
തിരുവനന്തപുരം: സംസ്ഥാനത്തെ അതിക്രമങ്ങളെ കുറിച്ചും ലഹരി വ്യാപനത്തെ കുറിച്ചുമുള്ള അടിയന്തര പ്രമേയം അവതരിപ്പിക്കുന്നതിനിടെ നിയമസഭയില്‍ കൊമ്പുകോര്‍ത്ത് മുഖ്യമന്ത്രി പിണറായി വിജയനും രമേശ് ചെന്നിത്തലയും. രമേശ് ചെന്നിത്തല അടിയന്തര പ്രമേയം അവതരിപ്പിക്കുന്നതിനിടെയാണ് സഭയില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. ചര്‍ച്ചക്കിടെ ചെന്നിത്തല പലവട്ടം മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍ എന്ന് വിളിച്ചതാണ് മുഖ്യമന്ത്രിയെ പ്രകോപിപിച്ചത്. സംസ്ഥാനത്ത് വര്‍ധിച്ചുകൊണ്ടിരുക്കുന്ന അക്രമങ്ങളില്‍ സര്‍ക്കാറിന്റെ നിസ്സംഗതയെ കുറിച്ചും ചെന്നിത്തല പ്രമേയത്തില്‍ അക്കമിട്ട് നിരത്തിയിരുന്നു.
കേരളത്തില്‍ ഇന്ന് നടന്നുകൊണ്ടിരിക്കുന്ന കൂട്ടക്കൊലപാതകങ്ങളുടെ ലഹരിയുടെ ഒഴുക്കും തടയുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് ചെന്നിത്തല ആരോപിച്ചു. എല്ലാ പ്രശ്‌നങ്ങള്‍ക്കും ഉത്തരവാദി സര്‍ക്കാറാണെന്നും വിമര്‍ശനമുയര്‍ന്നു. സമീപ കാലത്ത് നടന്നുകൊണ്ടിരിക്കുന്ന അക്രമസംഭവങ്ങള്‍ എന്താണ് നമ്മെ പഠിപ്പിക്കുന്നതെന്ന് ചെന്നിത്തല ചോദിച്ചു. ടി.പി. ചന്ദ്രശേഖരന്‍ വധത്തെ കുറിച്ചും ചെന്നിത്തല സഭയില്‍ എടുത്തുപറഞ്ഞു. ടി.പി കേസ് പ്രതികള്‍ക്ക് വ്യാപകമായി പരോള്‍ നല്‍കി. കാപ്പ കേസിലെ പ്രതിയെ മാലയിട്ട് മുദ്രാവാക്യം വിളിക്കുന്ന മന്ത്രിയെ കണ്ട് കേരളം ലജ്ജിച്ചു തലതാഴ്ത്തി.
നവീന്‍ ബാബു വിന്റെ മരണത്തിന് ഉത്തരവാദിയായ പി.പി. ദിവ്യ ജയില്‍ മോചിതയായപ്പോള്‍ പാര്‍ട്ടി സെക്രട്ടറിയുടെ ഭാര്യയുള്‍പ്പെടെ ജയിലിന് പുറത്ത് സ്വീകരിക്കാനെത്തി. കൃപേഷ്, ശരത് ലാല്‍ വധക്കേസുകളിലെ പ്രതികളെ മാലയിട്ട് ഓപണ്‍ ജയിലില്‍ സ്വീകരണം നല്‍കുന്നു. ‘മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍’ എന്തു സന്ദേശമാണ് നിങ്ങള്‍ ഇതിലൂടെ നല്‍കാന്‍ ഉദ്ദേശിക്കുന്നതെന്നും ചെന്നിത്തല ചോദിച്ചു. തുടര്‍ന്ന് ചെന്നിത്തല പറയുന്നത് അനാവശ്യ കാര്യങ്ങളാണെന്ന് പറഞ്ഞ് മുഖ്യമന്ത്രി ഇടപെടുകയായിരുന്നു.
മിസ്റ്റര്‍, ചീഫ് മിനിസ്റ്റര്‍ എന്നു വിളിച്ച് ചെന്നിത്തല കുറെ ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടിരിക്കുകയാണെന്ന് പറഞ്ഞ് മുഖ്യമന്ത്രി ക്ഷുഭിതനായി എഴുന്നേറ്റത്. ഓരോന്നിനും ഇടക്കിടെ ഉത്തരം പറയണമെങ്കില്‍ അതാകാമെന്നും മുഖ്യമന്ത്രി പറഞ്ഞു. യാഥാര്‍ഥ്യം മനസിലാക്കണമെന്നും ഇടക്കിടെ ‘മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍’ എന്ന് വിളിച്ചാല്‍ മാത്രം പോര, നാടിന്റെ പ്രശ്‌നം മനസിലാക്കാന്‍ കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ അതിക്രമങ്ങളെക്കുറിച്ചും ലഹരിവ്യാപനത്തെക്കുറിച്ചുമുള്ള ചര്‍ച്ചയ്ക്കിടെ പലവട്ടം മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍ എന്നു പറഞ്ഞതാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. ഓരോ തവണയും മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍ മറുപടി പറയണമെന്ന് പറയുന്നത് ശരിയായ രീതിയാണോ എന്നു മുഖ്യമന്ത്രി എഴുന്നേറ്റു ചോദിച്ചു. എന്തു സന്ദേശമാണ് ചെന്നിത്തല സമൂഹത്തിനു നല്‍കുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു. ഇടയ്ക്കിടെ മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍ എന്നു പറഞ്ഞ് ഓരോ ചോദ്യം ചോദിച്ചാല്‍ പോര നാട് നേരിടുന്ന പ്രശ്നമെന്താണെന്ന് മനസിലാക്കണമെന്നും മുഖ്യമന്ത്രി ക്ഷുഭിതനായി പറഞ്ഞു. സംസ്ഥാനത്ത് അതിക്രമങ്ങള്‍ വര്‍ധിക്കുന്നതിനെക്കുറിച്ചും ലഹരിവ്യാപനം രൂക്ഷമാകുന്നതിനെക്കുറിച്ചും നിയമസഭയില്‍ മറ്റ് നടപടികള്‍ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യുന്നതിനിടെയായിരുന്നു സംഭവം.
രമേശ് ചെന്നിത്തലയാണ് അടിയന്തര പ്രമേയം അവതരിപ്പിച്ചത്. ഒന്‍പതു വര്‍ഷം ഭരിച്ചിട്ടും ഒരുതരത്തിലുള്ള ലഹരിവിരുദ്ധ പ്രവര്‍ത്തനവും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. സംസ്ഥാനത്ത് ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ പരാജയപ്പെട്ടുവെന്നും സര്‍ക്കാരാണ് ഉത്തരവാദിയെന്നും ചെന്നിത്തല പറഞ്ഞു. കുട്ടികള്‍ ലഹരിക്ക് അടിമകളാകുകയാണ്. വെഞ്ഞാറമ്മൂട് കൂട്ടക്കൊലയും കോഴിക്കോട്ടെ ഷഹബാസിന്റെ കൊലപാതകവും ഞെട്ടിപ്പിക്കുന്നതാണ്. കേരളം ഒരു കൊളംബിയ ആയി മാറുകയാണോ. പണ്ട് പഞ്ചാബിനെക്കുറിച്ചാണ് ലഹരിയുടെ കേന്ദ്രമായി പറഞ്ഞിരുന്നത്. ഇപ്പോള്‍ കേരളത്തില്‍ യുവാക്കളുടെ ജീവിതത്തെ രാസലഹരി നശിപ്പിക്കുകയാണ്. യുവത്വം പുകഞ്ഞ് ഇല്ലാതാകുകയാണ്.
ഇന്ന് മലയാള മനോരമ സ്‌കൂളുകളില്‍ നല്ലപാഠത്തിലൂടെ കുട്ടികളെ കൊണ്ടു പ്രതിജ്ഞ എടുപ്പിക്കുന്നത് നല്ല കാര്യമാണ്. പക്ഷെ ലഹരിവിരുദ്ധ പരിപാടികള്‍ കൂടി ശക്തമാക്കണം. സംസ്ഥാനത്ത് മദ്യമൊഴുക്കുന്ന പുതിയ എക്സൈസ് നയം പുതുതലമുറയോടുള്ള ചതിയാണ്. മദ്യത്തിന്റെ ലഭ്യത വര്‍ധിപ്പിക്കാനാണ് പുതിയ ബ്രൂവറി അനുവദിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.
കലാലയങ്ങളില്‍ എസ്എഫ്ഐയാണ് റാഗിങ്ങിനു നേതൃത്വം നല്‍കുന്നത്. എന്നാല്‍ അവരെ തിരുത്താന്‍ മുഖ്യമന്ത്രി തയാറാകുന്നില്ല. ഇതുപോലെ തന്നെ തുടര്‍ന്നാല്‍ മതിയെന്നാണ് അവരുടെ യോഗത്തില്‍ പോയി മുഖ്യമന്ത്രി പറഞ്ഞത്. അതു ശരിയായ നിലപാട് അല്ലെന്നും ചെന്നിത്തല പറഞ്ഞു. ടി.പി.ചന്ദ്രശേഖരനെ ക്രൂരമായി കൊലപ്പെടുത്തിയ പ്രതികള്‍ക്ക് മൂന്നു വര്‍ഷത്തോളം പരോള്‍ നല്‍കിയ സര്‍ക്കാര്‍ എന്തു സന്ദേശമാണ് സമൂഹത്തിന് നല്‍കുന്നതെന്ന് ചെന്നിത്തല ചോദിച്ചു.
തുടര്‍ന്ന് മുഖ്യമന്ത്രിക്ക് ശക്തമായ മറുപടിയുമായി ചെന്നിത്തല രംഗത്തെത്തി. താന്‍ എന്തു പ്രസംഗിക്കണമെന്ന് മുഖ്യമന്ത്രി തീരുമാനിക്കേണ്ടെന്ന് അദ്ദേഹം പറഞ്ഞു. തനിക്ക് അതിനുള്ള അവകാശമുണ്ട്. നാട്ടില്‍ വര്‍ധിച്ചുവരുന്ന അതിക്രമങ്ങളെക്കുറിച്ച് പറയാന്‍ മുഖ്യമന്ത്രിയുടെ ചീട്ട് ആവശ്യമില്ല. അതു പറയും. മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍ എന്നു വിളിക്കുന്നത് അണ്‍പാര്‍ലമെന്ററി അല്ലെന്നും ചെന്നിത്തല പറഞ്ഞു.
വിഷയത്തെക്കുറിച്ചാണ് സംസാരിക്കേണ്ടതെന്നും അതിനുള്ള അവസരം ഉപയോഗിച്ച് അനാവശ്യമായ കാര്യങ്ങള്‍ അല്ല പറയേണ്ടതെന്നും മുഖ്യമന്ത്രി മറുപടി നല്‍കി. ഇതോടെ ചെന്നിത്തലയ്ക്കു പിന്തുണയുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ രംഗത്തെത്തി. ”നിങ്ങളാണ് കേരളത്തിന്റെ മുഖ്യമന്ത്രി, നിങ്ങളാണ് ആഭ്യന്തരമന്ത്രി. നിങ്ങളെ കുറ്റപ്പെടുത്തും. അതിനെന്തിനാണ് അങ്ങിത്ര അസഹിഷ്ണുത കാണിക്കുന്നത്. സര്‍ക്കാരും മുഖ്യമന്ത്രിയും എഴുതിത്തരുന്നതു പോലെ പ്രസംഗിക്കാനല്ല ഞങ്ങള്‍ ഇവിടെ ഇരിക്കുന്നത്. മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍ എന്നാണു വിളിച്ചത്. അല്ലാതെ മോശം പേരൊന്നും അല്ല വിളിച്ചത്.” – സതീശന്‍ പറഞ്ഞു.
സര്‍ക്കാരും മുഖ്യമന്ത്രിയും എഴുതി തരുന്നത് പ്രസംഗിക്കാന്‍ അല്ല ഞങ്ങള്‍ ഇവിടെ ഇരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കണമെന്ന് സ്പീക്കര്‍ പറഞ്ഞു. കുറ്റപ്പെടുത്തേണ്ട സമയമല്ലെന്നും സ്പീക്കര്‍. മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍ എന്ന് വിളിച്ച് ആക്ഷേപിച്ചത് അല്ലെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി. സമൂഹത്തെ ബാധിക്കുന്ന വിഷയത്തില്‍ സര്‍ക്കാരിന് റോള്‍ ഉണ്ടാകണം. സര്‍ക്കാര്‍ പ്രോത്സാഹനം കൊടുക്കാന്‍ പാടില്ല. ഗുണ്ടകളെയും ലഹരി മാഫിയെയും അടിച്ചമര്‍ത്താന്‍ ശ്രമിക്കണം. നിങ്ങള്‍ ഇടപെട്ടാല്‍ ഞാന്‍ ഒപ്പമുണ്ടാകുമെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി.