രാംചരണിന്റെ സിനിമ ഗെയിം ചേഞ്ചറിനേ മറികടന്ന് ടൊവിനോ ചിത്രം; ഐഎംഡിബിയില്‍ ഏറ്റവുമധികം ആളുകള്‍ കാത്തിരിക്കുന്ന ചിത്രത്തില്‍ ഐഡന്റിറ്റി ഒന്നാമത്
കൊച്ചി:പുതുവര്‍ഷത്തില്‍ നിരവധി ചിത്രങ്ങളാണ് മലയാള സിനിമ പ്രേമികളെ കാത്തിരിക്കുന്നത്. അതില്‍ ഒന്നാണ് ടൊവിനോ ചിത്രം ഐഡന്റിറ്റി. ചിത്രത്തിന്റെ പ്രമോയുടെ തിരക്കിലാണ് ടൊവിനോ. ഇപ്പോഴിതാ പ്രമുഖ സിനിമ വെബ്‌സൈറ്റ് ആയ ഐഎംഡിബിയുടെ ഈ വര്‍ഷത്തെ ഏറ്റവും കൂടുതല്‍ ആളുകള്‍ കാത്തിരിക്കുന്ന സിനിമകളുടെ ലിസ്റ്റില്‍ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് ഐഡന്റിറ്റി. സംവിധായകരായ അഖില്‍ പോള്‍- അനസ് ഖാന്‍ എന്നിവര്‍ ചേര്‍ന്ന് ഒരുക്കുന്ന ചിത്രമാണ് ഐഡന്റിറ്റി. ചിത്രത്തില്‍ നായികയായി എത്തുന്നത് തൃഷയാണ്. ഒരു ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലര്‍ പശ്ചാത്തലത്തിലാണ് കഥ പറഞ്ഞ് പോകുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത് വന്നിരുന്നു.
രാംചരണിനെ നായകനാക്കി ഷങ്കര്‍ ഒരുക്കുന്ന ബ്രഹ്‌മാണ്ഡ സിനിമയായ ഗെയിം ചേഞ്ചറിനേയും മറികടന്നാണ് ഐഡന്റിറ്റി ആദ്യ സ്ഥാനത്തെത്തിയത്. നിലവില്‍ രണ്ടാം സ്ഥാനത്താണ് ഗെയിം ചേഞ്ചറുള്ളത്. ആസിഫ് അലി സിനിമയായ രേഖാചിത്രവും ലിസ്റ്റില്‍ ഇടംപിടിച്ചിട്ടുണ്ട്. ആറാം സ്ഥാനത്താണ് രേഖാചിത്രമുള്ളത്. അജിത് നായകനാകുന്ന വിടാമുയര്‍ച്ചി, നന്ദമൂരി ബാലകൃഷ്ണ പ്രധാന വേഷത്തിലെത്തുന്ന ഡാകു മഹാരാജ് എന്നീ സിനിമകളാണ് ലിസ്റ്റില്‍ ഇടംപിടിച്ച തമിഴ്, തെലുങ്ക് സിനിമകള്‍.
ജനുവരി രണ്ടിന് ഐഡന്റിറ്റി ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ എത്തും. ചിത്രം മലയാളത്തില്‍ കൂടാതെ തമിഴിലും ഹിന്ദിയിലും ഒരേ സമയം റിലീസിനെത്തുമെന്നാണ് റിപ്പോര്‍ട്ട്. യുഎ സര്‍ട്ടിഫിക്കറ്റ് ആണ് സിനിമക്ക് ലഭിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ നേരത്തെ പുറത്തുവിട്ടു. ഒരു കൊലപാതകത്തിന്റെ ചുരുളഴിക്കാന്‍ ആ സംഭവത്തിന്റെ സാക്ഷിക്കൊപ്പം ഹരണ്‍ ശങ്കര്‍ എന്ന സ്‌കെച്ച് ആര്‍ട്ടിസ്റ്റും പൊലീസും നടത്തുന്ന ശ്രമങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തമെന്ന സൂചനയാണ് ട്രെയിലര്‍ നല്‍കുന്നത്.
വമ്പന്‍ ആക്ഷന്‍ രംഗങ്ങളാണ് സിനിമയുടെ ഹൈലൈറ്റ് എന്നാണ് ട്രെയിലര്‍ കാണുമ്പോള്‍ മനസിലാകുന്നത്. രാഗം മൂവിസിന്റെ ബാനറില്‍ രാജു മല്യത്ത്, കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ബാനറില്‍ ഡോ.റോയി സി ജെ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. സംവിധായകരായ അഖില്‍ പോള്‍ -അനസ് ഖാന്‍ എന്നിവര്‍ ചേര്‍ന്നാണ് ഐഡന്റിറ്റിയുടെ തിരക്കഥയും രചിച്ചിരിക്കുന്നത്.