കൊച്ചി:മറ്റു പൊതുഗതാഗത സംവിധാനങ്ങളിൽ ലോക്ക് ഡൗൺ ഇളവുകൾ പാരമ്യത്തിൽ എത്തിനിൽക്കുമ്പോൾ ജനങ്ങളെ കൊള്ളയടിക്കാൻ സ്പെഷ്യൽ ട്രെയിൻ സർവ്വീസ് മാത്രം തുടരുന്ന റെയിൽവേയുടെ നടപടിയ്ക്കെതിരെ നിലപാട് കടുപ്പിക്കാൻ ഒരുങ്ങുകയാണ് ഫ്രണ്ട്സ് ഓൺ റെയിൽസ് എന്ന യാത്രക്കാരുടെ കൂട്ടായ്മ. കോവിഡ് അനന്തരം ബസ് ചാർജ് വർദ്ധനവിൽ അടക്കം ഉണ്ടായിരുന്ന എല്ലാ നിബന്ധനകളിലും ഇളവ് വരുത്തി ജനജീവിതം സാധാരണ ഗതിയിലേക്ക് മടക്കികൊണ്ടുവരാനുള്ള ശ്രമം മറ്റു ഗതാഗത സംവിധാനങ്ങൾ സ്വീകരിച്ചപ്പോൾ റെയിൽവേ പുതിയ സ്പെഷ്യൽ ട്രെയിനുകളെ അവതരിപ്പിച്ച് റിസർവേഷൻ ചാർജുകളും ഫെസ്റ്റിവൽ സ്പെഷ്യൽ ഫെയർ ചാർജുകളും ഈടാക്കി കൊള്ളലാഭമാണ് ലക്ഷ്യമിടുന്നത്.
റിസർവേഷൻ ചാർജുകൾക്ക് പുറമെ IRCTC ഫീ, ഏജന്റ് ഫീ, പേയ്‌മെന്റ് ഗേറ്റ് വേ ഫീ എന്നിവയടക്കം നല്ല ഒരു തുക ഈ സ്പെഷ്യൽ ട്രെയിനുകൾക്ക് യാത്രക്കാർ നൽകേണ്ടി വരുന്നുണ്ട്. ഫെസ്റ്റിവൽ സ്പെഷ്യൽ ട്രെയിനുകൾക്ക് ഇരട്ടിയും അതിലധികവുമാണ് യാത്രക്കൂലിയെന്ന വ്യാജേന ഈടാക്കുന്നത്.
ജോലി ആവശ്യങ്ങൾക്ക് അധികചാർജ്ജ് നൽകി യാത്രചെയ്യാൻ തയ്യാറായാലും IRCTC യിലൂടെ ഒരാൾക്ക് ഒരു മാസം എടുക്കാൻ കഴിയുന്ന ടിക്കറ്റിന്റെ പരിധി വെറും ആറ് ടിക്കറ്റ് എന്നതും മറ്റൊരു പ്രതിസന്ധിയാണ്. ആധാർ കാർഡ് ലിങ്ക് ചെയ്താൽ പോലും ഒരാൾക്ക് പരമാവധി 12 ടിക്കറ്റ് മാത്രമേ IRCTC യിലൂടെ ലഭിക്കുകയുള്ളു. റെയിൽവേ പൂർണ്ണമായും സമ്പന്നർക്ക് സംവരണം ചെയ്തിരിക്കുകയാണ് എന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്.
സീസൺ ടിക്കറ്റുപയോഗിച്ചിരുന്ന സാധാരണക്കാരന് ദിവസേന റിസർവേഷൻ ടിക്കറ്റ് ഉപയോഗിച്ച് യാത്ര ചെയ്യുക അസാധ്യമായ കാര്യമാണ്. ഓഫീസ് സമയങ്ങളിൽ ട്രെയിനുകളുടെ ലഭ്യതകുറവും യാത്രാനിരക്കിലെ വർദ്ധനവും കാരണം കൊച്ചി പോലുള്ള മെട്രോ സിറ്റിയെയും മറ്റു ജില്ലാ കേന്ദ്രങ്ങളെയും ഉപജീവനത്തിനായി ആശ്രയിക്കുന്നവർക്ക് റൂം വാടകയ്ക്കായി ശമ്പളത്തിന്റെ സിംഹഭാഗം നീക്കി വെയ്ക്കേണ്ടി വരുന്നുണ്ട്.
കോഴിക്കോട് നിന്നും തിരുവനന്തപുരത്ത് നിന്നും എറണാകുളത്തേക്ക് ജോലിയ്ക്ക് വന്നുപോകാൻ അനുകൂലമായ രീതിയിലാണ് ജനശതാബ്ദി ട്രെയിനുകളുടെ സമയം ക്രമീകരിച്ചിരിക്കുന്നത്. മറ്റു ട്രെയിനുകളുടെ ആഭാവത്തിൽ ശതാബ്ദിയ്ക്ക് ടിക്കറ്റ് ലഭിക്കാൻ വളരെ പ്രയാസമാണ് ഇപ്പോൾ. മലബാർ, മാവേലി എക്സ്പ്രസ്സുകൾ ഡിസംബറിൽ ഓടിതുടങ്ങുമെങ്കിലും സ്പെഷ്യൽ ട്രെയിനായി അനുവദിച്ചിരിക്കുന്നതിനാൽ യാത്രക്കാരിലേയ്ക്ക് അതിന്റെ ഗുണം എത്തുന്നില്ല.
മംഗലാപുരം മുതൽ കണ്ണൂർ വരെയും കൊല്ലം മുതൽ തിരുവനന്തപുരം വരെയും മലബാർ എക്സ്പ്രസ്സ് സീസൺ യാത്രക്കാർക്ക് അനുകൂലമായ സമയക്രമമാണ്. റിസർവേഷൻ അധികചാർജുകൾ സാധാരണക്കാരന്റെ സാമ്പത്തിക ഭദ്രത താറുമാറാക്കുന്നതാണ്. കച്ചവടങ്ങളിലും മറ്റു സാമ്പത്തിക മേഖലയിലും കോവിഡ് മൂലം മാന്ദ്യം ബാധിച്ചിരിക്കുന്ന അവസ്ഥയിൽ ജനങ്ങൾക്ക് ആശ്വാസകരമായ തീരുമാനം കൈക്കൊള്ളേണ്ട റെയിൽവേ ജനങ്ങളെ ദ്രോഹിക്കുന്ന പദ്ധതികൾ ഉപേക്ഷിക്കണം. കോവിഡ് പ്രതിസന്ധിയെ അതിജീവിക്കാൻ ലോക്ക് ഡൗണിലും ആരോഗ്യപ്രവർത്തകർക്കും RPF അധികാരികൾക്കും റെയിൽവേ ജീവനക്കാർക്കും മാസ്കും സാനിറ്റൈസർ വിതരണവുമായി സജീവമായ പ്രവർത്തനം കാഴ്ചവെച്ച യാത്രക്കാരുടെ പ്രാഥമിക ആവശ്യങ്ങൾക്ക് പുല്ല് വിലപോലും നല്കാത്ത നിലപാടാണ് റെയിൽവേ ഇന്ന് സ്വീകരിച്ചു കൊണ്ടിരിക്കുന്നത്.
കോവിഡിന്റെ മറപിടിച്ചു സാധാരണക്കാരന്റെ പോക്കറ്റ് കൊള്ളയടിക്കുന്ന റെയിൽവേയുടെ നിലപാടിനെതിരെ കേരളത്തിലെ പ്രധാനറെയിൽവേ സ്റ്റേഷനുകളിൽ സംഘടിക്കാനൊരുങ്ങുകയാണ് യാത്രക്കാർ.
സീസൺ ടിക്കറ്റ് ഉൾപ്പെടെ മുമ്പ് റെയിൽവേ അനുവദിച്ചിരുന്ന എല്ലാ ആനുകൂല്യങ്ങളും മടക്കികൊണ്ടുവന്നാൽ മാത്രമേ ജനജീവിതം സാധാരണഗതിയിലേയ്ക്ക് മടക്കി കൊണ്ടുവരാൻ കഴിയുകയുള്ളു. റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ചു ജീവിതമാർഗ്ഗം തേടിയിരുന്ന കച്ചവടക്കാർക്കും ഓട്ടോ ടാക്സി ഡ്രൈവറുമാർക്കും പങ്ക് വെയ്ക്കാനുണ്ട് പട്ടിണിയിൽ പൊതിഞ്ഞ കഥകൾ വേറെയും.
ഇനി ആവശ്യം ദീർഘദൂര സ്പെഷ്യൽ ട്രെയിനുകളല്ല. വഞ്ചിനാട്, ഇന്റർസിറ്റി, എക്സിക്യൂട്ടീവ്, ഏറനാട്, പരശുറാം എക്സ്പ്രസ്സുകളും മെമു- പാസഞ്ചർ സർവ്വീസുകളുമാണ്.
ജോലി ആവശ്യങ്ങൾക്കായി കേരളജനത ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന ഗതാഗത മാർഗ്ഗമായ റെയിൽ മേഖലയിൽ ജനപ്രതിനിധികളുടെ ഇടപെടൽ വൈകുന്നതാണ് വീണ്ടും സ്പെഷ്യൽ ട്രെയിൻ എന്ന പേരിൽ
ജനങ്ങളെ കൊള്ളയടിക്കാനുള്ള തീരുമാനമെടുക്കാൻ റെയിൽവേയെ പ്രേരിപ്പിക്കുന്നത്. ജനപ്രതിനിധികൾ ഇനിയും കണ്ണുകൾ അടച്ചു സ്വയം ഇരട്ടാക്കിയാൽ ബാങ്ക് വായ്പ തിരിച്ചടയ്ക്കാൻ കഴിയാതെ ജീവിതം വഴിമുട്ടി നിൽക്കുന്നവരുടെ കഥകൾ നാളെ പത്രങ്ങൾക്ക് വാർത്തയാകും