
തിരുവനന്തപുരം: വ്യാഴാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. അടുത്ത 24 മണിക്കൂറില്‍ ഏഴ് മുതല്‍ 11 സെന്റിമീറ്റര്‍ വരെയുള്ള ശക്തമായ മഴയ്ക്കും തുടര്‍ന്നുള്ള ദിവസങ്ങളില്‍ 24 മണിക്കൂറില്‍ 20 സെന്റിമീറ്റര്‍ വരെയുള്ള കനത്ത മഴയ്ക്കുമാണ് സാധ്യത.
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദത്തിന്റെ സ്വാധീനമാണു കേരളത്തില്‍ വീണ്ടും മഴ ശക്തിപ്പെടാനിടയാക്കിയത്. കാലവര്‍ഷം ഇക്കുറി നേരത്തെ എത്തിയെങ്കിലും ആദ്യ ആഴ്ചകളില്‍ പൊതുവെ ദുര്‍ബലമായി തുടരുകയായിരുന്നു.
കനത്ത മഴയ്ക്കുള്ള മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ വ്യാഴാഴ്ച വരെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പാലക്കാട് ഒഴികെയു ളള ജില്ലകളില്‍ ഇന്നും നാളെ എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
കേരള, കര്‍ണാടക തീരങ്ങളിലും ലക്ഷദ്വീപ് ഭാഗത്തും വ്യാഴാഴ്ച വരെ കാറ്റിന്റെ വേഗം ചില അവസരങ്ങളില്‍ മണിക്കൂറില്‍ 65 കിലോമീറ്റര്‍ വരെ ആകാന്‍ സാധ്യതയുള്ളതിനാല്‍ മീന്‍പിടിത്തക്കാര്‍ ഈ ഭാഗങ്ങളിലേക്കു പോകരുതെന്നും മുന്നറിയിപ്പുണ്ട്.