തിരുവനന്തപുരം: തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട തീവ്ര ന്യൂനമര്‍ദം അടുത്ത 12 മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റായി മാറും. തെക്കന്‍ കേരളത്തില്‍ കാലാവസ്ഥാന നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മറ്റന്നാള്‍ കന്യാകുമാരി തീരത്തെത്തും. വെള്ളിയാഴ്ച വരെ കേരളത്തില്‍ പലയിടത്തും അതിശക്തമായ മഴയ്ക്കു സാധ്യതയുണ്ട്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ വ്യാഴാഴ്ച റെഡ് അലര്‍ട്ടും കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഇന്നും ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ ബുധനാഴ്ചയും യെല്ലോ അലര്‍ട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ബുധനാഴ്ച ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. കേരള തീരത്തുനിന്നു കടലില്‍ പോകുന്നതു നിരോധിച്ചു.
ശ്രീലങ്കന്‍ തീരത്തുനിന്ന് 680 കിലോമീറ്റര്‍ അകലത്തായി സ്ഥിതി ചെയ്യുന്ന ന്യൂനമര്‍ദം ചൊവ്വാഴ്ച രാവിലെയോടെ അതിതീവ്ര ന്യൂനമര്‍ദവും തുടര്‍ന്ന് ചുഴലിക്കാറ്റുമായി മാറുമെന്നുമാണ് നിഗമനം. ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറിയാല്‍ ‘ബുറേവി’ എന്ന പേരായിരിക്കും നല്‍കുക. മാലദ്വീപാണ് ചുഴലിക്കാറ്റിന് പേര് നിര്‍ദേശിച്ചിരിക്കുന്നത്.
ഈ സാഹചര്യത്തില്‍ സംസ്ഥാനം കേന്ദ്രസേനയുടെ സഹായം തേടി. നേവിയോടും കോസ്റ്റ്ഗാര്‍ഡിനോടും തീരത്ത് നിന്ന് 30 നോട്ടിക്കല്‍ മൈല്‍ അകലെ കപ്പലുകള്‍ സജ്ജമാക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.