കൊച്ചി: മധ്യ കേരളത്തില്‍ മഴ ശക്തമാക്കി ബംഗാള്‍ ഉള്‍ക്കടലില്‍ രൂപമെടുത്ത ന്യൂനമര്‍ദം. വ്യാഴാഴ്ച ഉച്ച മുതല്‍ എറണാകുളം, തൃശൂര്‍, ഇടുക്കിയുടെ ചിലഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ ഇടിയോടു കൂടി ശക്തമായ മഴ പെയ്തു. വോട്ടെടുപ്പു ദിവസം വരെ മഴയുണ്ടാകുമെന്നാണ് പ്രവചനം.
പടിഞ്ഞാറന്‍ കാറ്റിനും ശക്തിയും കൂടി. അറബിക്കടലിലെ ന്യൂനമര്‍ദം ദുര്‍ബലമായി. ഇതോടെ തെക്കന്‍ കേരളത്തില്‍ വേനല്‍ മഴയ്ക്കുള്ള സാധ്യത തല്‍ക്കാലം ഒഴിവായി. രാജ്യത്തിന്റെ ദക്ഷിണ തീരത്തുനിന്ന് അകലെയാണ് ബംഗാള്‍ ഉള്‍ക്കടലില്‍ രുപമെടുത്തിരിക്കുന്ന ന്യൂനമര്‍ദം. എങ്കിലും അതിനുള്ളിലേക്ക് ദൂരെ നിന്നുപോലും കാറ്റിനെ വലിച്ചെടുക്കുന്നതാണ് മഴയ്ക്കു കാരണമാകുന്നത്.
ഇപ്പോഴുണ്ടായ സവിശേഷമായ ന്യൂനമര്‍ദമഴ നാലോ അഞ്ചോ ദിവസങ്ങള്‍ തുടര്‍ന്നതിനുശേഷം ദുര്‍ബലമാകും. ശക്തമായ ഉഷ്ണതരംഗം പ്രതീക്ഷിച്ചിരുന്നെങ്കിലും മഴമേഘങ്ങള്‍ സൂര്യരശ്മികളെ തടുത്തുനിര്‍ത്തിയതുകൊണ്ട് സംസ്ഥാനത്ത് ശരാശരി അന്തരീക്ഷ താപനില 35 ഡിഗ്രി സെല്‍ഷ്യസില്‍ ഒതുങ്ങി. മറിച്ചായിരുന്നെങ്കില്‍ സൂര്യാഘാതം ഉണ്ടാകുമായിരുന്നു.