
അടിമാലി: അതിജീവിതയെ പീഡിപ്പിച്ചെന്ന പരാതിയില്‍ എസ്‌ഐയ്‌ക്കെതിരേ പോലിസ് കേസെടുത്തു. ഇതേ പരാതിയില്‍ സസ്‌പെന്‍ഷനിലായ പി.എല്‍. ഷാജിക്കെതിരേയാണ് പീഡനക്കേസ് രജിസ്റ്റര്‍ചെയ്തത്. 2022 മുതല്‍ 2025 ജനുവരിവരെ പലവട്ടം ഭീഷണിപ്പെടുത്തി പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. ഷാജി ഇപ്പോള്‍ ഒളിവിലാണെന്ന് അടിമാലി എസ്എച്ച്ഒ അറിയിച്ചു.
ഷാജി മുന്‍പ് അടിമാലി പോലീസ് സ്റ്റേഷനിലെ റൈറ്ററായിരുന്ന സമയത്താണ് പരാതിക്കാധാരമായ സംഭവം. അധികാര ദുര്‍വിനിയോഗം നടത്തിയതടക്കമുള്ള ആരോപണങ്ങളും പരാതിയിലുണ്ട്. മുഖ്യമന്ത്രിക്കും ഡിജിപി ഉള്‍പ്പെടെ പോലീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കും യുവതി പരാതി നല്‍കിയതിനെ തുടര്‍ന്നാണ് കേസെടുത്തത്. ഒളിവില്‍ പോയ ഇയാളുടെ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നാണ് പോലീസ് പറയുന്നത്.
ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് ജില്ലാ പോലീസ് മേധാവിക്ക് ഒരു മാസം മുന്‍പ് ലഭിച്ച പരാതിയെ തുടര്‍ന്ന് സ്റ്റേഷന്‍ ഹൗസ് ഓഫീസറോട് അന്വേഷണറിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. പ്രാഥമിക അന്വേഷണത്തില്‍തന്നെ പ്രശ്‌നം കണ്ടെത്തിയതാേടെ കെഎപി ക്യാമ്പിലേക്ക് സ്ഥലം മാറ്റി.
ഇതേത്തുടര്‍ന്ന് ഉദ്യോഗസ്ഥന്‍ മെഡിക്കല്‍ ലീവില്‍ പോയി. ജില്ലാ പോലീസ് മേധാവിയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കൊച്ചി റേഞ്ച് ഐജി ഡോ. എസ്. സതീഷ് ബിനോയാണ് സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ് ഇറക്കിയത്.
പുതിയതായി എസ്പിക്കു അതിജീവിത നല്‍കിയ പരാതി സംബന്ധിച്ച് പോലീസ് സ്റ്റേഷനില്‍ യുവതിയും മാതാവും മൊഴി നല്‍കിയെങ്കിലും അടിമാലി പോലീസ് കേസെടുക്കാന്‍ തയ്യാറായില്ല. ഒടുവില്‍ ഉന്നത ഉദ്യോഗസ്ഥരില്‍നിന്ന് നിര്‍ദേശം ലഭിച്ചതിനെ തുടര്‍ന്നാണ് കഴിഞ്ഞദിവസം കേസെടുത്തത്.