തിരുവനന്തപുരം ∙ റേഷൻ വിതരണ കരാറുകാരുടെ സമരം മൂന്നാഴ്ച പിന്നിട്ടതോടെ സംസ്ഥാനത്തെ പതിനാലായിരത്തിൽപരം കടകളിൽ മിക്കതിലും സാധനങ്ങളില്ല. പകുതിയോളം കാർഡ് ഉടമകൾക്ക് ജനുവരിയിലെ റേഷൻ വിതരണം ചെയ്യാനുമായിട്ടില്ല. 27 മുതൽ വ്യാപാരികൾ കൂടി അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചിട്ടുള്ളതിനാൽ ലക്ഷക്കണക്കിനു കാർഡ് ഉടമകൾക്കു ഈ മാസത്തെ റേഷൻ നഷ്ടപ്പെടാം.
ആകെ 94.82 ലക്ഷം കാർഡ് ഉടമകളിൽ 46.76 ലക്ഷം (49.31%) പേരാണ് ഇതുവരെ ജനുവരിയിലെ റേഷൻ വാങ്ങിയത്. വ്യാപാരി സംഘടനകളെല്ലാം 27 മുതൽ കടയടപ്പ് സമരം പ്രഖ്യാപിച്ചതിനാൽ ഇനി 5 പ്രവൃത്തിദിനങ്ങൾ മാത്രമാണ് വിതരണത്തിന് ശേഷിക്കുന്നത്.
ഗോഡൗണുകളിൽ നിന്നു കടകളിൽ സാധനങ്ങൾ എത്തിക്കുന്ന കരാറുകാർക്ക് ഡിസംബർ വരെ 3 മാസത്തെ ബിൽ തുകയും മുൻകാല കുടിശികയും ഉൾപ്പെടെ നൽകാനുള്ള 71 കോടിയിലേറെ രൂപ ആവശ്യപ്പെട്ടാണ് ഇവർ ഈ മാസം ആദ്യം പണിമുടക്ക് ആരംഭിച്ചത്. ഒരു മാസത്തെ തുക നൽകാൻ 17 കോടി രൂപ വേണം.
സർക്കാർ 50 കോടി രൂപ നോഡൽ ഏജൻസിയായ സപ്ലൈകോയ്ക്ക് അനുവദിച്ചെങ്കിലും ബിൽ തുകയിൽ സെപ്റ്റംബറിലെ 40% മാത്രമാണു നൽകിയത്. ബാക്കി സപ്ലൈകോ ഗോഡൗണുകളുടെ വാടകയും ജീവനക്കാരുടെ ശമ്പളത്തിനും മറ്റുമായി മാറ്റിവച്ചു. സർക്കാരും കരാറുകാരുമായി ഇനി ചർച്ച നിശ്ചയിച്ചിട്ടില്ലാത്തതിനാൽ റേഷൻ പ്രതിസന്ധി എങ്ങനെ പരിഹരിക്കുമെന്നു വ്യക്തമല്ല.
കാർഡ് ഉടമകൾക്ക് പ്രതിമാസ സെസ് മുൻഗണന ഇതര വിഭാഗത്തിലെ നീല, വെള്ള കാർഡ് ഉടമകളിൽ നിന്നു പ്രതിമാസം ഒരു രൂപ സെസ് പിരിക്കാൻ ഒരുങ്ങി സർക്കാർ. റേഷൻ വ്യപാരി ക്ഷേമനിധിയിലേക്കു പണം കണ്ടെത്താനാണിത്. ഒരു വർഷം കൊണ്ട് 5 കോടി രൂപ വരെ സമാഹരിക്കാനാകുമെന്നാണു വിലയിരുത്തൽ.
ഇതു സംബന്ധിച്ച് ഭക്ഷ്യ പൊതുവിതരണ കമ്മിഷണർ നൽകിയ റിപ്പോർട്ട് വകുപ്പ് അംഗീകരിച്ചിരുന്നു. ഇപ്പോൾ ധനവകുപ്പും പച്ചക്കൊടി കാട്ടി. ഇനി മുഖ്യമന്ത്രിയുടെ അനുമതി കൂടി ലഭിച്ചാൽ ഏപ്രിൽ മുതൽ സെസ് നടപ്പാകും.
ക്ഷേമനിധി നിലവിൽ വന്നു 25 കൊല്ലമായെങ്കിലും ഇതു വരെ സർക്കാർ വിഹിതമില്ല. വ്യാപാരികളിൽ നിന്നു ലഭിക്കുന്ന 200 രൂപ പ്രതിമാസ വിഹിതം ഉപയോഗിച്ചു പെൻഷനും ചികിത്സാസഹായവും മറ്റ് ആനുകൂല്യങ്ങളും നൽകാനാവുന്നില്ല. ക്ഷേമനിധി ഉദ്യോഗസ്ഥരുടെ ശമ്പളത്തിനും ചെലവിനും പണം കണ്ടെത്തുന്നതും വ്യാപാരികളുടെ നിന്നുള്ള വിഹിതം ഉപയോഗിച്ചാണ്.