തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം രണ്ടു ദിവസത്തിനുള്ളില്‍ കൂടുതല്‍ ശക്തി പ്രാപിക്കും.
എന്നാല്‍, ഇത് ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയില്ലെന്നും, ന്യൂനമര്‍ദത്തിന്റെ സ്വാധീനത്താല്‍ വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് മഴ ശക്തമാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ബുധനാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്ത മഴയ്ക്കു സാധ്യതയുണ്ട്.
മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ചൊവ്വാഴ്ച ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. വയനാട്, പാലക്കാട് ഒഴികെയുള്ള ജില്ലകളില്‍ ഇന്നും വയനാട്, പാലക്കാട്, തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള ജില്ലകളില്‍ തിങ്കളാഴ്ചയും യെല്ലോ അലര്‍ട്ടാണ്.
ബുധനാഴ്ച വരെ കേരളം, കര്‍ണാടക തീരങ്ങളിലും ലക്ഷദ്വീപ് ഭാഗങ്ങളിലും മണിക്കൂറില്‍ 65 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റു വീശാന്‍ സാധ്യതയുള്ളതിനാല്‍ മീന്‍പിടിത്തക്കാര്‍ ഈ ഭാഗങ്ങളിലേക്കു പോകരുതെന്നും മുന്നറിയിപ്പുണ്ട്.