മുംബൈ: നീണ്ട കാത്തിരിപ്പിനൊടുവില്‍ മുംബൈയില്‍നിന്ന് കേരളത്തിലേക്ക് പുതിയ ട്രെയിന്‍ വരുന്നു. പന്‍വേല്‍-കൊച്ചുവേളി റൂട്ടിലാകും പ്രതിവാരവണ്ടിയായി ഈ വണ്ടി ഓടുക. കഴിഞ്ഞ ടൈംടേബിള്‍ കമ്മിറ്റിയാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.
എന്നാല്‍ ജൂലായില്‍വരുന്ന പുതിയ റെയില്‍വേ ടൈംടേബിളില്‍ ഈ വണ്ടി ഉള്‍പ്പെടുത്താനുള്ള സാധ്യതയില്ലെന്ന് മധ്യറെയില്‍വേയിലെ ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു. അതുകൊണ്ട് എന്നുമുതല്‍ ഓടിത്തുടങ്ങുമെന്നതിലും വ്യക്തതയില്ല. നിലവില്‍ നേത്രാവതി എക്‌സ്പ്രസ് മാത്രമാണ് എല്ലാദിവസവും മുംബൈയില്‍നിന്ന് കേരളത്തിലേക്ക് ഓടുന്നത്.
കൊങ്കണ്‍പാത തുറന്നശേഷം മൂന്നു ട്രെയിനുകള്‍ പ്രഖ്യാപിച്ചെങ്കിലും എല്ലാം ആഴ്ചയില്‍ രണ്ട് സര്‍വീസ്വീതം ഉള്ളവയായിരുന്നു. മുംബൈ-കന്യാകുമാരി പ്രതിദിനവണ്ടിയായ ജയന്തി ജനതയെ പുണെ-കന്യാകുമാരി ആക്കിയതോടെ ആ വണ്ടിയും മുംബൈക്കാര്‍ക്ക് നഷ്ടമായി. ഈ സാഹചര്യത്തിലാണ് മുംബൈ-കേരള പ്രതിദിന ട്രെയിന്‍ എന്ന ആവശ്യം മധ്യറെയില്‍വേയും ദക്ഷിണറെയില്‍വേയും കഴിഞ്ഞ ടൈംടേബിള്‍ കമ്മിറ്റി യോഗത്തില്‍ ഉന്നയിച്ചത്.
എന്നാല്‍ പ്രതിദിനവണ്ടിയ്ക്ക് സമയക്രമം ഒരുക്കാന്‍ ബുദ്ധിമുട്ടാണെന്നും പ്രതിവാരവണ്ടിയാണെങ്കില്‍ പരിഗണിക്കാമെന്നുമായിരുന്നു കൊങ്കണ്‍ റെയില്‍വേയുടെ മറുപടി. അങ്ങനെയാണ് ആഴ്ചയില്‍ ഒരുദിവസംമാത്രം ട്രെയിന്‍ ഓടിക്കാന്‍ ധാരണയായത്.
ട്രെയിന്‍ സി.എസ്.ടി.യില്‍നിന്ന് പുറപ്പെടണമെന്നായിരുന്നു ദക്ഷിണറെയില്‍വേയുടെ ശുപാര്‍ശ.അല്ലെങ്കിൽ മുംബൈയ്ക്കകത്ത് മറ്റെവിടെനിന്നെങ്കിലും പുറപ്പെടണമെന്നും അവർ ആവശ്യപ്പെട്ടു. എന്നാൽ നഗരത്തിലെ എല്ലാ ടെർമിനസുകളും പ്രവർത്തിക്കുന്നത് പരമാവധി ശേഷിയിലാണെന്നും അതിനാൽ പൻവേലിൽനിന്ന് പുറപ്പെടട്ടെയെന്നായിരുന്നു മധ്യറെയിൽവേയുടെ മറുപടി. അതോടെ കുർള-കൊച്ചുവേളി ട്രെയിൻ പൻവേൽ-കൊച്ചുവേളിയായി.