തിരുവനന്തപുരം: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കില്ലെന്ന കോൺഗ്രസ് തീരുമാനം ഹൈന്ദവ വിശ്വാസികളോടുള്ള അവഹേളനമെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ. തീരമാനം സമസ്തയെ ഭയന്നാണോ മുസ്ലിംലീഗിനെ ഭയന്നാണോ എന്ന് കോൺഗ്രസ് വ്യക്തമാക്കണം. നാല് വോട്ടിന് വേണ്ടിയുള്ള വില കുറഞ്ഞ നടപടിയാണ് കോൺഗ്രസ് നേതൃത്വം എടുത്തിരിക്കുന്നത്.
പള്ളിയിൽ പോകുന്നത് ജനാധിപത്യത്തിന് എതിരല്ല, പകരം അമ്പലത്തിൽ പോകുന്നതാണോ ജനാധിപത്യത്തിന് എതിരാകുന്നത്? കേരളത്തിലെ കോൺഗ്രസ് നേതാക്കൾ മുസ്ലിംലീഗിന് അടിയറവ് പറഞ്ഞുവെന്നും വി മുരളീധരൻ കുറ്റപ്പെടുത്തി.
ജോസഫ് മാഷിന്റെ കൈ വെട്ടിയ കേസിലെ പ്രതി മാർക്സിസ്റ്റ് പാർട്ടിയുടെ ശക്തി കേന്ദ്രത്തിൽ ഒളിവിൽ താമസിച്ചുവെന്നും കേന്ദ്ര മന്ത്രി ആരോപിച്ചു. ഭീകരവാദികളുമായുള്ള മാർക്സിസ്റ്റ് പാർട്ടിയുടെ രഹസ്യബന്ധം ഇതോടെ വ്യക്തമായി. കേരളം അന്താരാഷ്ട്ര ഭീകരന്മാരുടെ ഒളിത്താവളമായി മാറുമോ എന്നാണ് താൻ ഭയക്കുന്നത്. ഭീകരവാദികളുമായി മാർക്സിസ്റ്റ് പാർട്ടിക്ക് ചങ്ങാത്തമുണ്ടെന്നും വി മുരളീധരൻ ആരോപിച്ചു.
വിദേശയാത്രാ വിവരങ്ങളും ചെലവഴിച്ച തുകയുടെ കണക്കും തരാനാകില്ലെന്ന് മന്ത്രാലയത്തിന്റെ നിലപാടിലും കേന്ദ്രമന്ത്രി മറുപടി പറഞ്ഞു. വിദേശയാത്രയിൽ എല്ലാം പരസ്യമായി ചെയ്യുന്ന കാര്യങ്ങളാണ്. എംബസി, വിദേശകാര്യ വകുപ്പ് എന്നിവർ അറിയുന്ന യാത്രകൾ മാത്രമാണ് നടത്തിയതെന്നും വി മുരളീധരൻ വ്യക്തമാക്കി.