KeralaNews

റെയിൽവേ ഡിവിഷണൽ മാനേജർ ഇന്ന് ഏറ്റുമാനൂർ സ്റ്റേഷനിൽ : വികസന സെമിനാർ

തിരുവനന്തപുരം ഡിവിഷണൽ മാനേജർ എസ് എം ശർമ്മ ഇന്ന് ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷൻ സന്ദർശിക്കുന്നു. തോമസ് ചാഴികാടൻ എം പി യുടെ നേതൃത്വത്തിൽ അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തിയ ഏറ്റുമാനൂർ സ്റ്റേഷന്റെ വികസനം ചർച്ച ചെയ്യുന്നതിനാണ് ഡി ആർ എം ഇന്ന് സ്റ്റേഷനിൽ എത്തിച്ചേരുന്നത്.

സമയം : 03.00 pm

സ്ഥലം : ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷൻ പ്ലാറ്റ് ഫോം 1.

രാവിലെ തിരുവനന്തപുരം ഭാഗത്തേയ്ക്ക് ഒരു ട്രെയിന് പോലും സ്റ്റോപ്പ്‌ ഇല്ലാത്തത് സ്റ്റേഷന്റെ ഏറ്റവും വലിയ ന്യൂനതയായി യാത്രക്കാരുടെ സംഘടനയായ ഫ്രണ്ട്‌സ് ഓൺ റെയിൽസ് ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ട് നിലവിലെ സാഹചര്യത്തിൽ പ്രഥമ പരിഗണന നൽകേണ്ടതും പുലർച്ചെ തിരുവനന്തപുരം ഭാഗത്തേയ്ക്കുള്ള ട്രെയിന് ഏറ്റുമാനൂർ ഒരു സ്റ്റോപ്പ് എന്ന വിഷയമാണെന്ന് അസോസിയേഷനെ പ്രതിനിധീകരിച്ച് അജാസ് വടക്കേടം, ശ്രീജിത്ത് കുമാർ എന്നിവർ ഉന്നയിക്കുന്നു. ട്രെയിനുകളുടെ സ്റ്റോപ്പ് വികസനത്തിന്റെ നെടുംതൂണാണെന്ന് അവർ കൂട്ടിച്ചേർത്തു

ആശുപത്രി ആവശ്യങ്ങൾക്കായി തിരുവനന്തപുരം RCC പോലുള്ള തലസ്ഥാന നഗരിയിലെ ഹോസ്പിറ്റലുകളെ ആശ്രയിക്കുന്ന നിരവധി ആളുകളുണ്ട്. ജോലി, വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി തിരുവനന്തപുരം ഭാഗത്തേയ്ക്ക് യാത്ര ചെയ്യുന്നവരുണ്ട്. രാവിലെ തിരുവനന്തപുരം ഭാഗത്തേയ്ക്ക് ഒരു ട്രെയിന് പോലും സ്റ്റോപ്പ്‌ ഇല്ലാത്തതിനാൽ സ്റ്റേഷനെ ആശ്രയിക്കുന്ന അഞ്ചുപഞ്ചായത്തിലെയും ജില്ലയുടെ കിഴക്കൻ മേഖലയായ പാലാ, പേട്ട, പോലുള്ള സ്ഥലങ്ങളിൽ നിന്നുമുള്ളവരെയും കടുത്ത ദുരിതത്തിലാക്കുകയാണ്.

16348 തിരുവനന്തപുരം എക്സ്പ്രസ്സ്‌, 16344 അമൃത എക്സ്പ്രസ്സ്‌, 16350 രാജാറാണി എക്സ്പ്രസ്സ്‌, 12695 തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ്,16630 മലബാർ, 16381 ജയന്തി, 16303 വഞ്ചിനാട്, 12623 മെയിൽ, 16526 ഐലൻഡ് കൂടാതെ വീക്കിലി, ബൈ വീക്കിലി ട്രെയിനുകളും തിരുവനന്തപുരം ഭാഗത്തേയ്ക്ക് രാവിലെ സർവീസ് നടത്തുന്നുണ്ട്. നിലവിലെ യാത്രാക്ലേശം പരിഗണിച്ച് അടിയന്തിരമായി ഏതെങ്കിലും ഒരു ട്രെയിൻ എങ്കിലും സ്റ്റോപ്പ്‌ അനുവദിക്കണം. വഞ്ചിനാട്, മലബാർ ട്രെയിനുകൾക്ക് സ്റ്റോപ്പ്‌ അനുവദിച്ചാൽ പ്രതിദിനം നിരവധി യാത്രക്കാർക്ക് പ്രയോജനപ്പെടുന്നതാണ്. മലബാർ എക്സ്പ്രസ്സ്‌ പുലർച്ചെ 04.30 നും വഞ്ചിനാട് 06.15 നുമാണ് ഏറ്റുമാനൂർ സ്റ്റേഷനിലൂടെ കടന്നുപോകുന്നത്. തിരുവനന്തപുരത്ത് നിന്നുള്ള മടക്കയാത്രയിലും ഈ ട്രെയിനിന്റെ സമയക്രമം വളരെ അനുയോജ്യമാണ്.

16309/10 എറണാകുളം -കായംകുളം -എറണാകുളം മെമു എം ജി യൂണിവേഴ്സിറ്റിയിലേയ്‌ക്കും തിരിച്ചും നിരവധി വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും മറ്റു ഓഫീസ് ആവശ്യങ്ങൾക്കായി എത്തുന്നവർക്കും അനുയോജ്യമായ സമയത്താണ് സർവീസ് നടത്തുന്നത്. ഏറ്റുമാനൂർ സ്റ്റോപ്പ്‌ പരിഗണിക്കേണ്ടത് വളരെ അത്യാവശ്യമാണ്.

ഏറ്റവും പുതുതായി റെയിൽവേ പ്രഖ്യാപിച്ച 16361/62 വേളാങ്കണ്ണി ബൈ വീക്കിലി എക്സ്പ്രസ്സിനും ഏറ്റുമാനൂർ സ്റ്റോപ്പ്‌ വളരെ ഉപകാരപ്രദമാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ആളുകൾ വേളാങ്കണ്ണി തീർത്ഥാടനം നടത്തുന്നത് കോട്ടയം ജില്ലയിൽ നിന്നാണ് എന്നത് വസ്തുതയാണ്.

അടിസ്ഥാന സൗകര്യങ്ങൾ


▫️ സ്റ്റേഷനും മനയ്ക്കപ്പാടം ബസ് സ്റ്റോപ്പുമായി ബന്ധിപ്പിക്കുന്ന അപ്രോച്ച് റോഡിൽ വഴി വിളക്കുകൾ സ്ഥാപിക്കണം

▫️റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണം

▫️പ്ലാറ്റ് ഫോം 2,.3 ലും ടാപ്പുകളിൽ വെള്ളമെത്തിക്കണം

▫️മഴയെത്തും വെയിലത്തും ട്രെയിൻ കാത്തുനിൽക്കാൻ റൂഫോട് കൂടിയ ഇരിപ്പിടങ്ങൾ വർദ്ധിപ്പിക്കണം. നിലവിൽ രണ്ട് അറ്റത്തുമായാണ് ഇരിപ്പിടങ്ങൾ സജ്ജീകരിച്ചിരിക്കുന്നത്. ഇത് അപര്യാപ്തമാണ്.

▫️അംഗ പരിമിതർക്ക് ട്രെയിൻ കയറുന്നതിനും ഇറങ്ങുന്നതിനുമുള്ള സൗകര്യം സ്റ്റേഷനിൽ ഇല്ല. ട്രെയിൻ നിർത്തുന്ന 2,.3 പ്ലാറ്റ് ഫോമിലേയ്ക്ക് ലിഫ്റ്റ്, എസ്‌കേലേറ്റർ സൗകര്യം പരിഗണിക്കണം.

▫️സ്റ്റേഷനിലേയ്ക്കുള്ള റോഡുകളിൽ ദിശാബോർഡുകൾ സ്ഥാപിക്കണം.

▫️ കുടിവെള്ളം/ടീ സ്റ്റാൾ പരിഗണിക്കണം

സ്റ്റേഷന്റെ/നാടിന്റെ വികസന കാര്യങ്ങളിൽ താത്പര്യമുള്ള എല്ലാ അതിരമ്പുഴ നിവാസികളും യോഗത്തിൽ പങ്കെടുക്കണമെന്ന് പാസഞ്ചർ അസോസിയേഷൻ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button