ്രധാന ശ്രദ്ധയെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ജനസംഖ്യയുടെ പകുതിയും പുറത്താണുള്ളത്. അവരില്‍ പലര്‍ക്കും കൃത്യമായ രേഖകളൊന്നുമില്ല. അയല്‍രാജ്യങ്ങളില്‍നിന്നും യൂറോപ്പില്‍നിന്നുമെല്ലാം അവരെ തിരികെ നാട്ടിലെത്തിക്കണമെന്നും ജുലാനി പറഞ്ഞു.

ഭരണമാറ്റ കാലത്തേക്കുള്ള പദ്ധതികളും സിറിയന്‍ ഭരണഘടനയും തയാറാക്കാന്‍ കമ്മിറ്റികള്‍ രൂപീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇതിനു ദീര്‍ഘകാലമെടുക്കുമെന്നു പറഞ്ഞ അദ്ദേഹം ഇസ്ലാമിക നിയമം നടപ്പാക്കുമെന്ന പ്രചാരണങ്ങള്‍ തള്ളുകയും ചെയ്തു. ജനങ്ങളുടെ വ്യക്തിസ്വാതന്ത്ര്യങ്ങളിലൊന്നും ഭരണകൂടം ഇടപെടില്ലെന്നും ജുലാനി വ്യക്തമാക്കി. സ്വാഭാവിക സിറിയയായിരിക്കും വരാന്‍ പോകുന്നത്. അതേസമയം, ആചാരങ്ങളെ കൂടി കണക്കിലെടുത്താകും മുന്നോട്ടുപോകുകയെന്നും അബൂ മുഹമ്മദ് അല്‍ജുലാനി കൂട്ടിച്ചേര്‍ത്തു.

അതേസമയം കുപ്രസിദ്ധമായ തടവറകള്‍ ഓരോന്നോരോന്നായി കണ്ടെത്തി തടവുകാരെ തുറന്ന് വിട്ട് സ്വാതന്ത്ര്യ ആഘോഷവും നടക്കുന്നു. എല്ലാ തടവറകളും തുറക്കും എന്നാണ് വിമതരുടെ വാക്ക്. സിറിയയില്‍ ബഷാര്‍ അല്‍ അസദിന്റെ പിതാവായ ഹാഫിസ് അല്‍ അസദിന്റെ ഭരണകാലത്ത് ജയില്‍ അടയ്ക്കപ്പെടുകയും പിന്നീട് സൗദിയില്‍ അഭയം തേടുകയും ചെയ്ത അറബ് ദേശീയവാദിയായ ഹുസൈന്‍ അല്‍ ഷറായുടെ മകനാണ് അബു മുഹമ്മദ് അല്‍ ജുലാനി എന്നു വിളിപ്പേരുള്ള അഹമദ് ഹുസൈന്‍ അല്‍ഷറാ. 1982ല്‍ സൗദിയിലെ റിയാദില്‍ ജനിച്ച ജുലാനി ഏഴാം വയസ്സില്‍ കുടുംബത്തിനൊപ്പം സിറിയയിലെ ദമാസ്‌ക്കസിലേക്ക് തിരിച്ചെത്തുകയായിരുന്നു.

2003ല്‍ അമേരിക്ക ഇറാഖിനെ ആക്രമിച്ചതിനെ തുടര്‍ന്ന് ജുലാനി അവിടെയെത്തി അല്‍ ഖ്വയ്ദയില്‍ ചേര്‍ന്നു. 2006ല്‍ അമേരിക്കയുടെ പിടിയിലായ ജുലാനി അഞ്ചു വര്‍ഷക്കാലം ജയിലായിരുന്നു. 2011 മാര്‍ച്ചില്‍ സിറിയയില്‍ ബഷാര്‍ അല്‍ അസദിനെതിരെയുള്ള പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ ജുലാനി സിറിയയിലേക്ക് മടങ്ങി, ജബത്ത് അല്‍ നുഷ്റ എന്ന പേരില്‍ അല്‍ ഖ്വയ്ദയുടെ ഘടകം സ്ഥാപിച്ചു .അബു ബകര്‍ അല്‍ ബാഗ്ദാദിയുമായി യോജിച്ച് പ്രവര്‍ത്തിച്ചെങ്കിലും ഇസ്ലാമിക് സ്റ്റേറ്റ് രൂപീകരണത്തെ തുടര്‍ന്ന് 2013ല്‍ ബന്ധം ഉപേക്ഷിച്ച് അല്‍ ഖ്വയ്ദയുടെ അയ്മാന്‍ അല്‍ സവാഹിരിയില്‍ ചേര്‍ന്നു.

2016ല്‍ ഗ്രൂപ്പിനെ ജബത് ഫത്തേ അല്‍ ഷാം എന്ന് പുനര്‍നാമകരണം ചെയ്യുകയും 2017ല്‍ പല വിഭാഗങ്ങളുമായി ചേര്‍ന്ന് എച്ച് ടി എസ് രൂപീകരിക്കുകയും ചെയ്തു. തുടര്‍ന്ന് അല്‍ ഖ്വയ്ദയില്‍ നിന്ന് അകന്ന് മിതവാദി പ്രതിച്ഛായയിലേക്ക് മാറിയ ജുലാനി ഒരു രാഷ്ട്രീയ നേതാവിന്റെ കുപ്പായം അണിയുകയായിരുന്നു. നീളന്‍ കുപ്പായവും താടിയും ഉപേക്ഷിച്ചു. സ്ത്രീകള്‍ക്ക് ശിരോവസ്ത്രം നിര്‍ബന്ധം അല്ലെന്നും ക്രിസ്ത്യാനികളെ സംരക്ഷിക്കുമെന്നും പറയുന്നുണ്ടെങ്കിലും ആത്യന്തികമായി ജുലാനിയുടെ ലക്ഷ്യം അല്‍ ഖ്വയ്ദയുടേത് തന്നെയാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

കോവിഡ് 19, ഉക്രെയ്ന്‍ യുദ്ധം, ഇഡ്ലിബിലെ പ്രശ്നങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള കാരണങ്ങളാല്‍ അഞ്ച് വര്‍ഷത്തോളം എച്ച്ടിഎസിന്റെ പ്രവര്‍ത്തനം അത്ര സജീവമല്ലായിരുന്നു. ലെബനനിലെ മാധ്യമസ്ഥാപനമായ അല്‍-മനാറിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് രാജ്യത്തിന്റെ ഭരണത്തില്‍ ശ്രദ്ധകേന്ദ്രീകരിച്ചാണ് അവര്‍ സിറിയയില്‍ വേരുറപ്പിച്ചത്. എച്ച്ടിഎസിന്റെ പുനരുജ്ജീവനം ചില വിമര്‍ശനങ്ങള്‍ക്കും ഇടയാക്കിയിട്ടുണ്ട്. അസദിന്റെ പതനം ഐഎസുമായും അല്‍ ഖ്വയ്ദയുമായും ബന്ധമുള്ള ഗ്രൂപ്പുകളെ ശാക്തീകരിക്കുമെന്ന് ചിലര്‍ മുന്നറിയിപ്പ് നല്‍കുന്നു.

നിലവില്‍ സിറിയയിലെ ഏറ്റവും ശക്തമായ സായുധ പ്രതിപക്ഷ സേനയാണ് എച്ച്ടിഎസ്. ഇറാഖില്‍ നിന്ന് ആറുപേരുമായാണ് ജുലാനി തന്റെ സംഘടനയ്ക്ക് രൂപം കൊടുത്തത്. എന്നാല്‍ ഒരു വര്‍ഷത്തിനുള്ളില്‍ അംഗസംഖ്യ 5000 ആയി ഉയര്‍ന്നു. 2022ല്‍ വടക്കുപടിഞ്ഞാറന്‍ സിറിയന്‍ പ്രവിശ്യയായ ഇഡ്ലിബില്‍ എച്ച്ടിഎസ് പ്രവര്‍ത്തനം വ്യാപിപ്പിച്ചു. സാല്‍വേഷന്‍ ഗവണ്‍മെന്റ് എന്ന പേരില്‍ ഒരു സിവിലിയന്‍ ഭരണകൂടത്തിന് ജുലാനി രൂപം നല്‍കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker