രണ്ടാമൂഴം സിനിമയാകും… എംടിയുടെ കുടുംബത്തിന്റെ ഉറപ്പ്; വരാനിരിക്കുന്നത് മോഹന്‍ലാല്‍-രാജമൗലി കൂട്ടുകെട്ടോ?
കോഴിക്കോട്: മഹാഭാരത്തെ അടിസ്ഥാനമാക്കി വിഖ്യാത സാഹിത്യകാരന്‍ എംടി രചിച്ച രണ്ടാമൂഴം നോവല്‍ സിനിമയാകാന്‍ പോകുന്നു. എംടിയുടെ ഡ്രീം പ്രൊജക്ട് എന്ന് അറിയപ്പെടുന്ന രണ്ടാമൂഴം അദ്ദേഹത്തിന്റെ മരണത്തോടെ അനിശ്ചിതത്വത്തിലായേക്കും എന്നായിരുന്നു എല്ലാവരും കരുതിയിരുന്നത്. എന്നാല്‍ രണ്ടാമൂഴം സിനിമയാക്കണമെന്ന എംടിയുടെ സ്വപ്നം സാക്ഷാത്ക്കരിക്കാന്‍ കുടുംബം തന്നെ രംഗത്തിറങ്ങിയിരിക്കുകയാണ്.
വൃത്തങ്ങളെ ഉദ്ധരിച്ച് മനോരമ ഓണ്‍ലൈന്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. അധികം വൈകാതെ ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കും. പാന്‍ ഇന്ത്യന്‍ സിനിമയായി വിവിധ ഭാഷകളില്‍ റിലീസ് ചെയ്യാന്‍ കഴിയുന്ന പ്രശസ്ത സംവിധായകന്‍ തന്നെയായിരിക്കും രണ്ടാമൂഴത്തിന് ചലച്ചിത്രഭാഷ്യമൊരുക്കുക എന്നാണ് വിവരം. രണ്ട് ഭാഗങ്ങളായിട്ടായിരിക്കും ചിത്രം ഒരുക്കുക.
മണിരത്‌നം രണ്ടാമൂഴം ചെയ്യണം എന്നായിരുന്നു എംടിയുടെ ആഗ്രഹം. ആറ് മാസത്തോളം അദ്ദേഹത്തിനായി എംടി കാത്തിരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ വലിയ കാന്‍വാസില്‍ ചെയ്യേണ്ട സിനിമയായതിനാല്‍ തന്നെ കൂടുതല്‍ സമയം വേണം എന്ന് മണിരത്‌നം ആവശ്യപ്പെടുകയായിരുന്നു. പിന്നീട് പ്രൊജക്ടില്‍ നിന്ന് പിന്മാറിയ മണിരത്‌നം തന്നെയാണ് നിലവിലെ സംവിധായകനെ നിര്‍ദേശിച്ചിരിക്കുന്നത്.
എംടിയുടെ കൂടി താല്‍പര്യപ്രകാരം നേരത്തേതന്നെ ഈ സംവിധായകനുമായി ചര്‍ച്ചകളും നേരത്തെ തന്നെ തുടങ്ങിയിരുന്നു എന്നാണ് വിവരം. നേരിട്ട് ചര്‍ച്ച നടത്താന്‍ ഈ സംവിധായകന്‍ വരാനിരിക്കെയാണ് എംടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. പിന്നീട് അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെടാതിരുന്നതോടെയാണ് കൂടിക്കാഴ്ച നടക്കാതെ പോയത് എന്നാണ് വിവരം.
ഈ സംവിധായകന്റെ നിര്‍മാണക്കമ്പനിയും എംടിയുടെ കുടുംബം ഉള്‍പ്പെടുന്ന കമ്പനിയും ചേര്‍ന്നായിരിക്കും രണ്ടാമൂഴത്തിന്റെ നിര്‍മാണ ചുമതലകള്‍ ഏറ്റെടുക്കുക. എം ടിയുടെ 9 ചെറുകഥകള്‍ ചേര്‍ത്ത് 9 സംവിധായകര്‍ സംവിധാനം ചെയ്ത ‘മനോരഥങ്ങള്‍’ എന്ന സിനിമ നിര്‍മിച്ചത് എംടിയുടെ കുടുംബം ഉള്‍പ്പെടുന്ന നിര്‍മാണക്കമ്പനിയായിരുന്നു. എംടിയുടെ കുടുംബവുമായി കൂടിക്കാഴ്ച നടത്തിയ ശേഷം സംവിധായകനും കുടുംബവുമായി ചേര്‍ന്ന് സിനിമയുടെ പ്രഖ്യാപനം നടത്തുമെന്നാണ് റിപ്പോര്‍ട്ട്.
രണ്ടാമൂഴത്തിന്റെ തിരക്കഥ മലയാളത്തിലും ഇംഗ്ലിഷിലും വര്‍ഷങ്ങള്‍ക്ക് മുന്‍പേ തന്നെ എംടി പൂര്‍ത്തിയാക്കിയതാണ്. 5 മണിക്കൂറോളം ദൈര്‍ഘ്യമുള്ള തിരക്കഥയാണിത്. പല വന്‍കിട നിര്‍മാണ കമ്പനികളും ഈ തിരക്കഥ സിനിമയാക്കാന്‍ ശ്രമിച്ചിരുന്നു. ഏറ്റവുമൊടുവില്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോനുമായി എംടി കരാര്‍ ഒപ്പിടുകയും ചെയ്തിരുന്നു. എന്നാല്‍ നിര്‍മാണം തുടങ്ങുന്നത് നീണ്ടുപോയി.
ഇതിനെത്തുടര്‍ന്ന് എംടി നിയമ നടപടികളിലൂടെ കരാറില്‍ നിന്ന് പിന്‍വാങ്ങി. പിന്നീട് മകള്‍ അശ്വതിയെ തിരക്കഥ ഏല്‍പിച്ച് സിനിമ എത്രയും വേഗം പുറത്തിറക്കാനനുള്ള നടപടികള്‍ എംടി തന്നെ ആരംഭിക്കുകയായിരുന്നു. അതിനിടെയാണ് അനാരോഗ്യം അദ്ദേഹത്തെ വേട്ടയാടുകയും മരണത്തിന് കീഴടങ്ങുകയും ചെയ്തത്. അതേസമയം രണ്ടാമൂഴത്തെ സംബന്ധിച്ച ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയിലും കൊഴുക്കുകയാണ്.
മണിരത്‌നം പിന്മാറിയ സ്ഥിതിക്ക് രാജമൗലിയായിരിക്കും രണ്ടാമൂഴം സംവിധാനം ചെയ്യാന്‍ ഏറ്റവും യോഗ്യന്‍ എന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ബാഹുബലി, ആര്‍ആര്‍ആര്‍ പോലുള്ള പാന്‍ ഇന്ത്യന്‍ സിനിമകള്‍ സൃഷ്ടിച്ച രാജമൗലിയ്ക്ക് രണ്ടാമൂഴം ഗംഭീര സിനിമയാക്കാന്‍ സാധിക്കും എന്നാണ് വിലയിരുത്തല്‍. കേന്ദ്രകഥാപാത്രമായ ഭീമസേനനായി മോഹന്‍ലാല്‍ വരണം എന്ന് പറയുന്നവരുമുണ്ട്.