FeaturedHome-bannerKeralaNews

രഞ്ജിത് ശ്രീനിവാസന്‍ കൊലപാതകം;15 പ്രതികളും കുറ്റക്കാർ

മാവേലിക്കര: ബി.ജെ.പി. ഒ.ബി.സി. മോര്‍ച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന ആലപ്പുഴയിലെ അഭിഭാഷകന്‍ രഞ്ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ 15 പ്രതികളും കുറ്റക്കാര്‍. മാവേലിക്കര അഡീ. സെഷന്‍സ് ജഡ്ജി വി.ജി. ശ്രീദേവിയാണ് പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. പ്രതികളെല്ലാം എസ്.ഡി.പി.ഐ-പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ്. ശിക്ഷ തിങ്കളാഴ്ച വിധിക്കും.

കേസിലെ ഒന്നുമുതല്‍ 12 വരെയുള്ള പ്രതികള്‍ കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരാണ്. 13 മുതല്‍ 15 വരെയുള്ള പ്രതികള്‍ ഇവര്‍ക്ക് സഹായം നല്‍കിയെന്നാണ് കണ്ടെത്തല്‍. എട്ടുവരെയുള്ള പ്രതികള്‍ക്കെതിരേ കൊലക്കുറ്റം തെളിഞ്ഞതായി കോടതി കണ്ടെത്തി. ബാക്കി പ്രതികള്‍ക്കെതിരേ ക്രിമിനല്‍ ഗൂഢാലോചനാക്കുറ്റവും തെളിഞ്ഞു.

രഞ്ജിത് ശ്രീനിവാസന്‍ വധം മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച കൊലപാതകമാണെന്നായിരുന്നു പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞത്. അതിഭീകരമായരീതിയിലാണ് പ്രതികള്‍ കൃത്യം നടത്തിയതെന്നും പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.

കേസിലെ പ്രതികള്‍:

നൈസാം, അജ്മല്‍, അനൂപ്, മുഹമ്മദ് അസ്ലം, സലാം പൊന്നാട്, അബ്ദുള്‍കലാം, സഫറുദ്ദീന്‍, മുന്‍ഷാദ്, ജസീബ് രാജ, നവാസ്, ഷെമീര്‍, നസീര്‍, സക്കീര്‍ ഹുസൈന്‍, ഷാജി പൂവത്തിങ്കല്‍, ഷംനാസ് അഷ്‌റഫ്.

2021 ഡിസംബര്‍ 19-നാണ് രഞ്ജിത്ത് ശ്രീനിവാസനെ ആലപ്പുഴ വെള്ളക്കിണറിലുള്ള വീട്ടില്‍ക്കയറി അമ്മയുടെയും ഭാര്യയുടെയും മകളുടെയും മുന്നിലിട്ട് വെട്ടിക്കൊന്നത്. ഡിസംബര്‍ 18-ന് രാത്രി എസ്.ഡി.പി.ഐ. സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാനെ ആലപ്പുഴ മണ്ണഞ്ചേരിയില്‍വെച്ച് കൊലപ്പെടുത്തിയതിന്റെ പ്രതികാരമായിട്ടായിരുന്നു രഞ്ജിത് ശ്രീനിവാസനെയും വെട്ടിക്കൊലപ്പെടുത്തിയത്.

ആലപ്പുഴ ഡി.വൈ.എസ്.പി.യായിരുന്ന എന്‍.ആര്‍. ജയരാജ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ പ്രോസിക്യൂഷന്‍ ഭാഗത്തുനിന്ന് 156 സാക്ഷികളെ വിസ്തരിച്ചു. ആയിരത്തോളം രേഖകളും നൂറില്‍പ്പരം തൊണ്ടിമുതലുകളും തെളിവായി ഹാജരാക്കി. വിരലടയാളങ്ങള്‍, ശാസ്ത്രീയ തെളിവുകള്‍, സി.സി.ടി.വി. ദൃശ്യങ്ങള്‍, ഗൂഗിള്‍ മാപ്പിന്റെ സഹായത്തോടെ തയ്യാറാക്കിയ റൂട്ടുമാപ്പുകള്‍ തുടങ്ങിയ തെളിവുകളും കേസില്‍ പ്രോസിക്യൂഷന്‍ ആശ്രയിച്ചു.

പ്രതികളുടെ തിരിച്ചറിയല്‍ പരേഡ് നടത്തിയ ജുഡീഷ്യല്‍ ഓഫീസര്‍മാര്‍, ഡോക്ടര്‍മാര്‍, പോലീസ് ഉദ്യോഗസ്ഥര്‍, വിവിധ രാഷ്ട്രീയനേതാക്കള്‍ എന്നിങ്ങനെ വിവിധമേഖലയിലുള്ള സാക്ഷികളെയാണ് കോടതിയില്‍ പ്രോസിക്യൂഷന്‍ വിസ്തരിച്ചത്.

കേസിലെ 15 പ്രതികളെ വിചാരണക്കോടതി ജഡ്ജി ക്രിമിനല്‍നടപടിനിയമം 313-ാം വകുപ്പ് പ്രകാരം ചോദ്യംചെയ്ത് ആറായിരത്തോളം പേജുകളിലാണ് മൊഴികള്‍ രേഖപ്പെടുത്തിയത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പ്രതാപ് ജി. പടിക്കല്‍, അഭിഭാഷകരായ ശ്രീദേവി പ്രതാപ്, ശില്പാ ശിവന്‍, ഹരീഷ് കാട്ടൂര്‍ എന്നിവരാണ് കോടതിയില്‍ ഹാജരായത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker