ബംഗളൂരു: ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ തകര്‍ത്തത് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു ഐപിഎല്‍ പ്ലേ ഓഫില്‍. പ്ലേ ഓഫിലെത്താന്‍ 18 റണ്‍സ് വ്യത്യാസത്തിലുള്ള ജയമാണ് ആര്‍സിബിക്ക് വേണ്ടിയിരുന്നത്. എന്നാല്‍ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ 27 റണ്‍സിന്റെ വിജയമാണ് ആര്‍സിബി സ്വന്തമാക്കിയത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ആര്‍സിബി 219 റണ്‍സിന്റെ വിജയലക്ഷ്യമാണ് മുന്നോട്ടുവച്ചത്. എന്നാല്‍ നിലവിലെ ചാംപ്യന്മാരായ ചെന്നൈക്ക് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സെടുക്കാനാണ് സാധിച്ചത്. 201 റണ്‍സെടുക്കാന്‍ ആയിരുന്നെങ്കില്‍ ചെന്നൈക്ക് പ്ലേ ഓഫിലെത്താമായിരുന്നു.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, രാജസ്ഥാന്‍ റോയല്‍സ്, സണ്‍റൈസേഴ്സ് ഹൈദരാബാദ് എന്നിവരാണ് പ്ലേ ഓഫ് ഉറപ്പാക്കിയ മറ്റു ടീമുകള്‍. ആര്‍സിബിക്കും ചെന്നൈക്കും 14 പോയിന്റ് വീതമാണുള്ളത്. എന്നാല്‍ ചെന്നൈയുടെ നെറ്റ് റണ്‍റേറ്റ് മറികടക്കാന്‍ ആര്‍സിബിക്കായി.
മോശം തുടക്കമായിരുന്നു ചെന്നൈക്ക്. ആദ്യ പന്തില്‍ തന്നെ ക്യാപ്്റ്റന്‍ റുതുരാജ് ഗെയ്കവാദിനെ (0) ഗ്ലെന്‍ മാക്‌സ്‌വെല്‍ പുറത്താക്കി. ഡാരില്‍ മിച്ചലിനും (4) തിളങ്ങാന്‍ സാധിച്ചിരുന്നില്ല. ഇതോടെ രണ്ടിന് 19 എന്ന നിലയിലായി ചെന്നൈ. പിന്നീട് രചിന്‍ രവീന്ദ്ര (37 പന്തില്‍ 61) – അജിന്‍ക്യ രഹാനെ (22 പന്തില്‍ 33) സഖ്യം 65 റണ്‍സ് കൂട്ടിചേര്‍ത്തു. ടീമിനെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചതും ഈ ഇന്നിംഗ്‌സായിരുന്നു. എന്നാല്‍ ലോക്കി ഫെര്‍ഗൂസണിന്റെ പന്തില്‍ ഫാഫിന് ക്യാച്ച് നല്‍കി രഹാനെ മടങ്ങി. ശിവം ദുബെ (7), മിച്ചല്‍ സാന്റ്‌നര്‍ (3) തീര്‍ത്തും നിരാശപ്പെടുത്തി.
രവീന്ദ്ര ജഡേജയും (22 പന്തില്‍ പുറത്താവാതെ 42), എം എസ് ധോണിയും (13 പന്തില്‍ 25) ശ്രമിച്ചെങ്കിലും വിജയത്തിലേക്ക് നയിക്കാന്‍ സാധിച്ചില്ല. പ്ലേ ഓഫ് കടമ്പ മറികടക്കാന്‍ അവസാന രണ്ട് ഓവറില്‍ 35 റണ്‍സാണ് ചെന്നൈക്ക് വേണ്ടിയിരുന്നത്. ഫെര്‍ഗൂസണ്‍ എറിഞ്ഞ 19-ാ ഓവറില്‍ 18 റണ്‍സ് അടിച്ചെടുത്തു.
പിന്നീട് അവസാന ഓവറില്‍ വേണ്ടത് 17 റണ്‍സ്. അവസാന ഓവര്‍ എറിയാനെത്തിയ യഷ് ദയാലിന്റെ ആദ്യ പന്ത് തന്നെ ധോണി സിക്‌സര്‍ പറത്തി. രണ്ട് പന്തില്‍ ധോണി മടങ്ങി. മൂന്നാം പന്തില്‍ ഷാര്‍ദുല്‍ ഠാക്കൂറിന് റണ്‍സെടുക്കാനായില്ല. അവസാന മൂന്ന് പന്തില്‍ വേണ്ടത് 11 റണ്‍സ്. നാലാം പന്തില്‍ സിംഗിള്‍. അവസാന രണ്ട് പന്തില്‍ വേണ്ടത് 10 റണ്‍സ്. എന്നാല്‍ ജഡേജയ്ക്ക് പന്തില്‍ തൊടാനായില്ല.
നേരത്തെ ഫാഫ് ഡു പ്ലെസിസ് (39 പന്തില്‍ 54), വിരാട് കോലി (29 പന്തില്‍ 47), രജത് പടിധാര്‍ (23 പന്തില്‍ 41), കാമറൂണ്‍ ഗ്രീന്‍ (17 പന്തില്‍ പുറത്താവാതെ 38) എന്നിവരുടെ ഇന്നിംഗ്സുകളാണ് ആര്‍സിബിയെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. മികച്ച തുടക്കമാണ് ആര്‍സിബിക്ക് ലഭിച്ചത്. ഇതിനിടെ മഴയെത്തുകയും കുറച്ച് സമയം നിര്‍ത്തിവെക്കേണ്ടിവന്നു. ഒന്നാം വിക്കറ്റില്‍ കോലി – ഫാഫ് സഖ്യം ഒന്നാം വിക്കറ്റില്‍ 78 റണ്‍സാണ് ചേര്‍ത്തത്. മഴയ്ക്ക് ശേഷം ആര്‍സിബി ബാറ്റ് ചെയ്യാന്‍ അല്‍പം ബുദ്ധിമുട്ടി. പത്ത് ഓവര്‍ പൂര്‍ത്തിയാവുന്നതിന് മുമ്പ് കോലി ടങ്ങുകയും ചെയ്തു. മിച്ചല്‍ സാന്റ്നറുടെ പന്തില്‍ ലോംഗ് ഓണില്‍ ഡാരില്‍ മിച്ചലിന് ക്യാച്ച് നല്‍കിയാണ് കോലി മടങ്ങുന്നത്. തുടര്‍ന്നെത്തിയ പടിധാറും മികച്ച പ്രകടനം പുറത്തെടുത്തു.
13-ാം ഓവറില്‍ ഫാഫ് അംപയറുടെ വിവാദ തീരുമാനത്തില്‍ മടങ്ങി. സാന്റ്നറുടെ പന്തില്‍ റണ്ണൗട്ടാവുകയായിരുന്നു താരം. തുടര്‍ന്നെത്തിയ ഗ്രീനും നിര്‍ണായക സംഭാവന നല്‍കി. മധ്യ ഓവറുകളില്‍ നന്നായി കളിച്ച ശേഷം പടിധാറും മടങ്ങി. ദിനേശ് കാര്‍ത്തിക് (6 പന്തില്‍ 14), ഗ്ലെന്‍ മാക്സ്വെല്‍ (5 പന്തില്‍ 16) എന്നിവരുടെ ഇന്നിംഗ്സാണ് സ്‌കോര്‍ 200 കടക്കാന്‍ സഹായിച്ചത്. മഹിപാല്‍ ലോംറോണ്‍ (0) ഗ്രീനിനൊപ്പം പുറത്താവാതെ നിന്നു.