FeaturedHome-bannerKeralaNews

മഴക്കെടുതിയിൽ ആറു മരണം,27 വീടുകൾ തകർന്നു; 123 വീടുകൾക്കു ഭാഗീക നഷ്ടം

തിരുവനന്തപുരം:മഴക്കെടുതിയിൽ സംസ്ഥാനത്ത് ഇന്ന് (02 ഓഗസ്റ്റ്) ആറു മരണം. കണ്ണൂരിൽ മൂന്നുപേരും തിരുവനന്തപുരം, കോട്ടയം, എറണാകുളം ജില്ലകളിൽ ഓരോരുത്തരുമാണു മരിച്ചത്. ഇതോടെ കഴിഞ്ഞ ഞായറാഴ്ച മുതൽ പെയ്യുന്ന കനത്ത മഴയിൽ സംസ്ഥാനത്ത് മരിച്ചവരുടെ ആകെ എണ്ണം 12 ആയി.

കണ്ണൂർ ഇരിട്ടി താലൂക്കിലെ കണിച്ചാർ വില്ലേജിലുണ്ടായ ഉരുൾപൊട്ടലിൽ പിഞ്ചുകുഞ്ഞടക്കം മൂന്നു പേർ മരിച്ചു. കണിച്ചാർ വില്ലേജിലെ പൂളക്കുറ്റി, വെള്ളറ, നെടുംപുറം ചാൽ എന്നിവിടങ്ങളിലാണ് ഉരുൾപൊട്ടിയത്. കണിച്ചാൽ വെള്ളറ കോളനിയിലെ അരുവിക്കൽ ഹൗസിൽ രാജേഷ് (45), പൂളക്കുറ്റി ആരോഗ്യ കേന്ദ്രം ജീവനക്കാരി നദീറ ജെ. റഹീമിന്റെ രണ്ടര വയസുകാരിയായ മകൾ നൂമ തസ്മീൻ, കണിച്ചാർ വെള്ളറ കോളനിയിലെ മണ്ണാളി ചന്ദ്രൻ (55) എന്നിവരാണു മരിച്ചത്. പൂളക്കുറ്റിയിലെ ഉരുൾപൊട്ടലിൽ തകർന്ന ചന്ദ്രന്റെ വീട് പൂർണമായും മണ്ണിനടിയിലാണ്. ഇന്ത്യൻ ആർമിയുടെയും ഫയർ ആൻഡ് റെസ്‌ക്യു ഫോഴ്സിന്റെയും നേതൃത്വത്തിൽ നടത്തിയ തിരച്ചിലിലാണു താഴെ വെള്ളറ ഭാഗത്തുനിന്ന് വൈകീട്ട് നാലരയോടെ ചന്ദ്രന്റെ മൃതദേഹം കിട്ടിയത്.

തിരുവനന്തപുരത്ത് തമിഴ്‌നാട് സ്വദേശി കന്യാകുമാരി പുത്തൻതുറ കിങ്‌സറ്റൺ (27) കടലിൽ തിരയിൽപ്പെട്ടു മരിച്ചു. കോട്ടയം കൂട്ടിക്കലിൽ മലവെള്ളപ്പാച്ചിലിൽപ്പെട്ടു കൂട്ടിക്കൽ കന്നുപറമ്പിൽ റിയാസ് (45) മരിച്ചു. എറണാകുളം കുട്ടമ്പുഴയിൽ ഇന്നലെ (തിങ്കളാഴ്ച) കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി.


കാവനാകുടിയിൽ പൗലോസിനെയാണ് വനത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉരുളംതണ്ണി സ്വദേശിയായ ഇദ്ദേഹത്തിന് 65 വയസ്സായിരുന്നു. ദേഹത്തേക്ക് മരം ഒടിഞ്ഞുവീണതാണു മരണ കാരണം.

കഴിഞ്ഞ ഞായറാഴ്ച മുതൽ പെയ്യുന്ന കനത്ത മഴയിൽ സംസ്ഥാനത്ത് 27 വീടുകൾ പൂർണമായും 126 വീടുകൾ ഭാഗീകമായും തകർന്നു. ഇന്നു(02 ഓഗസ്റ്റ്) മാത്രം 23 വീടുകൾ പൂർണമായി തകർന്നു. 71 വീടുകൾക്കു ഭാഗീക നാശനഷ്ടമുണ്ടായി.

കണ്ണൂരിലാണ് ഏറ്റവും കൂടുതൽ വീടുകൾ തകർന്നത്. ഇവിടെ 18 വീടുകൾ പൂർണമായും എട്ടു വീടുകൾ ഭാഗീകമായും തകർന്നു. ഇന്നുണ്ടായ കനത്ത മഴയിലാണ് ഈ നാശനഷ്ടം. കൊല്ലം – 2, ഇടുക്കി – 5, എറണാകുളം – 1, വയനാട് – 1 എന്നിങ്ങനെയാണു മറ്റു ജില്ലകളിൽ പൂർണമായി തകർന്ന വീടുകളുടെ എണ്ണം. തിരുവനന്തപുരത്ത് ഇതുവരെ 12 വീടുകൾക്കു ഭാഗീക നാശനഷ്ടമുണ്ടായി. കൊല്ലം – 15, പത്തനംതിട്ട – 6, ആലപ്പുഴ – 10, കോട്ടയം – 50, ഇടുക്കി – 7, എറണാകുളം – 2, തൃശൂർ – 6, വയനാട് – 10, കണ്ണൂർ – 8 എന്നിങ്ങനെയാണു മറ്റു ജില്ലകളിൽ ഭാഗീകമായി തകർന്ന വീടുകളുടെ എണ്ണം. (31 മുതലുള്ള കണക്കുകളുടെ അടിസ്ഥാനത്തിൽ തയാറാക്കിയത്)

(ഇന്നു (ഓഗസ്റ്റ് 02) മാത്രം പൂർണമായി തകർന്ന വീടുകളുടെ എണ്ണം – ആകെ : 23, കൊല്ലം – 2, ഇടുക്കി – 2, എറണാകുളം – 1, കണ്ണൂർ – 18)

(ഇന്നു(ഓഗസ്റ്റ് 02) മാത്രം ഭാഗീകമായി തകർന്ന വീടുകളുടെ എണ്ണം – ആകെ : 71, തിരുവനന്തപുരം – 7, കൊല്ലം – 14, പത്തനംതിട്ട – 6, ആലപ്പുഴ – 10, കോട്ടയം – 4, ഇടുക്കി – 5, എറണാകുളം – 1, തൃശൂർ – 6, വയനാട് – 10, കണ്ണൂർ – 8)

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button