ബലാത്സംഗ കേസ്: നടൻ ഷിയാസ് കരീം പിടിയിൽ
ചെന്നൈ: ബലാത്സംഗ കേസിൽ പ്രതിയായ നടൻ ഷിയാസ് കരീം പിടിയിൽ. ചെന്നൈ വിമാനത്താവളത്തിൽ വെച്ചാണ് ഷിയാസ് കരീമിനെ പിടികൂടിയത്. ലുക്ക് ഔട്ട് നോട്ടീസ് ഉള്ളതിനാൽ ഗൾഫിൽ നിന്നെത്തിയ ഷിയാസിനെ കസ്റ്റംസ് തടഞ്ഞു വെക്കുകയായിരുന്നു. ചന്തേര പൊലീസിനെ ചെന്നൈ കസ്റ്റംസ് വിഭാഗം വിവരം അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് സംഘം ചെന്നൈയിലെത്തി ഷിയാസിനെ അറസ്റ്റ് ചെയ്യും.
തനിക്കെതിരായ പീഡനപരാതിയിൽ മാധ്യമങ്ങൾക്കെതിരെ അശ്ലീല അധിക്ഷേപവുമായി നടനും ഫാഷൻ മോഡലുമായ ഷിയാസ് കരീം നേരത്തെ രംഗത്തെത്തിയിരുന്നു. മാധ്യമങ്ങൾ വ്യാജ വാർത്ത നൽകുന്നുവെന്ന് ഷിയാസ് ആരോപിച്ചു. താന്‍ ജയിലിലല്ല ദുബായിലാണെന്നും അധികം വൈകാതെ നാട്ടിലെത്തുമെന്നും അതിനു ശേഷം എല്ലാവരെയും കാണാമെന്നും സമൂഹമാധ്യമത്തില്‍ പങ്കുവെച്ച വിഡിയോയില്‍ ഷിയാസ് പറഞ്ഞു. മാധ്യമങ്ങൾക്കെതിരെ അശ്ലീല ഭാഷയിലാണ് ഷിയാസ് പ്രതികരിച്ചത്.
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നാരോപിച്ച് ജിം ട്രെയിനറായ യുവതിയുടെ പരാതിയില്‍ കാസർകോട് ചന്തേര പൊലീസ് ഷിയാസിനെതിരെ കേസെടുത്തിരുന്നു. വർഷങ്ങളായി എറണാകുളത്ത് ജിമ്മിൽ ട്രെയിനറായ യുവതി, നടനുമായി പരിചയപ്പെടുകയും പീന്നീട് വിവാഹവാഗ്ദാനം നൽകി തൃക്കരിപ്പൂരിനടുത്ത് ചെറുവത്തൂർ ദേശീയപാതയോരത്തെ ഹോട്ടലിൽ വച്ച് പീഡിപ്പിക്കുകയായിരുന്നെന്ന് പരാതിയിൽ പറയുന്നു. 11 ലക്ഷം രൂപയിലധികം ഇയാൾ യുവതിയിൽനിന്നു തട്ടിയെടുത്തതായും പരാതിയിലുണ്ട്.