കൊച്ചി: അരൂർ–കുമ്പളം ദേശീയപാതയിലെ ടോൾ പ്ലാസയ്ക്ക് സമീപം നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ കാർ ഇടിച്ചു കയറി യുവതി മരിച്ച സംഭവത്തിലെ വില്ലൻ റോഡിലെ അനധികൃത പാർക്കിങ്. ടോൾ പ്ലാസയിലേക്ക് എത്തുന്നതിനു തൊട്ടു മുൻപ് ദേശീയപാതയുടെ അരികിൽ നിർത്തിയിട്ടിരുന്ന ട്രക്കിന്റെ പിന്നിലേക്ക് കാർ ഇടിച്ചു കയറുകയായിരുന്നു.
അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ തിരുവല്ല മല്ലപ്പള്ളി സ്വദേശി രശ്മി (39) എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് മരിച്ചത്. കാറോടിച്ചിരുന്ന ഭർത്താവ് പ്രമോദ് (41), മകൻ ആരോൺ (15) എന്നിവർ ചികിത്സയിലാണ്. ചൊവ്വാഴ്ച വെളുപ്പിനെയായിരുന്നു അപകടം. കാർ വെട്ടിപ്പൊളിച്ചാണ് മൂന്നു പേരെയും പുറത്തെടുത്തത്.
ഇവർ തിരുവല്ലയിൽ നിന്ന് ബെംഗളുരുവിലേക്ക് പോവുകയായിരുന്നു എന്നാണ് വിവരം. കരുനാഗപ്പള്ളി ഫിഡ്‍സ് അക്കാദമി മാനേജിങ് ഡയറക്ടറാണ് രശ്മി. ആരോൺ തേവലക്കര ഹോളിട്രിനിറ്റി സ്കൂളിൽ പത്താം ക്ലാസ് വിദ്യാർഥിയാണ്.
ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻവശം പൂർണമായി തകർന്നു. രശ്മി ഇരുന്നിരുന്ന ഭാഗത്ത് എയർബാഗ് ഉണ്ടായിരുന്നെങ്കിലും അതും തുണച്ചില്ല. പ്രമോദിന്റെ ഭാഗത്തെ ഡോർ തുറക്കാൻ സാധിച്ചതിനാൽ അദ്ദേഹം വൈകാതെ തന്നെ പുറത്തിറങ്ങി. ഓടിക്കൂടിയ നാട്ടുകാർ പിൻസീറ്റിലിരുന്ന ആരോണിനെ പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും കാൽ കുടുങ്ങിയ നിലയിലായിരുന്നു. ഏറെ നേരത്തെ ശ്രമത്തിനൊടുവിൽ ആരോണിനെ പുറത്തെടുത്തു.
രശ്മിയെ പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും ഗുരുതരമായി പരുക്കേറ്റെന്ന് മനസിലായതോടെ ഫയർഫോഴ്സിനെ വിവരം അറിയിച്ചു. അരമണിക്കൂറിനകം അവരെത്തിയാണ് കാർ വെട്ടിപ്പൊളിച്ച് രശ്മിയെ പുറത്തെടുത്തത്. മരടിലുള്ള സ്വകാര്യ ആശുപത്രിയിലേക്ക് ഇവരെ എത്തിച്ചെങ്കിലും രശ്മി വൈകാതെ മരിച്ചു.
അപകടമുണ്ടായ സ്ഥലത്ത് നിന്നും 100 മീറ്റർ മാത്രം മുന്നിലാണ് ടോൾ പ്ലാസ. 2023ലും സമാനമായ രീതിയിൽ ഇവിടെ അപകടം നടന്നിരുന്നു. അന്ന് പ്രവാസി മലയാളിയാണ് മരിച്ചത്. അന്നു മുതൽ ദേശീയപാതയോരത്ത് കുമ്പളത്ത് പാർക്കിങ് നിരോധിക്കുകയും ഇവിടെ ബോർഡ് സ്ഥാപിക്കുകയും ചെയ്തിരുന്നു. എന്നാൽ അപകടമുണ്ടായ ഇന്നും ഒട്ടേറെ ലോറികൾ അടക്കം ഇവിടെ നിർത്തിയിട്ടിരുന്നു. വാഹനം ഓടിച്ചു വരുന്നവർ വഴിയിരികിൽ വണ്ടി നിർത്തിയിട്ടിരിക്കുന്നത് കാണാൻ വൈകുന്നതു മൂലമാണ് പല അപകടങ്ങളം സംഭവിക്കുന്നത്.