ജയ്പൂര്‍: മലയാളി താരം സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സിന് നാളെ ‘പിങ്ക് പ്രോമിസ്’ മത്സരം. ഐപിഎല്ലില്‍ നാളെ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവുമായി നടക്കുന്ന മത്സരത്തില്‍ റോയല്‍സ് ടീം കടും പിങ്ക് നിറത്തിലുള്ള ജഴ്‌സിയണിഞ്ഞ് ഇറങ്ങും. രാജ്യത്തെ വനിതകള്‍ക്കുള്ള സമര്‍പ്പണമായാണ് ഈ സവിശേഷ ജഴ്‌സിയണിഞ്ഞ് രാജസ്ഥാന്‍ കളത്തിലിറങ്ങുന്നത്.
രാജസ്ഥാനിലേയും ഇന്ത്യയിലെയും വനിതാ ശാക്തീകരണം, അവരുടെ ഉന്നമനം എന്നിവയുടെ പ്രതീകമാണ് കടും നിറത്തിലുള്ള പിങ്ക് ജഴ്‌സി. രാജസ്ഥാന്‍, ഗുജറാത്ത് സംസ്ഥാനങ്ങളില്‍ പ്രചാരമുള്ള ബന്ധാനി ചിത്രമെഴുത്തിന്റെ സവിശേഷതകള്‍ ചേര്‍ന്നാണ് ജഴ്സിയുടെ രൂപ കല്‍പ്പന. ബന്ധാനി പാറ്റേണ്‍ രാജസ്ഥാനിലെ സ്ത്രീകള്‍ ഉപയോഗിക്കുന്ന വസ്ത്രങ്ങളില്‍ ഇടംപിടിക്കാറുണ്ട്. കടും പിങ്ക് നിറത്തില്‍ ബന്ധാനി പാറ്റേണ്‍ ഡിസൈനുകള്‍ ചേര്‍ത്താണ് ജഴ്സി.
Tomorrow is special. We’re all-Pink, and this is our #PinkPromise to the women of Rajasthan. 💗☀️#RoyalsFamily | @RoyalRajasthanF pic.twitter.com/DcUt9gNZoG
— Rajasthan Royals (@rajasthanroyals) April 5, 2024
ഈ മുന്നേറ്റത്തിനൊപ്പം തന്നെ സോളാര്‍ വൈദ്യുതിയുടെ പ്രചാരണവും ടീം ലക്ഷ്യമിടുന്നുണ്ട്. ഇതിന്റെ ഭാഗമായി ഇരുടീമുകളിലെയും ബാറ്റര്‍മാര്‍ പറത്തുന്ന ഓരോ സിക്‌സുകള്‍ക്കും ആറ് വീടുകള്‍ എന്ന കണക്കില്‍ ടീം മുന്‍കൈയെടുത്ത് സോളാര്‍ പാനല്‍ സ്ഥാപിച്ച് വൈദ്യുതി എത്തിക്കും. രാജസ്ഥാന്‍ റോയല്‍സ് ഫൗണ്ടേഷനാണ് ഈ മുന്നേറ്റവുമായി എത്തുന്നത്.
ഞായറാഴ്ച ജയ്പൂരിലാണ് രാജസ്ഥാന്‍ റോയല്‍സ്- റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു മത്സരം. തുടര്‍ച്ചയായ നാലാം വിജയം ലക്ഷ്യമിട്ടാണ് റോയല്‍ ബെംഗളൂരുവിനെതിരെ റോയല്‍സ് സ്വന്തം തട്ടകത്തിലിറങ്ങുന്നത്. സീസണിലെ മൂന്ന് മത്സരങ്ങളും വിജയിച്ച രാജസ്ഥാന്‍ പോയിന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ്. നെറ്റ് റണ്‍റേറ്റില്‍ മുന്‍തൂക്കമുള്ള കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സാണ് ഒന്നാമത്.