KeralaNews

റേഷൻ വിതരണം ഇനി രണ്ടുഘട്ടമായി: 15വരെ മുൻഗണന വിഭാഗത്തിന് മാത്രം

ആലപ്പുഴ: സംസ്ഥാനത്തെ റേഷൻവിതരണരീതി സർക്കാർ പരിഷ്‌കരിച്ചു. രണ്ടുഘട്ടമായിട്ടായിരിക്കും ഇനി വിവിധ വിഭാഗങ്ങൾക്കു റേഷൻ നൽകുക. മുൻഗണനവിഭാഗം കാർഡുടമകൾക്ക് (മഞ്ഞ, പിങ്ക്) എല്ലാ മാസവും 15-നു മുൻപും പൊതുവിഭാഗത്തിന് (നീല, വെള്ള) 15-നുശേഷവുമായിരിക്കും വിതരണം. ഇ-പോസ് യന്ത്രത്തിനുണ്ടാകുന്ന പ്രശ്‌നം പരിഹരിക്കാനും മാസാവസാനമുള്ള തിരക്കു കുറയ്ക്കാനും ലക്ഷ്യമിട്ടാണു നടപടി.

നിലവിൽ എല്ലാ കാർഡുടമകൾക്കും മാസാദ്യം മുതൽ അവസാനംവരെ എപ്പോൾ വേണമെങ്കിലും റേഷൻ വാങ്ങാമായിരുന്നു. എന്നാൽ, പുതിയ രീതി നടപ്പാകുന്നതോടെ റേഷൻ നഷ്ടമാകാനുള്ള സാധ്യതയേറെയാണെന്നാണു റേഷൻവ്യാപാരികൾ പറയുന്നത്.

15-നു മുൻപ്‌ റേഷൻവാങ്ങാൻ കഴിയാത്ത മുൻഗണനവിഭാഗത്തിന് പിന്നീട് നൽകുമോയെന്ന കാര്യത്തിൽ വ്യക്തതയില്ലാത്തതാണു കാരണം. 15-നുശേഷം നൽകില്ലെന്ന നിലപാടിൽ ഭക്ഷ്യവകുപ്പ് ഉറച്ചുനിന്നാൽ ദേശീയ ഭക്ഷ്യഭദ്രതാനിയമത്തിന്റെ ലംഘനമാകുമത്.

അഗതി-അനാഥ-വൃദ്ധമന്ദിരങ്ങളിലെ അന്തേവാസികൾക്ക് എൻ.പി.ഐ. റേഷൻകാർഡുകൾ നിലവിലുണ്ട്. ഇവരുടെ റേഷൻ വിതരണരീതി വ്യക്തമാക്കാത്തതും ആശയക്കുഴപ്പത്തിനിടയാക്കിയിട്ടുണ്ട്. റേഷൻവിതരണം രണ്ടുഘട്ടമായി നടപ്പാക്കാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മിഷണർ ശുപാർശ നൽകിയിരുന്നു. ഇതു പരിഗണിച്ചാണ് സർക്കാർ ഉത്തരവിറക്കിയത്.

ഇ-പോസ് സെർവർ തകരാറിനെത്തുടർന്ന് റേഷൻവിതരണം പലതവണ മുടങ്ങുകയും ഒട്ടേറെപ്പേർക്കു റേഷൻകിട്ടാത്ത സ്ഥിതിയുണ്ടാകുകയും ചെയ്തിരുന്നു. ഇതേത്തുടർന്ന് ഏഴുജില്ലകൾക്കു രാവിലെയും ഏഴുജില്ലകൾക്ക് ഉച്ചകഴിഞ്ഞും എന്നരീതിയിൽ നേരത്തേ വിതരണം ക്രമീകരിച്ചിരുന്നു. ഇതു പരാജയമായതോടെ പിന്നീടു പിൻവലിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker