ജയ്പൂര്‍: ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ തകര്‍ത്ത് സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സ് തുടങ്ങി. ക്യാപ്റ്റന്‍ സഞ്ജു (52 പന്തില്‍ പുറത്താവാതെ 82) മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ 20 റണ്‍സിനായിരുന്നു രാജസ്ഥാന്റെ ജയം. ടോസ് നേടി ബാറ്റിംഗ് തിരിഞ്ഞെടുത്ത രാജസ്ഥാന്‍ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സാണ് നേടിയത്.
മറുപടി ബാറ്റിംഗില്‍ ലഖ്‌നൗവിന് ആറ് വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സെടുക്കാനാണ് സാധിച്ചത്. കെ എല്‍ രാഹുല്‍ (44 പന്തില്‍ 58), നിക്കൊളാസ് പുരാന്‍ (41 പന്തില്‍ പുറത്താവാതെ 64) തിളങ്ങിയെങ്കിലും വിജയത്തിലേക്ക് നയിക്കാനായില്ല. ട്രന്റ് ബോള്‍ട്ട് രണ്ട് വിക്കറ്റ് വീഴ്ത്തി.
മോശം തുടക്കമായിരുന്നു ലഖ്‌നൗവിന്. 11 റണ്‍സെടുക്കുന്നതിനിടെ അവര്‍ക്ക് മൂന്ന് വിക്കറ്റ് നഷ്ടമായി. ക്വിന്റണ്‍ ഡി കോക്ക് (4), ദേവ്ദത്ത് പടിക്കല്‍ (0), ആയുഷ് ബദോനി (1) എന്നിവരാണ് മടങ്ങിയത്. പിന്നീട് ദീപക് ഹൂഡ (26) – രാഹുല്‍ സഖ്യം 49 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ഹൂഡയെ പുറത്താക്കി ചാഹല്‍ കൂട്ടുകെട്ട് പൊളിച്ചു.
എന്നാല്‍ രാഹുല്‍ – പുരാന്‍ സഖ്യം ക്രീസില്‍ ഉറച്ചതോടെ ലഖ്‌നൗ വിജയം സ്വപ്‌നം കണ്ടു. ഇരുവരും 85 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ സന്ദീപ് ശര്‍മ രാജസ്ഥാന് ബ്രേക്ക് ത്രൂ നല്‍കി. രാഹുല്‍ പുറത്ത്. തുടര്‍ന്നെത്തിയ മാര്‍കസ് സ്റ്റോയിനിസിനെ (3) അശ്വിനും തിരിച്ചയച്ചു. പുരാനൊപ്പം ക്രുനാല്‍ പാണ്ഡ്യ (3) പുറത്താവാതെ നിന്നു. സന്ദീപിന്റെ സ്‌പെല്ലാണ് മത്സരത്തില്‍ നിര്‍ണായകമായത്. മൂന്ന് ഓവറില്‍ 22 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റാണ് വീഴ്ത്തിയത്. അശ്വിന്‍, നന്ദ്രേ ബര്‍ഗര്‍, ചാഹല്‍ എന്നിവര്‍ക്ക് ഓരോ വിക്കറ്റുണ്ട്.
നേരത്തെ, സഞ്ജുവിന് പുറമെ രാജസ്ഥാന് വേണ്ടി റിയാന്‍ പരാഗ് (29 പന്തില്‍ 43) മികച്ച പ്രകടനം പുറത്തെടുത്തു. ലഖ്‌നൗവിന് വേണ്ടി നവീന്‍ ഉള്‍ ഹഖ് രണ്ട് വിക്കറ്റെടുത്തു. സ്ലോ വിക്കറ്റില്‍ പതിഞ്ഞ താളത്തിലായിരുന്നു രാജസ്ഥാന്റെ തുടക്കം. ഓപ്പണര്‍ ജോസ് ബട്‌ലര്‍ (11) നന്നായി ബുദ്ധിമുട്ടി. രണ്ട് ബൗണ്ടറി നേടി ആത്മവിശ്വാസം വീണ്ടെടുക്കുമ്പോഴേക്ക് വിക്കറ്റ് നഷ്ടമാവുകയും ചെയ്തു.
രണ്ടാം ഓവറിന്റെ അവസാന പന്തില്‍ നവീന്റെ പന്തില്‍ വിക്കറ്റ കീപ്പര്‍ കെ എല്‍ രാഹുലിന് ക്യാച്ച്. പിന്നാലെ സഞ്ജു – ജയ്‌സ്വാള്‍ സഖ്യം 36 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ജയ്‌സ്വാളിനെ പുറത്താക്കി മുഹ്‌സിന്‍ ലഖ്‌നൗവിന് ബ്രേക്ക് ത്രൂ നല്‍കി. പുള്‍ ഷോട്ടിന് ശ്രമിക്കുമ്പോള്‍ മിഡ് ഓഫില്‍ ക്രുനാല്‍ പാണ്ഡ്യക്ക് ക്യാച്ച്. ഇതോടെ അഞ്ച് ഓവറില്‍ രണ്ടിന് 49 എന്ന നിലയിലായി രജാസ്ഥാന്‍.
തുടര്‍ന്ന് സഞ്ജു-പരാഗ് കൂട്ടുകെട്ട് രാജസ്ഥാന്റെ രക്ഷയ്‌ക്കെത്തുകയായിരുന്നു. ഇരുവരും 93 റണ്‍സാണ് കൂട്ടിചേര്‍ത്തത്. രാജസ്ഥാന്‍ ഇന്നിംഗ്‌സിന്റെ നട്ടെല്ലായതും ഈ കൂട്ടുകെട്ട് തന്നെ. 15-ാം ഓവറില്‍ കൂട്ടുകെട്ട് പൊളിഞ്ഞു. പരാഗിനെ, നവീന്‍ പുറത്താക്കുകയായിരുന്നു. തുടര്‍ന്നെത്തിയ ഷിംറോണ്‍ ഹെറ്റ്‌മെയര്‍ (5) നിരാശപ്പെടുത്തി. രവി ബിഷ്‌ണോയിക്കായിരുന്നു വിക്കറ്റ്. ആറാമനായി ക്രീസിലെത്തിയ ധ്രുവ് ജുറലും (12 പന്തില്‍ 20) നിര്‍ണായക സംഭാവന നല്‍കി.