EntertainmentKeralaNews

മമ്മൂക്കയുടെ കൂടെ ഇനി സിനിമ ചെയ്യില്ലെന്ന് വാശിയായി,കഥ പറയില്ലെന്ന് പറഞ്ഞു: രഞ്ജി പണിക്കര്‍

കൊച്ചി:മലയാളത്തിന്റെ സൂപ്പര്‍ ഹിറ്റ് തിരക്കഥാകൃത്താണ് രഞ്ജി പണിക്കൂര്‍. ദ കിംഗ് മുതല്‍ കമ്മീഷ്ണര്‍ വരെയുള്ള മാസ് ആക്ഷന്‍ ചിത്രങ്ങളും ഡോക്ടര്‍ പശുപതിയടക്കമുള്ള കോമഡികളുമെല്ലാം അദ്ദേഹം രചിച്ചിട്ടുണ്ട്. ഇപ്പോള്‍ നടന്‍ എന്ന നിലയിലും അദ്ദേഹം നിറഞ്ഞു നില്‍ക്കുന്നു. സംവിധായകനായും രഞ്ജി പണിക്കര്‍ കയ്യടി നേടിയിട്ടുണ്ട്.

മമ്മൂട്ടിയുമായി വളരെ അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്നയാളാണ് രഞ്ജി പണിക്കര്‍. എന്നാല്‍ ഒരിക്കല്‍ മമ്മൂട്ടിയുമായി പിണങ്ങിയ കഥ പങ്കുവെച്ചിരുന്നു രഞ്ജി പണിക്കര്‍. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം മനസ് തുറന്നത്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

ഞാന്‍ പത്രപ്രവര്‍ത്തകനായിരുന്ന കാലത്താണ് അദ്ദേഹത്തെ പരിചയപ്പെടുന്നത്. മിക്ക ലൊക്കേഷനില്‍ വച്ചും ഞങ്ങള്‍ തമ്മില്‍ പിണങ്ങുകയും പിന്നീട് ഇണങ്ങുകയും ചെയ്യുമായിരുന്നു. പിണങ്ങാനും ഇണങ്ങാനും യാതൊരു ബുദ്ധിമുട്ടും അദ്ദേഹത്തിനുണ്ടായിരുന്നില്ല. സിനിമയുമായി ബന്ധപ്പെട്ടൊരു പ്രസിദ്ധീകരണത്തിന്റെ റിപ്പോര്‍ട്ടറായിരുന്നു ഞാന്‍. അതില്‍ വരുന്ന എല്ലാ ഗോസിപ്പുകളുടേയും വിചാരണകളുടേയും ഭാരം എന്റെ തലയില്‍ അദ്ദേഹം കാണുമ്പോള്‍ വെക്കും.

Renji Panicker

പത്രപ്രവര്‍ത്തനം എന്റെ ജോലിയാണ്. ഞാന്‍ മറ്റൊരാളുടെ വിചാരണകള്‍ക്ക് പ്രാതമാകേണ്ടതില്ല എന്ന എന്റെ നിലപാടില്‍ ഞാന്‍ തിരിച്ചും പ്രതികരിക്കും. ഞാന്‍ സിനിമയില്‍ വരുന്നതിന് മുമ്പേ അദ്ദേഹവുമായി നല്ല വ്യക്തി ബന്ധമുണ്ട്. അദ്ദേഹത്തിന്റെ വീട്ടില്‍ ഒരുപാട് തവണ അതിഥിയായി താമസിച്ചിട്ടുണ്ട്. അദ്ദേഹം എവിടെയെങ്കിലും യാത്ര പോയാല്‍ അദ്ദേഹത്തിന്റെ വീട്ടില്‍ ഞാനും അദ്ദേഹത്തിന്റെ സഹോദരന്മാരും ആയിരിക്കും മിക്കപ്പോഴും കാണുക. അത്രയും സ്വാതന്ത്ര്യമുണ്ട്. അത്രയും പിണക്കങ്ങളുമുണ്ടാകാറുണ്ട്.

അദ്ദേഹം സുറുമ, വാര്‍ത്ത എന്നിങ്ങനെ രണ്ട് വീഡിയോ മാഗസിനുകള്‍ ആരംഭിച്ചിരുന്നു. ദൂരദര്‍ശന്‍ മാത്രമുണ്ടായിരുന്ന കാലത്താണ്. മലയാളത്തില്‍ അങ്ങനൊന്ന് ആദ്യമായിട്ടായിരുന്നു. അദ്ദേഹത്തിന് അന്നു തന്നെ നല്ല ദീര്‍ഘവീഷണമുണ്ടായിരുന്നു. ഞാന്‍ ആയിരുന്നു അതിന്റെ ചുമതല വഹിച്ചിരുന്നത്. അത് താന്‍ നോക്ക് എന്ന് പറഞ്ഞ് എന്നെ ഏല്‍പ്പിക്കുകയായിരുന്നു. വിഷ്വല്‍ മീഡിയയുമായുള്ള എന്റെ ഇടപെടല്‍ തുടങ്ങുന്നത് അവിടുന്നാണ്.

തന്റെ കൈയില്‍ കഥയുണ്ടോ എന്ന് എന്നോട് ചോദിക്കുമായിരുന്നു. എനിക്കന്ന് വലിയ സിനിമാ താല്‍പര്യമില്ല. അതിനാല്‍ ഒഴിഞ്ഞു മാറുമായിരുന്നു. പിന്നീട് പശുപതി ചെയ്യാന്‍ പോകുന്നത് അദ്ദേഹത്തിന്റെ അനുഗ്രഹം വാങ്ങിയിട്ടാണ്. എന്റെ മൂത്ത സഹോദരനെ പോലെ കണ്ടതു കൊണ്ടാണ് അത്. അദ്ദേഹം എന്നെയും അങ്ങനെയായിരുന്നു കണ്ടിരുന്നതും കണ്ടു പോരുന്നതും. ഏകലവ്യന്റെ കഥ ആദ്യമായി പറയുന്നത് അദ്ദേഹത്തോടാണ്. ചില കാരണങ്ങളാല്‍ ആ സിനിമ നടക്കാതെ പോയി. അതോടെ ഇനി മമ്മൂക്കയോട് കഥ പറയില്ല എന്ന് ഞാന്‍ തീരുമാനിച്ചു.

പിന്നീട് ഞാനും ഷാജിയും ഒരു സിനിമ എഴുതി കൊണ്ടിരിക്കെ അക്ബര്‍ എന്ന നിര്‍മ്മാതാവ് വന്നു. മമ്മൂക്ക പറഞ്ഞിട്ടാണ്, ഞാന്‍ എഴുതണമെന്ന് പറഞ്ഞു. ഞാന്‍ എഴുതില്ല വേണമെങ്കില്‍ ഷാജി ചെയ്‌തോളൂവെന്ന് ഞാന്‍ പറഞ്ഞു. അക്ബര്‍ കുറച്ച് ബുദ്ധിമുട്ടിലായിരുന്നു. അദ്ദേഹത്തിന് ആ സിനിമ ചെയ്‌തേ പറ്റൂ. അതിനാല്‍ ഇന്നത്തെ കാലത്തെ ഷുവര്‍ ഷോട്ട് എന്ന നിലയില്‍ മമ്മൂക്ക എന്നേയും ഷാജിയേയും വച്ച് സിനിമ ചെയ്യാന്‍ പറഞ്ഞത്.

Renji Panicker

അക്ബര്‍ പിന്നീട് എന്റെ അമ്മയെ പോയി കണ്ടു. തന്റെ പ്രശ്‌നങ്ങള്‍ പറഞ്ഞു. അമ്മ എന്നെ വിളിച്ചു. കുഞ്ഞേ എന്നാണ് എന്നെ വിളിക്കുക. കുഞ്ഞേ നീ ആ സിനിമ എഴുതി കൊടുക്കണം എന്ന് പറഞ്ഞു. ഞാന്‍ പറ്റില്ലെന്ന് പറഞ്ഞു. ഇങ്ങോട്ട് ഒന്നും പറയണ്ട സിനിമ എഴുതി കൊടുത്താല്‍ മതിയെന്നായി അമ്മ. അങ്ങനെയാണ് ഞാന്‍ ആ സിനിമയെഴുതുന്നത്. പക്ഷെ ഞാന്‍ കണ്ട ഗൗരവ്വത്തോടെ മമ്മൂക്ക ഈ പ്രശ്‌നത്തെ കണ്ടിരുന്നില്ല. അദ്ദേഹത്തിന് ഒരു കൗതുകമായിരുന്നു.

എന്നേയും ഷാജിയേയും സ്വയം കാറില്‍ വന്ന് വീട്ടില്‍ കൊണ്ടു പോയി നല്ല ബിരിയാണിയൊക്കെ വച്ചു തന്നു. ശേഷം കഥ പറയെന്ന് പറഞ്ഞു. ഞാന്‍ പറയില്ലെന്ന് പറഞ്ഞു. അതും അദ്ദേഹം കൗതുകത്തോടെ കണ്ടു. അതുകൊണ്ടാകും ദ കിംഗ് എന്ന സിനിമയില്‍ വന്ന് അഭിനയിക്കുന്നത്. പലപ്പോഴും നമ്മളുടെ ധാരണകളെ ആളുകള്‍ മറികടക്കുന്നത് അവരുടെ ഹൃദയവിശാലത കൊണ്ടാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker