സ്വിറ്റ്‌സര്‍ലണ്ടിലെ വടക്കുപടിഞ്ഞാറന്‍ സബര്‍ബസില്‍ ഉള്ള ഒരു അപ്പാര്‍ട്ട്മെന്റില്‍ വെച്ച് ഒരു യുവതി ബലാത്‌സംഗം ചെയ്യപ്പെട്ടു. പോര്‍ച്ചുഗീസുകാരനായ ഒരു 33 കാരനും അയാളുടെ സുഹൃത്തായ മറ്റൊരു 17 കാരനും ചേര്‍ന്നാണ് യുവതിയെ പീഡിപ്പിച്ചത്. എന്നാല്‍, 2020 ഫെബ്രുവരിയില്‍ നടന്ന ഈ കുറ്റകൃത്യത്തിന്റെ വിചാരണ കോടതിയില്‍ എത്തിയപ്പോള്‍, യുവതിക്ക് നേരിടേണ്ടി വന്ന ബലാത്സംഗം വെറും 11 മിനിട്ടു നേരം മാത്രമേ നീണ്ടു നിന്നുള്ളൂ എന്ന പേരില്‍ കുറ്റാരോപിതരുടെ ജയില്‍ ശിക്ഷ പകുതിയായി കുറച്ചു നല്‍കിക്കൊണ്ട് ജഡ്ജ് ഉത്തരവിട്ടു.
പീഡനത്തില്‍ യുവതിക്ക് കാര്യമായ ശാരീരിക പരിക്കുകള്‍ ഒന്നും തന്നെ നേരിട്ടില്ല എന്നും കോടതി നിരീക്ഷിച്ചു.ബലാത്സംഗം സംബന്ധിച്ചുള്ള സ്വിറ്റ്സര്‍ലന്‍ഡിലെ നിയമങ്ങള്‍ വിചിത്രമാണ്. ബലാല്‍ക്കാരമായി, അക്രമങ്ങളുടെ അകമ്ബടിയോടെ നടക്കുന്ന സെക്സ് മാത്രമേ അവിടെ ബലാത്‌സംഗത്തിന്റെ പരിധിയില്‍ വരൂ. പീഡനത്തെ അതിജീവിക്കുന്ന സ്ത്രീകളില്‍ നിന്ന് കൃത്യമായ പരാതികള്‍ ഉണ്ടായില്ല എങ്കില്‍ മിക്കവാറും പല കേസുകളും സെക്ഷ്വല്‍ ഹരാസ്മെന്റ് എന്ന നിര്‍വ്വചനത്തിലാണ് പെടുക.
എന്നാല്‍ ഈ വിധി വന്നപാടെ കടുത്ത വിമര്‍ശനങ്ങള്‍ക്കും ഇത് കാരണമായിട്ടുണ്ട്. നിരവധി പേര്‍ വിധിയുടെ നീതികേടിനെ ഉയര്‍ത്തിക്കാട്ടിക്കൊണ്ട് ട്വീറ്റ് ചെയ്തിട്ടുണ്ട്. പതിനൊന്നു മിനിട്ടു നേരത്തെ ബലാത്സംഗം അതിന് ഇരയാകുന്ന സ്ത്രീക്ക് പതിനൊന്നു മണിക്കൂര്‍ ആയിട്ടാണ് അനുഭവപ്പെടുക എന്നും, അതിന്റെ മാനസിക ആഘാതം അവരെ മരണം വരെയും പിന്തുടരുമെന്നും മറ്റൊരു യുവതി കുറിച്ചു.