തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴക്ക് സാധ്യതയുണ്ട് എന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ നിരീക്ഷണം. കന്യാകുമാരിക്ക് മുകളിലായി സ്ഥിതി ചെയ്യുന്ന ചക്രവാതചുഴിയുടെ സ്വാധീനഫലമായമാണ് കേരളത്തില്‍ മഴ ശക്തമാകുന്നത്. ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നും തെക്ക് കിഴക്കന്‍ ഇന്ത്യയിലേക്ക് വീശുന്ന ശക്തമായ വടക്ക് കിഴക്കന്‍ കാറ്റിന്റെ സ്വാധീന ഫലമായി ഇടിമിന്നലോടു കൂടിയ മഴയ്ക്കാണ് സാധ്യത.
നവംബര്‍ 23 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട് എന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വിവിധ ദിവസങ്ങളില്‍ ചില ജില്ലകളില്‍ മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്ന് ആറ് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്.
നാളെ അഞ്ച് ജില്ലകളിലും മറ്റന്നാള്‍ എട്ട് ജില്ലകളിലും യെല്ലോ അലര്‍ട്ട് ആണ്. കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി എന്നിങ്ങനെ അഞ്ച് ജില്ലകളിലാണ് നാളെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നവംബര്‍ 22 ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
നവംബര്‍ 23 ന് പത്തനംതിട്ട, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലും യെല്ലോ അലര്‍ട്ട് ആയിരിക്കും. ഈ ജില്ലകളില്‍ എല്ലാം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലി മീറ്റര്‍ മുതല്‍ 115.5 മില്ലി മീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെ ആണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
യെല്ലോ അലര്‍ട്ട് ആണ് നല്‍കിയിരിക്കുന്നതെങ്കിലും ചിലയിടങ്ങളില്‍ ഓറഞ്ച് അലര്‍ട്ടിന് സമാനമായ മഴയ്ക്ക് സാധ്യത ഉണ്ട്. അതിനാല്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണം എന്ന് ജനങ്ങളോട് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. ശക്തമായ മഴയോടൊപ്പം ഇടിമിന്നലിനും സാധ്യതയുണ്ട്. അതിനാല്‍ മിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍ ഉടന്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറണം.
തുറസായ സ്ഥലങ്ങളില്‍ തുടരുന്നത് ഇടിമിന്നലേല്‍ക്കാനുള്ള സാധ്യത വര്‍ധിപ്പിക്കും എന്നും ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തില്‍ ജനലും വാതിലും അടച്ചിടണം എന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ഈ സമയം വാതിലിനും ജനലിനും അടുത്ത് നില്‍ക്കരുത്.